കണ്ണൂര്‍ അറിയിപ്പുകള്‍ 06-06-2022
കൂത്തുപറമ്പ് സ്പെഷ്യല്‍ സബ്ജയില്‍ ഉദ്ഘാടനം ഏഴിന്
കൂത്തുപറമ്പ് സ്പെഷ്യല്‍ സബ്ജയില്‍ ഉദ്ഘാടനം ഏഴിന് ചൊവ്വാഴ്ച നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കും. രണ്ടുവര്‍ഷം കൊണ്ടാണ് സബ്ജയലിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ ജയില്‍ മുറികളും പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് കോടതിക്ക് സമീപത്തായി സബ്ജയില്‍ നിര്‍മിച്ചത്. തലശ്ശേരിയില്‍ സബ്ജയില്‍ വന്നതോടെയാണ് കൂത്തുപറമ്പ് സബ്ജയില്‍ പ്രവര്‍ത്തനരഹിതമായത്. എന്നാല്‍ പിന്നീട് ഏറെക്കാലം പോലീസ് ലോക്കപ്പായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസായും ഈ കെട്ടിടം ഉപയോഗിച്ചു. പഴയസബ്ജയില്‍ 3.30 കോടി രൂപ ചെലവില്‍ നവീകരിച്ചാണ് സ്പെഷല്‍ സബ്ജയിലാക്കിയത്. 50 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. കൂത്തുപറമ്പ്, മട്ടന്നൂര്‍ കോടതികളില്‍ നിന്നുള്ളവരെയാണ് ഇവിടേക്ക് റിമാന്‍ഡ് ചെയ്യുക. കൂറ്റന്‍ ചുറ്റുമതിലും തടവുകാര്‍ക്കുള്ള ശുചിമുറികളും അടുക്കളയും സ്റ്റോര്‍ മുറിയും ഓഫിസിനുമുള്ള ഇരുനില കെട്ടിടവും പുതുതായി നിര്‍മിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ കെ പി മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ബാങ്കുകള്‍ ജനങ്ങളിലേക്ക്: വായ്പ സമ്പര്‍ക്ക മേള 8ന്
ജില്ലാ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായ്പ സമ്പര്‍ക്ക മേള ജൂണ്‍ എട്ടിന് രാവിലെ 9.30 ന് ചേമ്പര്‍ ഹാളില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാങ്കുകള്‍ ജനങ്ങളിലേക്ക് എന്നതാണ് മേളയുടെ മുദ്രാവാക്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികളെ പറ്റി അറിയാനുള്ള അവസരം മേളയിലുണ്ടാകും. കാര്‍ഷിക, വ്യാപാര, വ്യവസായ, ഭവന, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് മേള സംഘടിപ്പിക്കുന്നത്. നബാര്‍ഡ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണമുണ്ടാകും. കണ്ണൂര്‍ ലീഡ് ജില്ലാ മാനേജര്‍ ടി എം രാജ്കുമാര്‍, കനറാ ബാങ്ക് അസി.ജനറല്‍ മാനേജര്‍ എ യു രാജേഷ്, നബാര്‍ഡ് ഡി ഡി എം ജിഷിമോന്‍, എസ് ബി ഐ ചീഫ് മാനേജര്‍ രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ചെയര്‍ ഉദ്ഘാടനം 7ന്
ചെറുതാഴം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ച കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ചെയറിന്റെ ഉദ്ഘാടനം ജൂണ്‍ ഏഴ് ചൊവ്വ ഉച്ചക്ക് രണ്ട് മണിക്ക് മുന്‍ എംഎല്‍എ ടി വി രാജേഷ് നിര്‍വഹിക്കും. ക്ഷേത്ര കലാ അക്കാദമിയുടെ സഹകരണത്തോടെയാണ് ചെയര്‍ സ്ഥാപിച്ചത്. മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം കോഴ്‌സുകളുടെ ഉദ്ഘാടനം എം വിജിന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ ഡോ കെ എച്ച് സുബ്രഹ്‌മണ്യന്‍ അധ്യക്ഷനാകും. തുടര്‍ന്ന് മൂന്ന് മണിക്ക് കലാണ്ഡലം ബിന്ദു ഗോപാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും 3.30 ന് കോട്ടക്കല്‍ രാജ്‌മോഹനും സംഘവും അവതരിപ്പിക്കുന്ന കഥകളിയും അരങ്ങേറും.
യാത്രാ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ ഒത്തുചേര്‍ന്നു
വയോജനങ്ങള്‍ക്കായി കോര്‍പ്പറേഷന്റെ ഉല്ലാസയാത്ര
മറൈന്‍ഡ്രൈവിലെ ഉല്ലാസഭരിതമായ ബോട്ട് യാത്ര, ആദ്യമായി കപ്പല്‍ അടുത്തു കണ്ട കൗതുകം, മെട്രോ യാത്ര, ആദ്യത്തെ വിമാനയാത്രയുടെ ത്രില്‍...വാതോരാതെ പങ്കുവെക്കാന്‍ കുന്നോളമുണ്ടായിരുന്നു അവര്‍ക്ക്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയില്‍ പങ്കെടുത്ത 23 പേരാണ് യാത്രാനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഒത്തുചേര്‍ന്നത്. ട്രെയിനിലും വിമാനത്തിലുമായി കൊച്ചിയിലേക്കായിരുന്നു യാത്ര. ഏറെ ആവേശത്തോടെയാണ് പലരും യാത്രാനുഭവങ്ങള്‍ പങ്കുവെച്ചത്. കോര്‍പ്പറേഷന്‍ സായംപ്രഭ പകല്‍ വീടും സാമൂഹ്യനീതി വകുപ്പും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്.
81 വയസ്സുകാരനായ താളിക്കാവ് സ്വദേശി സുരേന്ദ്രനായിരുന്നു കൂട്ടത്തിലെ പ്രായം കൂടിയ യാത്രക്കാരന്‍. വയോജനങ്ങളോടൊപ്പം ഡോക്ടറും നഴ്‌സുമാരും കെയര്‍ടേക്കറും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും സഹായിയും ഉള്‍പ്പെടെ 30 പേരാണ് കഴിഞ്ഞ ശനിയാഴ്ച ജനശതാബ്ദി എക്‌സ്പ്രസില്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. മറൈന്‍ഡ്രൈവിലെ ബോട്ടിങ്ങും തൃപ്പൂണിത്തുറ ഹില്‍ പാലസ് സന്ദര്‍ശനത്തിനും മെട്രോ യാത്രക്കും ശേഷം വൈകിട്ട് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലേക്ക് മടങ്ങി.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നല്‍കിയ സ്വീകരണ പരിപാടി ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി ഷമീമ ടീച്ചര്‍ അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷരായ ശാഹിന മൊയ്തീന്‍, എം പി രാജേഷ്, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ കെ പി റാഷിദ്, പി വി ജയസൂര്യന്‍, ചിത്തിര ശശിധരന്‍, മിനി അനില്‍കുമാര്‍, കെ നിര്‍മ്മല, സി എം പത്മജ, കെ സീത, പി കൗലത്ത്, പനയന്‍ ഉഷ, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥന്‍ കെ പ്രദീപ് കുമാര്‍, ഡോ. ആന്‍സിയ അഷ്‌റഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ ശ്രീലത, സായംപ്രഭ ഹോം കെയര്‍ ടേക്കര്‍ സജ്‌ന ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വനിതാ കമ്മീഷന്‍ അദാലത്ത് 13ന്
വനിതാ കമ്മീഷന്‍ അദാലത്ത് ജൂണ്‍ 13 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണി മുതല്‍ നടക്കും.
അസി.പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വകുപ്പില്‍ അധ്യാപക തസ്തികയിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജൂണ്‍ 16 ന് രാവിലെ 11 ന് പരിയാരത്തുള്ള ഗവ.ആയുര്‍വേദ കോളേജില്‍ ആവശ്യമായ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167.
താല്‍ക്കാലിക നിയമനം
ഐ എച്ച് ആര്‍ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മാത്തമാറ്റിക്‌സില്‍ അസി.പ്രൊഫസര്‍ നിയമനം നടത്തുന്നു. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എംഎസ്‌സി). നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഒമ്പതിന് രാവിലെ 10 ന് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
സൂക്ഷ്മ തൊഴില്‍ സംരഭ യൂണിറ്റ്; അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍(സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള ഗ്രൂപ്പായിരിക്കണം. അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസില്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 50 വയസ്സ്. വിധവകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയും വ്യക്തിഗത ആനുകൂല്യമായി ധനസഹായവും ലഭിക്കും. അപേക്ഷ ഫോറം സാഫിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം മേല്‍ പറഞ്ഞ ഓഫീസുകളില്‍ ജൂണ്‍ 20 നകം സമര്‍പ്പിക്കണം. മുന്‍പ് സാഫില്‍ നിന്ന് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ട. ഫോണ്‍: 7902502030, 8075561552.
മത്സ്യത്തൊഴിലാളി ക്ഷേമം:
നിയമസഭാ സമിതി യോഗം ഏഴിന്
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഇന്ന് ജൂണ്‍ ഏഴിന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുക്കും. മത്സ്യ-അനുബന്ധ തൊഴിലാളികളില്‍ നിന്ന് പരാതി സ്വീകരിക്കും.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ 7ന്
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഇന്ന് ജൂണ്‍ ഏഴ് ചൊവ്വ രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ അധ്യക്ഷത വഹിക്കും.
സിറ്റിങ് മാറ്റി
ജൂണ്‍ 13 ന് നടത്താന്‍ തീരുമാനിച്ച ജില്ലാ പൊലീസ് പരാതി അതോറിറ്റി സിറ്റിങ് ജൂലൈ ഏഴിലേക്ക് മാറ്റി.
വൈദ്യുതി മുടങ്ങും
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നരമ്പില്‍ ടെമ്പിള്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ ഏഴ് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ചേപ്പാതോട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഏണ്ടി ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂപ്പറമ്പ, ഓടക്കുണ്ട് എന്നിവിടങ്ങളില്‍ ജൂണ്‍ ഏഴ് ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊളൂര്‍, മൈക്കള്‍ഗിരി എന്നീ ഭാഗങ്ങളില്‍ ജൂണ്‍ ഏഴ് ചൊവ്വ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊട്ട പീടിക, മൊട്ടക്കേപ്പീടിക, ചാലില്‍ വയല്‍, തോളൂര്‍ എന്നിവിടങ്ങളില്‍ ജൂണ്‍ ഏഴ് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും
ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അംശം ദേശത്തെ റി.സ 1ല്‍ പെട്ട 0.0405 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ജൂണ്‍ ഒമ്പതിന് രാവിലെ 11 മണിക്ക് നുച്യാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും. ഫോണ്‍: 0490 2494910 ( ഇരിട്ടി താലൂക്ക് ഓഫീസ്)
- Log in to post comments