ചങ്ങാതി-സര്‍വേ നാളെ (ഏപ്രില്‍ 3)
അതിഥി തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിനായി ജില്ലാ സാക്ഷരതാ മിഷനും റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തും ചേര്‍ന്നു നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി നാളെ സാക്ഷരതാ സര്‍വേ നടക്കും. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്തുന്നതിനാണ് സര്‍വേ. ഇതര സംസ്ഥാന തൊഴിലാളികളുടെ അടിസ്ഥാന വിവരങ്ങള്‍, മാതൃഭാഷയിലും മലയാള ഭാഷയിലുമുള്ള അടിസ്ഥാന സാക്ഷരത, വിദ്യാഭ്യാസ യോഗ്യത, സാക്ഷരതാ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത തുടങ്ങിയ വിവരങ്ങളാണ് സര്‍വേയിലൂടെ ശേഖരിക്കുന്നത്.
പരിശീലനം നേടിയ വോളണ്ടിയര്‍മാരാണ് സര്‍വേ നടത്തുന്നത്. റാന്നി എം എസ് എച്ച്എസ്എസിലെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍, കായംകുളം എംഎസ്എം കോളജിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികള്‍, സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സര്‍വേ വോളണ്ടിയര്‍മാര്‍.
നാളെ രാവിലെ 10ന് റാന്നി അങ്ങാടി ബംഗ്ലാം കടവ് ഉപാസനാ തിയേറ്റര്‍ അങ്കണത്തില്‍ ആരംഭിക്കുന്ന സര്‍വേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റജി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments