ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാലകളുടെ സംസ്ഥാനതല ശിലാസ്ഥാപനം പുല്ലുപാറയില്‍ നടത്തി
എല്ലാ താലൂക്കുകളിലും ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കും: മന്ത്രി ജി ആര്‍ അനില്‍
കേരളത്തിലെ എല്ലാ താലൂക്കുകളിലും ഘട്ടം ഘട്ടമായി ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സ്ഥാപിക്കുന്ന ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാലകളുടെ സംസ്ഥാനതല ശിലാസ്ഥാപനം പയ്യന്നൂര്‍ താലൂക്കിലെ പുല്ലുപാറയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയ സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ സംഭരണശാലകള്‍ നിര്‍മ്മിക്കാന്‍ കഴിയാതെ വന്നു. സ്വകാര്യ മേഖലയില്‍ പഴയ തിയറ്ററുകളോ കല്യാണ മണ്ഡപങ്ങളോ ആണ് ഭക്ഷ്യധാന്യ സംഭരണശാലകളാക്കി മാറ്റിയത്. ഇതു മൂലം ഉത്പന്നങ്ങള്‍ കേടാവുന്നതിന് പുറമെ ഒരു വര്‍ഷക്കാലം 49 കോടി രൂപ വാടകയിനത്തില്‍ നല്‍കേണ്ടിയും വരുന്നു. തുടര്‍ന്നാണ് ഓരോ താലൂക്കിലും ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന ബജറ്റില്‍ പതിനാറര കോടി രൂപ ഇതിന് മാറ്റി വെച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ താലൂക്കിനും ഈ തുക മതിയാവില്ല. കേന്ദ്ര കൃഷി, ഭക്ഷ്യ വകുപ്പുകള്‍ 20 ഭക്ഷ്യധാന്യ സംഭരണശാലകള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നബാര്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ആലോചിച്ച് ഭക്ഷ്യധാന്യ സംഭരണശാലകള്‍ നിര്‍മ്മിക്കും.താലൂക്ക് തല ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാലകളില്‍ ആദ്യത്തേതാണ് പുല്ലുപാറയില്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആറ് വശങ്ങളില്‍ നിന്നും ലോഡുകള്‍ കയറ്റാനും ഇറക്കാനും കഴിയുന്ന വിധം ഹെക്‌സഗണ്‍ ആകൃതിയിലാണ് സംഭരണശാലകള്‍ നിര്‍മ്മിക്കുക.
ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കാന്‍ 50 സെന്റ് സ്ഥലം വിട്ടുനല്‍കിയ പുല്ലുപാറ പൊതുജന വായനശാല ഭാരവാഹികളെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. ഡി സജിത് ബാബു, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വല്‍സല, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി തമ്പാന്‍ മാസ്റ്റര്‍, എം രാഘവന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. കെ പി രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആര്‍ ചന്ദ്രകാന്ത്, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി കെ രാജന്‍, പുല്ലുപാറ പൊതുജന വായനശാല പ്രസിഡന്റ് കെ അശോകന്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ റേഷനിംഗ് കെ മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത്കുമാര്‍, വിവിധ രാഷ്ട്രീകക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു
- Log in to post comments