Skip to main content

തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് തുടക്കമായി

പത്തനംതിട്ട നഗരത്തിലെ ജല നിര്‍ഗമന മാര്‍ഗങ്ങളിലെ തടസങ്ങള്‍ നീക്കം ചെയ്ത് ശുദ്ധീകരിക്കുന്ന പദ്ധതി രണ്ടാം വാര്‍ഡിലെ അഞ്ചക്കാലയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസാണ് അച്ചന്‍കോവിലാര്‍. നഗരസഭാ പ്രദേശത്തെ അച്ചന്‍കോവിലാറിന്റെ ഭാഗങ്ങളും ആറ്റിലേക്ക് എത്തിച്ചേരുന്ന തോടുകളും ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കൗണ്‍സില്‍ രൂപം നല്‍കിയിട്ടുള്ളത്.

 

നഗരസഭയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കി മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളും തൊഴിലുറപ്പ് തൊഴിലാളികളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ട നഗരസഭയിലൂടെ കടന്നുപോകുന്ന അച്ചന്‍കോവിലാറിന്റെ തീരപ്രദേശങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മണ്ണും നീക്കം ചെയ്യുന്നതിനോടൊപ്പം മുനിസിപ്പാലിറ്റിയിലെ വിവിധ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പ്രധാന തോടുകളായ കോറ്റന്‍തോട്, കണ്ണങ്കര തോട്, കുമ്പഴ തോട്, ഞവര തോട് എന്നിവ ഉള്‍പ്പെടെ ഏകദേശം പത്തു കിലോമീറ്ററിലധികം ദൂരം മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.

 

വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. അനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാമണിയമ്മ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഷെമീര്‍, പ്രതിപക്ഷനേതാവ് കെ. ജാസിംകുട്ടി, കൗണ്‍സില്‍ അംഗങ്ങളായ  റോസ്‌ലിന്‍ സന്തോഷ്, അഡ്വ. റോഷന്‍ നായര്‍, ശോഭാ കെ മാത്യു, സിപിഐഎം സൗത്ത് എല്‍സി സെക്രട്ടറി എം.ജെ. രവി,  ബ്രാഞ്ച് സെക്രട്ടറിമാരായ പി.കെ ജയപ്രകാശ്, അജി മാത്യു,  സിഡിഎസ് മിനി ഫിലിപ്പ്, എഡിഎസ് ചെയര്‍പേഴ്സണ്‍ ജോളി ആന്റണി, വൈ.എംസി.എ പ്രസിഡന്റ് ജോര്‍ജ് കുട്ടി ആശാപ്രവര്‍ത്തക രാജേശ്വരി, റോയി ജോണ്‍, സജിത നാസര്‍ എന്നിവര്‍ സംസാരിച്ചു.

date