കല്യാശ്ശേരി മണ്ഡലത്തിൽ പോൾ മൗണ്ടഡ് ചാർജിംഗ് സെൻററുകൾ ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനായി കല്യാശ്ശേരി മണ്ഡലത്തിലെ ആറ് കേന്ദ്രങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സെൻററുകളുടെ മണ്ഡലംതല ഉദ്ഘാടനം എരിപുരം പോസ്റ്റ് ഓഫീസിന് സമീപം എം വിജിൻ എം എൽ എ നിർവഹിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
എരിപുരം പോസ്റ്റ് ഓഫീസിന് സമീപം, പിരക്കാംതടം കെ എസ് ടി പി റോഡ് ജങ്ഷൻ, പരിയാരം പോലീസ് സ്റ്റേഷന് സമീപം, മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം, ചെറുകുന്ന് കെ എസ് ഇ ബി ഓഫീസിന് സമീപം, പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലാണ് പോൾ മൗണ്ടഡ് ചാർജിംഗ് സെൻറുകൾ സ്ഥാപിച്ചിരിക്കുന്നത്.
പഴയങ്ങാടി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പ്രകാശൻ ഏ വി റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയീദ് കായിക്കാരൻ, ജസീർ അഹമ്മദ് എന്നിവർ സംസാരിച്ചു. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഹരീഷൻ മൊട്ടമ്മൽ സ്വാഗതവും പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ അസി. എഞ്ചിനീയർ രാജീവൻ വി വി നന്ദിയും പറഞ്ഞു.
- Log in to post comments