കണ്ണൂര്‍ അറിയിപ്പുകള്‍ 15-03-2022
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
എൽ എ സ്പെഷ്യൽ തഹസിൽദാറുടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. താൽപര്യമുള്ളവർ സ്പെഷ്യൽ തഹസിൽദാർ (എൽ എ), സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് കണ്ണൂർ, ഒറ്റതെങ്ങ്, അലവിൽ പി ഒ എന്ന വിലാസത്തിൽ മാർച്ച് 23നകം അപേക്ഷ സമർപ്പിക്കണം. രണ്ട് മാസത്തേക്കാണ് നിയമനം. ദിവസ വേതനം 755 രൂപ.
ഭരണാനുമതി ലഭിച്ചു
ഇരിക്കൂർ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം വിനിയോഗിച്ച് ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാണിയക്കാട്ടുപടി ചെറുവല്ലരി പൊന്നാമറ്റംപടി റോഡ്, ഉദയഗിരി തുമരക്കാട് റോഡ് ടാറിങ് പ്രവൃത്തികൾക്കും അഞ്ച് ലക്ഷം രൂപ വീതം വിനിയോഗിച്ച് ആലക്കോട് ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം ഭൂദാനം റോഡ്, ഒറ്റത്തെ-പെരുമുണ്ട ആനക്കുഴി കോളനി റോഡ് ടാറിങ് പ്രവൃത്തികൾക്കും 10 ലക്ഷം രൂപ വീതം വിനിയോഗിച്ച് ആലക്കോട് ഗ്രാമപഞ്ചായത്തിലെ ആനത്താം വളപ്പ് വെള്ളരിങ്ങോട് ചെറുപാറ റോഡ് ടാറിങ് പ്രവൃത്തികൾക്കും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
വൈദ്യുതി മുടങ്ങും
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഗാന്ധി പാർക്ക്, സബ ഹോസ്പിറ്റൽ, ഗേൾസ് സ്‌ക്കൂൾ പരിസരം, പ്രിയദർശിനി ഹോസ്പിറ്റൽ, സിറ്റി മാൾ (എസ്ബിഐ ബിൽഡിങ്ങ്) എന്നീ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 16 ബുധൻ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് വലിയ പള്ളി, ഊരടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 16 ബുധൻ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും പെരുന്തട്ട സൗത്ത് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ മൂന്നുനിരത്തു മുതൽ അഴീക്കൽ വരെ മാർച്ച് 16 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചൂളിയാട്, ബാലങ്കരി എന്നീ ഭാഗങ്ങളിൽ മാർച്ച് 16 ബുധൻ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയ പട്ടയ അപേക്ഷകൾ തീർപ്പാക്കാൻ അവസരം
സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേളയോടനുബന്ധിച്ച് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലിൽ നിലവിലുള്ള പഴയ പട്ടയ അപേക്ഷകളിൽ അപേക്ഷകർക്ക് നേരിട്ട് രേഖകൾ ഹാജരാക്കി പ്രത്യേക വിചാരണയിലൂടെ തീർപ്പ് നേടുവാൻ അവസരം.
മുഴുവൻ രേഖകളും അപേക്ഷകർ നേരിട്ട് ഹാജരാക്കിയാൽ പഴയ അപേക്ഷ തീയതി മുതലുള്ള പരിഗണന നൽകി പട്ടയ കേസുകൾ തീർപ്പാക്കും. പൊതുജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണൽ തഹസിൽദാർ അറിയിച്ചു.
പട്ടയകേസ് മാറ്റി
മാർച്ച് 17ന് കലക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ മാറ്റിയതായി ആർ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പുനർലേലം
കെഎപി നാലാം ബറ്റാലിയന്റെ മാങ്ങാട്ടുപറമ്പ് ക്യാമ്പിൽ സൂക്ഷിച്ച ഉപയോഗശൂന്യമായ സാധന സാമഗ്രികൾ www.mstcecommerce.com മുഖേന മാർച്ച് 24ന് രാവിലെ 11 മണി മുതൽ 3.30 വരെ ഓൺലൈനായി പുനർലേലം ചെയ്യും. താൽപര്യമുള്ളവർക്ക് എംഎസ്ടിസി ലിമിറ്റഡിന്റെ നിബന്ധനകൾക്കു വിധേയമായി പേര് രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2781316.
വാഹനം ആവശ്യമുണ്ട്
മട്ടന്നൂർ ജില്ലാ ട്രഷറിയുടെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബൊലേറൊ പവർ പ്ലസ് സെഡ്എൽഎക്സ് 2 ഡബ്ല്യുഡി 7 എസ്ടിആർ പിഎസ്ബിഎസ്6 വാഹനം വാടകക്ക് ആവശ്യമുണ്ട്. മാർച്ച് 30ന് വൈകിട്ട് നാല് മണിക്കകം ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 8281425655.
സ്ത്രീ ശക്തി കലാജാഥക്ക് സ്വീകരണം നൽകി
ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകൾ ചേർന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ സ്ത്രീ ശക്തി കലാജാഥക്ക് ചക്കരക്കല്ലിൽ സ്വീകരണം നൽകി. ടാക്സി സ്റ്റാന്റിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട് ഉദഘാടനം ചെയ്തു.
സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ജാഥയിൽ ജില്ലയിലെ വിവിധ കുടുംബശ്രീകളിൽ നിന്ന് തിരഞ്ഞെടുത്ത 11 കലാകാരികളാണ് പങ്കെടുക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, സ്ത്രീധന പീഡനം തുടങ്ങിയ വിഷയങ്ങളിൽ ലഘു നാടകം, സംഗീത ശിൽപ്പം തുടങ്ങിയവയാണ് ജാഥയുടെ ഭാഗമായി നടക്കുന്നത്.
ചടങ്ങിൽ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ അധ്യക്ഷനായി. അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ ജാഥാംഗങ്ങൾക്ക് ഉപഹാരം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം സുർജിത്ത്, ചെമ്പിലോട് പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ എം പി ഷീജ, അഞ്ചരക്കണ്ടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ എൻ ഉഷ എന്നിവർ പങ്കെടുത്തു. മാർച്ച് എട്ടിന് കരിവെള്ളൂരിൽ നിന്നും ആരംഭിച്ച ജാഥ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പര്യടനത്തിന് ശേഷം മാർച്ച് 21ന് മട്ടന്നൂരിൽ സമാപിക്കും.
മീഡിയ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഹരിത കേരളം മിഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ രണ്ട് മാസത്തെ നോൺ സ്റ്റൈപ്പെന്ററി ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ചുമതലയാണ് ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകും. വിജയകരമായി ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് ജില്ലാ കലക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കും. പ്രായ പരിധിയില്ല. ഇന്റേൺഷിപ്പ് കാലയളവിൽ സ്റ്റൈപ്പന്റോ യാത്രാബത്തയോ ലഭിക്കില്ല. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 23. വിലാസം: ജില്ലാ കോ ഓർഡിനേറ്റർ, ഹരിത കേരളം മിഷൻ, അഞ്ചാം നില, ജില്ലാ ആസൂത്രണ സമിതി കെട്ടിടം, സിവിൽ സ്റ്റേഷൻ, കണ്ണൂർ. ഫോൺ : 8129218246.
ആർ ടി എ യോഗം മാറ്റി
മാർച്ച് 23ന് നടത്താനിരുന്ന ആർ ടി എ ഓൺലൈൻ യോഗം മാർച്ച് 25ന് ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിയതായി റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക 31നകം അടക്കണം
മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയിരുന്നു. അംശദായം കുടിശ്ശിക വരുത്തിയ മുഴുവൻ തൊഴിലാളികളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2705197.
- Log in to post comments