Skip to main content

വഴികാട്ടാന്‍, വഴിത്തിരിവാകാന്‍ ടേണിങ്ങ്് പോയിന്റ്

വിദ്യാഭ്യാസ രംഗത്ത് തളിപ്പറമ്പിന്റെ പുതിയ ചുവടുവയ്പ്പായി ടേണിങ്ങ്് പോയിന്റ്. മണ്ഡലത്തിന്റെ സമഗ്രവിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ടേണിങ് പോയിന്റ്' എക്‌സ്‌പോ അറിവിന്റെ ജനകീയ ഉത്സവമായി. വിദ്യാര്‍ഥികള്‍ക്ക് അഭിരുചികള്‍ക്കനുസരിച്ച് പഠനമേഖലകള്‍ തെരഞ്ഞെടുക്കുന്നതിനും വിവിധ മേഖലകളിലെ സാധ്യകള്‍ നേരിട്ടറിയുന്നതിനുമുള്ള അപൂര്‍വ അവസരമാണ് എക്‌സ്‌പോ ഒരുക്കുന്നത്. കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ്് കോളേജില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കരിയര്‍ ഗൈഡന്‍സ് എക്‌സ്‌പോ വിദ്യാര്‍ഥികള്‍ക്കും, ഉദ്യോഗാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും മികച്ച അവസരമായി.
തൊഴില്‍ രംഗത്തെ പുത്തന്‍ സാധ്യതകള്‍ പരിചയപ്പെടുത്തി 'ഭാവിയിലെ കരിയര്‍ വഴികള്‍' എന്ന വിഷയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു വിദ്യാര്‍ഥികളുമായി സംവദിച്ചു. വിദേശ ഉപരി പഠനത്തിന്റെ വേറിട്ട സാധ്യതകള്‍ ചൂണ്ടിക്കാട്ടി 'വിദേശ ഉപരിപഠനം : അവസരങ്ങളുടെ അനന്ത ലോകം' എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. ടി പി സേതുമാധവന്‍ സംസാരിച്ചു.
മാധ്യമമേഖലയിലെ അവസരങ്ങളെയും വെല്ലുവിളികളെയും പരിചയപ്പെടുത്തി ജോണ്‍ ബ്രിട്ടാസ് എംപി സംസാരിച്ചു. വിജയപാഠങ്ങള്‍ എന്ന വിഷയത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപും ഭാവിയിലെ നമ്മള്‍' എന്ന വിഷയത്തില്‍ ഡോ. വി പി പി മുസ്തഫയും ആശയങ്ങള്‍ പങ്കുവെച്ചു. കേരളത്തിനകത്തും പുറത്തുമുള്ള കോളേജുകള്‍, സര്‍വകലാശാലകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിവില്‍ സര്‍വീസ് അക്കാദമി, ഇന്ത്യന്‍ ആര്‍മി, ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം  തുടങ്ങി അന്‍പതിലധികം സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ ഒരുക്കിയത്. കുറുമാത്തൂര്‍ ഗവ.ഐടിഐ, നെട്ടൂര്‍ എന്‍ടിടിഎഫ് എന്നിവയുടെ സ്റ്റാളുകളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ നിര്‍മിതികള്‍ ശ്രദ്ധേയമായി.
വൈകിട്ട് കേരള ഫോക്ലോര്‍ അക്കാദമി അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. മെയ് 29 ന് സാങ്കേതിക മേഖലകളിലെ വിദ്യാഭ്യാസ, തൊഴില്‍ സാധ്യതകള്‍, നൈപുണ്യവികസനവും തൊഴില്‍ സാധ്യതകളും ശാസ്ത്രം, കായികം, തുടങ്ങിയ മേഖലകളില്‍ പ്രമുഖര്‍ ക്ലാസെടുക്കും.
സമാപന സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാവും

date