Skip to main content

കുടുംബശ്രീ സ്ത്രീശക്തി കലാജാഥ പര്യടനം തുടങ്ങി

സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍  ഈ മാസം  18 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനുമെതിരെ സ്ത്രീശക്തി കലാജാഥ സംഘടിപ്പിക്കും. കലാജാഥയുടെ ജില്ലാതലപര്യടനം പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്റ്റേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫ്ളാഗ് ഓഫ് ചെയ്തു.  ആദ്യഷോ അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ അടൂര്‍  നഗരസഭ അധ്യക്ഷന്‍ ഡി.സജി ഉദ്ഘാടനം ചെയ്തു.

 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ വരുന്ന 10 ദിവസങ്ങളില്‍ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായി ദിവസവും നാലു  വേദിയിലാണ് സംഘനാടകം, സംഗീതശില്‍പം എന്നിവ അവതരിപ്പിക്കുന്നത്. സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മൂന്ന് നാടകവും രണ്ട് സംഗീത ശില്‍പ്പവും രൂപകല്‍പന ചെയ്തത്. കരിവെള്ളൂര്‍ മുരളി രചിച്ച പാടുക ജീവിതഗാഥകള്‍ എന്ന സംഗീത ശില്‍പത്തോടെയാണ് കലാവിരുന്നിന് തുടക്കം. അടുക്കളയില്‍ ചിറകറ്റ് വീഴുന്ന പെണ്‍സ്വപ്നങ്ങള്‍ വിഷയമാവുന്നു. പെണ്ണിന് പുറകെ സംശയത്തിന്റെ കണ്ണുകളുമായി പതുങ്ങിയെത്തുന്നവരെയും കാണാം. കരിവെള്ളൂര്‍ മുരളിയും റഫീഖ് മംഗലശേരിയും രചിച്ച് റഫീഖ് സംവിധാനം ചെയ്ത പെണ്‍കാലം കാണികളുടെ മനസില്‍ തീകോരിയിടും.

 

ശ്രീജ ആറങ്ങോട്ടുകര രചനയും സംവിധാവും നിര്‍വഹിച്ച സദസില്‍ നിന്ന് അരങ്ങത്തേക്ക് കലാപരിപാടിക്ക് കാത്തിരിക്കുന്ന ജനക്കൂട്ടമായാണ് രംഗാവതരണം. ആണ്‍ പെണ്‍സമത്വവും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഇവിടെ പ്രഖ്യാപിക്കുന്നുണ്ട്. ശ്രീജ ആറങ്ങോട്ടുകര രചിച്ച് സുധി ദേവയാനി സംവിധാനം ചെയ്ത അത് ഞാന്‍തന്നെയാണ് എന്ന നാടകത്തില്‍ മൂന്നു മൃതദേഹങ്ങളിലൂടെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുകയാണ്. ദുരഭിമാനത്താല്‍ വീട്ടുകാരാല്‍ കൊല്ലപ്പെട്ടവള്‍, ക്രൂര പീഡനത്തിന്റെ ഇര, കൂട്ട ബലാല്‍സംഗത്തിന് ഇരയായവള്‍ എന്നിങ്ങനെ ഇരകള്‍ നീളുന്നു. പെണ്‍വിമോചന കനവുത്സവത്തോടെയാണ് കലാവിരുന്നിന്റെ സമാപനം. ജില്ലയില്‍ 40 വേദിയിലായാണ് കലാജാഥ സംഘടിപ്പിക്കുന്നത്.
 

date