കാലികപ്രസക്തമായ 13 സെമിനാറുകള്‍
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി കാലിക പ്രസക്തമായ 13 സെമിനാറുകള്‍ സംഘടിപ്പിക്കും. നാളെ ഒരു സെമിനാറും നാളെ മുതല്‍ 17 വരെ ദിവസേന രണ്ടുവീതം സെമിനാറുകളുമാണ് പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിലെ പ്രദര്‍ശന നഗരിയില്‍ അരങ്ങേറുക. നാളെ രാവിലെ 11.30ന് പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 'സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും' സെമിനാര്‍ നടക്കും. മേയ് 12ന് രാവിലെ 10ന് 'തൊട്ടറിയാം പിഡബ്ല്യുഡി: ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ്' സെമിനാര്‍ പൊതുമരാമത്ത് വകുപ്പും 11.30ന് 'വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവും' സെമിനാര്‍ വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിക്കും.
മേയ് 13ന് രാവിലെ 10ന് മൃഗസംരക്ഷണവകുപ്പ് സംഘടിപ്പിക്കുന്ന 'ജന്തുജന്യരോഗങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍' സെമിനാറും 11.30ന് കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' സെമിനാറും നടക്കും. 'കാലാവസ്ഥാ മാറ്റവും വെല്ലുവിളികളും' എന്ന വിഷയമാണ് മേയ് 14ന് രാവിലെ 10ന് നടക്കുന്നത്. റവന്യു വകുപ്പാണ് സംഘാടകര്‍. അന്ന് 11.30ന് ആരോഗ്യവകുപ്പ് അലോപ്പതി വിഭാഗം സംഘടിപ്പിക്കുന്ന 'എലിപ്പനി പ്രതിരോധവും നിയന്ത്രണവും' സെമിനാറും നടക്കും. മേയ് 15ന് രാവിലെ 10ന് 'തൊഴില്‍ നിയമങ്ങള്‍' സെമിനാര്‍ തൊഴില്‍ വകുപ്പിന്റെയും 11.30 ന് 'ലിംഗനീതിയും വികസനവും' സെമിനാര്‍ വനിത ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടക്കും.
മേയ് 16ന് രാവിലെ 10ന് ജീവിത ശൈലി രോഗങ്ങളും ആയുര്‍വേദവും സെമിനാറില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ബാധിക്കുന്ന ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കും. ആരോഗ്യവകുപ്പ് ഐഎസ്എം വിഭാഗമാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് 11.30ന് 'വയോജനക്ഷേമവും സംരക്ഷണവും നിയമം 2007' സെമിനാര്‍ സാമൂഹികനീതി വകുപ്പിന്റെ നേൃത്വത്തിലും നടക്കും. മേയ് 17ന് രാവിലെ 10ന് 'ശാസ്ത്രീയ മത്സ്യകൃഷിയും നൂതനസാങ്കേതികവിദ്യകളും' സെമിനാര്‍ ഫിഷറീസ് വകുപ്പും 11.30ന് 'അതിക്രമനിവാരണ നിയമവും എസ്‌സി വികസന വകുപ്പിന്റെ ക്ഷേമ പദ്ധതികളും' സെമിനാര്‍ പട്ടികജാതി വികസന വകുപ്പും നടത്തും.
- Log in to post comments