Skip to main content

5 ദിവസം; ഇതുവരെ നടന്നത് 26 ലക്ഷത്തിലധികം രൂപയുടെ ക്രയവിക്രയം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അഞ്ച് ദിവസം പിന്നിട്ടപ്പോള്‍തന്നെ വിറ്റുവരവ് 26 ലക്ഷം കടന്നു. കൃത്യമായി പറഞ്ഞാല്‍ 26,20,581 രൂപ. 5,000ത്തോളം പേര്‍ ഇവിടെനിന്നും വിവിധ സേവനങ്ങള്‍ നേടുകയും ചെയ്തു. എന്റെ കേരളം പ്രദര്‍ശന വിപണന മേള ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവായി മാറുകയാണ് ഈ കണക്കുകള്‍.

 

കുടുംബശ്രീക്ക് മാത്രം ഇതിനകം 12 ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് ലഭിച്ചുകഴിഞ്ഞു. ഇതില്‍ 6,74,510 രൂപ ഭക്ഷണ സ്റ്റാളുകളില്‍നിന്നും മാത്രം ലഭിച്ചതാണ്. മേള അവസാനിക്കാന്‍ രണ്ടുദിവസംകൂടി അവശേഷിക്കുന്നതിനാല്‍ അവസാന കണക്ക് 10 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് യൂണിറ്റുകളാണ് ഫുഡ്‌കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയുടെ വാണിജ്യ സ്റ്റാളുകളിലും വിറ്റുവരവ് അഞ്ച് ലക്ഷം രൂപ കടന്നു. 15 വരെ 5,21,977 രൂപയുടെ കച്ചവടമാണ് ഈ സ്റ്റാളുകളില്‍ നടന്നത്. ആകെ 15 സ്റ്റാളുകളാണ് കുടുംബശ്രീക്കുള്ളത്. അതില്‍ 55 സംരംഭകരെ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശന വസ്തുക്കള്‍ നിരത്തിയിട്ടുള്ളത്.

 

മില്‍മ്മയ്ക്ക് 1,70,000 രൂപയുടെ വിറ്റുവരവാണ് ഈ ദിവസങ്ങളില്‍ ലഭിച്ചത്. ഹാന്‍ടെക്‌സിന് 20,000 രൂപയും കൂത്താമ്പുള്ളിക്ക് രണ്ട് ലക്ഷം രൂപയുടേയും വിറ്റുവരവുണ്ട്. ദിനേശ് 95,000 രൂപയുടേയും കയര്‍ഫെഡിന് 15,000 രൂപയുടേയും വിലപ്പന ലഭിച്ചു. എംഎസ്എംഇകളില്‍ 15 ലക്ഷത്തില്‍പരം രൂപയുടെ വിറ്റുവരവാണ് ആദ്യ അഞ്ച് ദിവസത്തിനിടയില്‍ ലഭിച്ചത്. മറ്റ് സ്റ്റാളുകളിലും മികച്ച വില്‍പ്പന നടക്കുന്നുണ്ട്. തുണിത്തരങ്ങള്‍ക്കും കരകൗശല വസ്തുക്കള്‍ക്കുമെന്നപോലെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് ബദല്‍ ഉത്പ്പന്നങ്ങള്‍, കൃഷി, അടുക്കള സാമഗ്രികള്‍, ഉപകരണങ്ങള്‍, സോപ്പുകള്‍, അരി, ഭക്ഷ്യധാന്യപ്പൊടികള്‍, എന്നിവയ്ക്കും ആവശ്യക്കാരേറെ.

 

ഐടി മിഷന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുള്ള അക്ഷയ കേന്ദ്രത്തിലാണ് സേവനങ്ങള്‍ക്ക് ഏറെയും ആള്‍ക്കാര്‍ എത്തുന്നത്. ആധാര്‍, റേഷന്‍കാര്‍ഡ് സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നു. സൗജന്യ വൈഫൈ കണക്ഷനുള്ള സേവനത്തിനും ആള്‍ക്കാര്‍ വരുന്നുണ്ട്. സൗജന്യമായി യുഎച്ച്‌ഐഡി കാര്‍ഡ് നേടിയെടുക്കാനും തിരക്കുണ്ട്. സൗജന്യ സിംകാര്‍ഡുമായി ബിഎസ്എന്‍എല്ലും സേവനത്തില്‍ മുന്നില്‍തന്നയുണ്ട്.മൃഗസംരക്ഷണം, ഫിഷറീസ്, ഐ ടി മിഷന്‍, മോട്ടോര്‍വെഹിക്കിള്‍, രജിസ്ട്രേഷന്‍, നാഷണല്‍ എംപ്ലോയിമെന്റ് സര്‍വീസ്, കേരള വൈദ്യുതി ബോര്‍ഡ്, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ്, നഗരസഭ, വനിതാശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍, പട്ടിക വര്‍ഗ സര്‍വീസ് സഹകരണ സംഘം, സപ്ലൈകോ, വനിതാ വികസനകോര്‍പ്പറേഷന്‍ എന്നീ വകുപ്പുകളുടെ സ്റ്റാളുകളിലും വിവിധ സേവനങ്ങള്‍ ലഭ്യമാണ്.

date