ജില്ലാതല പ്രവേശനോത്സവം അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
രണ്ട് വർഷത്തെ ഇടവേളക്ക് വിട
കൊവിഡ് കാലം തീർത്ത പ്രതിസന്ധികൾക്കൊടുവിൽ രണ്ട് വർഷത്തിന് ശേഷം വിദ്യാലയങ്ങൾ പൂർണമായി തുറക്കുമ്പോൾ ജില്ലയിലെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് അരോളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് ജില്ലാതല പ്രവേശനോൽസവം സംഘടിപ്പിക്കുക. ജൂൺ ഒന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിക്കും. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ വി മിഥുൻ വിശിഷ്ടാതിഥിയാവും. വിദ്യാഭ്യാസ ഉപഡയരക്ടർ സി മനോജ് കുമാർ അക്ഷര സന്ദേശം നൽകും. ജനപ്രതിനിധികൾ രാഷ്ടീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ജില്ലയിലെ 1302 സ്കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. പ്രവേശനോത്സവത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ശുചീകരണ പ്രവൃത്തികളും കുട്ടികൾക്കുള്ള യൂനിഫോം വിതരണവും പൂർത്തിയായി. പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിച്ച് കഴിഞ്ഞു. സ്കൂൾ തുറന്ന് രണ്ട് ദിവസത്തിനകം കുട്ടികൾക്ക് പുസ്തകം ലഭ്യമാക്കും. ജില്ലയിൽ കുട്ടികൾക്ക് ശുചീകരണ പ്രവൃത്തികൾക്കൊപ്പം പരിസര നീരീക്ഷണം കൂടി ഉൾപ്പെടുത്തി. അതിന് പുറമെ കുട്ടികളിലെ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. ലഹരി വിരുദ്ധ ബോധവൽക്കരണ, പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കും. ജില്ലയിലെ സ്കൂളുകൾക്ക് അഞ്ച് കോടി രൂപയുടെ ഫർണിച്ചറുകൾ നൽകിയതായും സർക്കാർ വിദ്യാലയങ്ങളുടെ നവീകരണത്തിന് അഞ്ച് മുതൽ 10 ലക്ഷം രൂപ വരെ അനുവദിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി 15 മുതൽ 17 വരെ പ്രായമുള്ള കുട്ടികളിൽ 99.9 ശതമാനം രണ്ടാം ഡോസ് വാക്സിനും 12 മുതൽ 14 വരെ പ്രായുള്ളവരിൽ 50 ശതമാനം ഒന്നാം ഡോസ് വാക്സിനേഷനും പൂർത്തിയാക്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ കെ കെ രത്നകുമാരി, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ യു പി ശോഭ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ ടി സരള, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ് ബാബു, വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
- Log in to post comments