കണ്ണൂര് അറിയിപ്പുകള് 20-05-2022
സംസ്ഥാന ചൂണ്ടയിടൽ ചാമ്പ്യൻഷിപ്പ് മെയ് 24ന്
സംസ്ഥാനത്തെ മികച്ച ചൂണ്ടക്കാരനെ കണ്ടെത്താന മത്സരവുമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ടൂറിസം കലണ്ടറിന്റെ ഭാഗമായാണ് സംസ്ഥാന ചൂണ്ടയിടൽ ചാമ്പ്യഷിപ്പ് 2022 സംഘടിപ്പിക്കുന്നത്. മെയ് 22 ഞായറാഴ്ച ഏഴോം പുഴയിൽ രാവിലെ 10 മണി മുതൽ വൈകീട്ട് നാല് വരെയാണ് ചൂണ്ടയിടൽ മത്സരം. മത്സരത്തിൽ ചാമ്പ്യനാകുന്നയാൾക്ക് 50,000 രൂപയും രണ്ടാമതെത്തുന്നവർക്ക് 25,000 രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://dtpckannur.com/angling വെബ്സൈറ്റിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യുക. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി ഓരോ മാസവും വ്യത്യസ്ത പരിപാടികളാണ് ഡിടിപിസി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസം പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ 11 കിലോ മീറ്റർ നീളുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് ദേശീയ ശ്രദ്ധ ആകർഷിച്ചു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
കേരള, കർണാടക തീരങ്ങളിൽ മെയ് 21 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്പെഷൽ റിക്രൂട്ട്മെൻറ്: 25 വരെ അപേക്ഷിക്കാം
വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള പട്ടികവർഗ സ്പെഷൽ റിക്രൂട്ട്മെൻറിന് അപേക്ഷിക്കാനുള്ള തീയതി മെയ് 25 വരെ നീട്ടി. വനാശ്രിതരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സിയോ തത്തുല്യ പരീക്ഷയോ പാസായവർക്കും എസ് എസ് എൽ സി പൂർത്തിയാക്കിയ/തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി അപേക്ഷ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25. യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം.
ഉദ്യോഗാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളും സഹിതം തൊട്ടടുത്ത ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിലോ പിഎസ്സി കണ്ണൂർ ജില്ലാ ആഫീസിലെ പ്രത്യേക ഹെൽപ് ഡെസ്കിലോ സിവിൽ സ്റ്റേഷനിലെ ഐടിഡിപി ഓഫീസിലോ മെയ് 25നകം ഹാജരായി പ്രൊഫൈൽ അപ്ലോഡ് ചെയ്യാൻ സൗകര്യമുണ്ട്.
മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ
ജില്ലയിൽ മഴശക്തി പ്രാപിച്ചതോടെ മഴക്കാലരോഗങ്ങളും, ഉരുൾപൊട്ടൽ, വെളളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളും ഉണ്ടാവാൻ സാധ്യതയുളളതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
ജലദോഷപ്പനി അഥവാ വൈറൽ പനി: ജലദോഷപ്പനിയുളളവർ വീട്ടിൽ വിശ്രമിക്കുകയും ആവശ്യത്തിന് വെളളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ എളുപ്പം ദഹിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയും വേണം. ആവശ്യമെങ്കിൽ തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.
എലിപ്പനി
ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതും മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ആയതിനാൽ തൊഴിലുറപ്പു പദ്ധതിയിലും മറ്റും ജോലി ചെയ്യുന്നവരും മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും ആവശ്യമായ പ്രതിരോധ ചികിത്സ സ്വീകരിക്കണം.
ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ 100 മി.ഗ്രാം രണ്ട് ഗുളികകൾ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ആറ്-എട്ട് ആഴ്ചവരെ ആഴ്ചയിലൊരിക്കൽ വീതം തുടർച്ചയായി ഗുളികകൾ കഴിക്കാവുന്നതാണ്. ഈ ജോലിതുടരുന്നുണ്ടെങ്കിൽ ചെറിയ ഒരു ഇടവേളക്ക്ശേഷം (രണ്ട് ആഴ്ചയ്ക്ക് ശേഷം) വീണ്ടും ഗുളികകൾ കഴിക്കേണ്ടതാണ്.
ലക്ഷണങ്ങളും രോഗ പകർച്ചയും:
ക്ഷീണത്തോടെയുളള പനി, തലവേദന, പേശീവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്ര കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവും കണ്ടേക്കാം. എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്.
മൂത്രം വഴി മണ്ണിലും വെളളത്തിലും എത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗം ഉണ്ടാവുന്നത്. വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെളളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവർക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതകളേറെയാണ്.
ഡെങ്കിപ്പനി
മഴക്കാലമായതോടെ ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്്.
പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകൾക്ക് പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാം പനി പോലെ നെഞ്ചിലും മുഖങ്ങളിലും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈ കൊതുകുകളുടെ പ്രജനനം തടയാൻ നാം ശ്രദ്ധിക്കണം.
ഈഡിസ് കൊതുകകൾ സാധാരണ മുട്ടയിട്ട് വളരുന്ന ചിരട്ട, ടയർ, കുപ്പി, ഉരകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങൾ, വെളളം കെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്ക്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ / ചെടികൾ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെളളം ഊറ്റിക്കളയുക.
ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമെന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ, കൊതുക് വലയോ അല്ലെങ്കിൽ സാധാരണ തുണിയോ മറ്റോ ഉപയോഗിക്കാം. ഇവയിലെ വെളളം ആഴ്ചയിലൊരിക്കൽ ചോർത്തിക്കളഞ്ഞ് ഉൾവശം ഉരച്ചുകഴുകി ഉണക്കിയശേഷം വീണ്ടും നിറയ്ക്കുക. മരപ്പൊത്തുകൾ മണ്ണിട്ടുമൂടുക. വാഴപ്പോളകളിലും പൈനാപ്പിൾ ചെടിയുടെ പോളകളിലും വെളളംകെട്ടി കിടക്കാൻ അനുവദിക്കരുത്. റബ്ബർ തോട്ടങ്ങളിൽ റബ്ബർ പാൽ ശേഖരിക്കുവാൻ വെച്ച ചിരട്ട / കപ്പ് എന്നിവ കമിഴ്ത്തി വെക്കുക. അടയ്ക്ക തോട്ടങ്ങളിലെ പാള വെളളം കെട്ടി നിൽക്കാതെ മുറിച്ച് കളയുകയോ കത്തിക്കുകയോ ചെയ്യുക.
ടയർ ഡിപ്പോയിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകൾ വെളളം വീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക. ഉപയോഗശൂന്യമായ ടയറുകളിൽ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെളളം കെട്ടി നിൽക്കാതെ നോക്കുക.
ടാർപോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ, ടെറസ്, സൺഷേഡ് എന്നിവിടങ്ങളിൽ വെളളംകെട്ടി നിൽക്കൻ അനുവദിക്കരുത്.
വീടിന്റെ പരിസരത്തും, പുരയിടങ്ങളിലും കാണുന്ന കുഴികൾ മണ്ണിട്ടു മൂടുക. അല്ലെങ്കിൽ ചാൽ കീറി വെളളം വറ്റിച്ച് കളയുക.
വീടിന് ചുറ്റും കാണുന്ന പാഴ്ചെടികൾ, ചപ്പ് ചവറുകൾ എന്നിവ നീക്കം ചെയ്യുക. കിണറുകൾ, കുളങ്ങൾ, ടാങ്കുകൾ, ഫൗണ്ടനുകൾ, താൽക്കാലിക ജലാശയങ്ങൾ മുതലായവയിൽ കൂത്താടി ഭോജി മൽസ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗാംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക. കൊതുകിനെ അകറ്റുവാൻ കഴിവുളളലേപനങ്ങൾ ദേഹത്തു പുരട്ടുക.
ജലജന്യരോഗങ്ങൾ
മഴക്കാലത്ത് കുടിവെളളം മലിനമാകാൻ സാധ്യതയുളളതിനാൽ ജലജന്യ രോഗങ്ങൾ ക്കുളള സാഹചര്യം ഏറെയാണ്. അതിനാൽ ജലജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിവയ്ക്ക് എതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാവൂ. കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കരുത്. ആഹാര പദാർത്ഥങ്ങൾ മൂടിവെച്ച് സൂക്ഷിക്കണം.
കിണറിൽ വെളളം രണ്ടാഴ്ചയിലൊരിക്കലെങ്കിലും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തണം.
ഈച്ച ശല്യം ഒഴിവാക്കുന്നതിന് ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം.
ഹോട്ടൽ, ബേക്കറി തൊഴിലാളികളുടെ ശുചിത്വ നിലവാരം ഉറപ്പുവരുത്തണം.
പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ആഹാരം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ വൃത്തിയായി കഴുകുക. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആഹാര ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം. മലമൂത്ര വിസർജ്ജനം കക്കൂസുകളിൽ മാത്രം നിർവഹിക്കുക. മലവിസർജനത്തിന് ശേഷം കൈകൾ സോപ്പിട്ട് കഴുകുക.
സാധാരണ വയറിളക്ക രോഗങ്ങൾക്ക് വീട്ടിൽ തന്നെ ഗൃഹപാനീയങ്ങളായ ഉപ്പിട്ട കഞ്ഞി വെളളം, കരിക്കിൻ വെളളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെളളം, ഉപ്പിട്ട മോരിൻ വെളളം, ഒ ആർ എസ് ലായനി ഇവയിലേതെങ്കിലും ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്.
താലൂക്ക് വികസന സമിതി യോഗം 24ന്
മെയ് 21 ശനി താലൂക്ക് ഓഫീസിൽ നടത്താനിരുന്ന കണ്ണൂർ താലൂക്ക് വികസന സമിതി യോഗം മെയ് 24ന് രാവിലെ 11 മണിയിലേക്ക് മാറ്റി.
അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ തളാപ്പ് നോളജ് സെന്ററിൽ വിവിധ അക്കൗണ്ടിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ആറു മാസത്തെ ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, ഏഴ് മാസത്തെ പൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, ഏട്ടുമാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്. യോഗ്യത: എസ്എസ്എൽസി/ പ്ലസ് ടു/ ഡിഗ്രി/ പിജി. ഫോൺ 9072592458, 0460 2205474.
ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി
കണ്ണൂർ റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുടെ കീഴിൽ ജൂൺ 10ന് രാവിലെ 10 മുതൽ 11 മണി വരെ 'നിധി താങ്കൾക്കരികെ' ഓൺലൈൻ പരാതിപരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിലേയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇപി എഫ് അംഗങ്ങൾക്കും ഇപിഎഫ് പെൻഷണർമാർക്കും അടുത്തു തന്നെ പെൻഷൻ ആകുന്ന അംഗങ്ങൾക്കും, തൊഴിലാളി സംഘടനാ പ്രതിനിധികൾ, സ്ഥാപന ഉടമകൾ/പ്രതിനിധികൾ എന്നിവർക്കും പങ്കെടുക്കാം. അന്നേ ദിവസം തന്നെ പരാതികൾ കഴിവതും തീർപ്പാക്കാനായി പി എഫ് അക്കൗണ്ട് നമ്പർ, പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള വിശദ പരാതികൾ മെയ് 31ന് മുമ്പായി ഓഫീസിൽ ലഭ്യമാക്കണം.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ. വനിതാ ഐ ടി ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്സ്, വി-റേ, ഓട്ടോഡസ്ക് റവിറ്റ് ആർക്കിടെക്ചർ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണൽ) കോഴ്സ് ആരംഭിക്കുന്നു. ഐ ടി ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ കോഴ്സ്/ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബിടെക് കോഴ്സ് കഴിഞ്ഞവർക്ക് മൂന്ന് മാസവും പ്ലസ്ടു കഴിഞ്ഞവർക്ക് ആറു മാസവുമാണ് കോഴ്സ്. താല്പര്യമുള്ളവർ വനിതാ ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2835987.
ചുമതലയേറ്റു
മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാനായി കെ എം രാമകൃഷ്ണൻ ചുമതലയേറ്റു. വടകര, തലശ്ശേരി, ഇരിക്കൂർ ബ്ലോക്കുകളിൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ആന്റ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, കണ്ണൂർ, കാസർകോട് ജില്ലകളിൽ അസി. ഡവലപ്മെന്റ് കമ്മീഷ്ണർ, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ ആന്റ് പ്രൊജക്ട് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അങ്കണവാടി കെട്ടിടത്തിന് സൗജന്യമായി സ്ഥലം നൽകി
ചെമ്പിലോട് പഞ്ചായത്ത് 17-ാം വാർഡായ തന്നട മന്ദമ്പേത്ത് പുതിയ അങ്കണവാടി കെട്ടിടം പണിയാൻ തന്നടയിലെ മന്ദമ്പേത്ത് കുടുംബം നാല് സെന്റ് സ്ഥലം സൗജന്യമായി നൽകി. ചെമ്പിലോട് പഞ്ചയാത്ത് പ്രസിഡണ്ട് കെ ദാമോദരൻ കുടുംബാംഗങ്ങളിൽ നിന്നും സ്ഥലത്തിന്റെ രേഖ ഏറ്റുവാങ്ങി. വാർഡ് അംഗം ഇ ബിന്ദു അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ സുരേശൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാമകൃഷ്ണൻ, പഞ്ചായത്ത് അംഗം എ വിദ്യ, പഞ്ചായത്ത് സെക്രട്ടറി പി എം ബിന്ദു, അങ്കണവാടി വർക്കർ വി കെ രാജ്യശ്രീ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി പി മനോജ്, കെ രാഘവൻ തുടങ്ങിയവർ സംസാരിച്ചു. നിലവിൽ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്.
വനിതകൾക്ക് സ്കോളർഷിപ്പോടുകൂടി പരിശീലനം
ഐ ഐ സി യിൽ വനിതകൾക്ക് സർക്കാർ സ്കോളർഷിപ്പോടുകൂടിയ അഡ്വാൻസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ്കീപ്പിംഗിൽ മൂന്ന് മാസത്തെ പരിശീലനം നൽകുന്നു. യോഗ്യത: എട്ടാം ക്ലാസ്. സ്ത്രീ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി താമസിച്ചു പഠിക്കുവാൻ വേണ്ട 90 ശതമാനം ഫീസും സ്കോളർഷിപ്പായി സർക്കാർ വഹിക്കും. ഹോസ്റ്റൽ വേണ്ടവർക്ക് 6700 രൂപയും അല്ലാത്തപക്ഷം 6040 രൂപയുമാണ് ഫീസ്. കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ/പട്ടികജാതി/പട്ടികവർഗ//ഒബിസി വിഭാഗത്തിൽ പെടുന്നവർ, കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ(ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം), ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാംഗരുടെ അമ്മമാർ, വിധവ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗത്തിൽപടുന്നവർക്ക്് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് admissions@iiic.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8078980000.
ട്രൈബൽ മിഷൻ: ആലോചന യോഗം 21ന്
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ട്രൈബൽ മിഷന്റെ പ്രവർത്തന മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, എസ് ടി പ്രമോട്ടർമാർ തുടങ്ങിയവരുടെ പ്രത്യേക യോഗം മെയ് 21 ശനി രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരും. ബന്ധപ്പെട്ട മുഴുവനാളുകളും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അഭ്യർഥിച്ചു.
ഒറ്റത്തവണ തീർപ്പാക്കൽ
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയതും റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ചതുമായ കേസുകളിൻമേൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി പലിശ ഒഴിവാക്കി ക്ഷേമനിധി വിഹിതം അടക്കാവുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2705197.
ഹൗസ്ഹോൾഡ് കൺസംപ്ഷൻ സർവ്വേ ജൂലൈ മുതൽ
എൻ എസ് ഒ നടത്തുന്ന 'ഹൗസ്ഹോൾഡ് കൺസംപ്ഷൻ എക്സ്പെൻഡിച്ചർ സർവ്വേ ജൂലൈ ഒന്നിന് തുടങ്ങും. സർക്കാരിന്റെ വിവിധ നയരൂപീകരണത്തിനായുള്ള സുപ്രധാന വിവരങ്ങളാണ് സർവ്വേയിലൂടെ ശേഖരിക്കുന്നത്. ഭക്ഷണം, കൺസ്യൂമബിൾസ് ആന്റ് സർവീസസ്, ഡ്യൂറബിൾ ഐറ്റംസ് എന്നിവയ്ക്കായി കുടുംബം ചെലവഴിച്ച തുകയാണ് സർവേയിലൂടെ ശേഖരിക്കുന്നത്. മൂന്നുമാസം കാലയളവിൽ പത്ത് പാനലുകളിലായി 2023 ജൂണിൽ സർവ്വെ പൂർത്തിയാകും.
ഒരു വീട്ടിൽ മൂന്ന് തവണ സന്ദർശനം നടത്തുന്നു എന്ന പ്രത്യേകത കൂടി സർവ്വെക്കുണ്ട്. ഓരോ തവണയും വ്യത്യസ്ത വിവരങ്ങളാണ് ശേഖരിക്കുക. തെരഞ്ഞെടുത്ത വാർഡുകളിൽ വീടുകൾ ലിസ്റ്റ് ചെയ്ത ശേഷം കുടുംബങ്ങളെ സ്വന്തമായി നിശ്ചിത അളവ് ഭൂമിയുള്ളവ, അതിൽ കുറവ് ഭൂമിയുള്ളവ, ബാക്കിയുള്ളവ എന്നിങ്ങനെ ഗ്രാമ പ്രദേശങ്ങളിലും വാണിജ്യാവശ്യത്തിനല്ലാതെ സ്വന്തമായി നിശ്ചിത തുകയിൽ കൂടിയ കാർ ഉള്ളവ, അതിൽ കുറവ് തുകയ്ക്കുള്ള കാർ ഉള്ളവർ, ബാക്കിയുള്ളവ എന്നിങ്ങനെ നഗര പ്രദേശങ്ങളിലും തരം തിരിക്കുന്നു. മൂന്ന് വിഭാഗങ്ങളിൽ നിന്നുമായി നിശ്ചിത എണ്ണം വീടുകളെ കൺസംപ്ഷൻ സർവേയ്ക്കായി തെരഞ്ഞെടുക്കും. സർവ്വേ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള പരിശീലനം അടുത്തമാസം നടക്കും.
വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കൊരങ്ങാട്, പയ്യഗാനം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 21 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മണ്ഡലം, മമ്പാലം,എൻ എസ് ഡി പി, ചേറ്റടി, മൈക്കാട്, പുല്ലവനം, കോട്ടയംതട്ട് എന്നീ ഭാഗങ്ങളിൽ രമെയ് 21 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എടക്കളം, എടക്കളം ക്രഷർ എന്നീ ഭാഗങ്ങളിൽ മെയ് 21 ശനി രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ ഹാജി മൊട്ട, പി സി ആർ ബാങ്ക്, ബിക്കിരിയൻ പറമ്പ്, നായനാർ, വടേശ്വരം, കല്ല്യാശ്ശേരി പോളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 21 ശനി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കീഴുന്ന കോൺഗ്രസ് ഭവൻ, പാറക്കണ്ടികാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 21 ശനി രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ഓലാടത്താഴ മുതൽ ചർച്ച്, ചക്കിപീടിക ഭാഗങ്ങളിൽ മെയ് 21 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ക്വട്ടേഷൻ
കണ്ണൂർ ഐ ടി ഡി പി ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഇരിട്ടി, വയത്തൂർ, വെളിമാനം, കോളയാട്, മയ്യിൽ (ഗേൾസ്), കേളകം, നടുവിൽ (ബോയ്സ്) എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളുടെ ഉപയോഗത്തിനായി വിപണിയിൽ പ്രചാരത്തിലുള്ള ഗുണനിലവാരമുള്ള കുടകൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 28ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2700357.
- Log in to post comments