Skip to main content

കുളനട ക്ഷീരവികസന യൂണിറ്റിന്റെ ക്ഷീരസംഗമം മന്ത്രി വീണാ ജോര്‍ജ് നാളെ (മാര്‍ച്ച് 19) ഉദ്ഘാടനം ചെയ്യും

കുളനട ക്ഷീരവികസന യൂണിറ്റിന്റെ 2021-22 വര്‍ഷത്തെ ബ്ലോക്ക് ക്ഷീരസംഗമം കോട്ട ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ( മാര്‍ച്ച് 19 ശനി) നടക്കും. കോട്ട എസ്.എന്‍.ഡി.പി മന്ദിരം ഹാളില്‍ രാവിലെ 11ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷതവഹിക്കും.ക്ഷീരസംഗമത്തിന്റെ ഭാഗമായി എക്‌സിബിഷന്‍, ക്ഷീരവികസന സെമിനാര്‍, പൊതുസമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് റിവോള്‍വിംഗ് ഫണ്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിക്കും.

 

ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തെ ആദരിക്കല്‍ പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു നിര്‍വഹിക്കും. ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനെ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി റ്റോജി, ബ്ലോക്കിലെ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന വനിതാ കര്‍ഷകയെ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ബ്ലോക്കിലെ എസ്‌സി കര്‍ഷകനെ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രന്‍, ഏറ്റവും നല്ല പുല്‍കൃഷിതോട്ടം ഉടമയെ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് എന്നിവര്‍ ആദരിക്കും. ക്ഷീരവികസന സെമിനാറില്‍ ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര മോഡറേറ്ററായിരിക്കും. പറക്കോട് ക്ഷീരവികസന ഓഫീസര്‍ കെ. പ്രദീപ് കുമാര്‍ വിഷയ അവതരണം നടത്തും.

date