പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം നാളെ
ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി പ്രകാരം ജില്ലയില്‍ ഈ വര്‍ഷം ജൈവ വൈവിദ്ധ്യത്തിന്റെ അതിജീവനത്തിനായി ഏകദേശം ഒരേക്കറില്‍ 16 പച്ചത്തുരുത്തുകളാണ് പുതിയതായി ആരംഭിക്കുന്നത്. ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്തുകള്‍ നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികളുടെ ഭൂമി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മത സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പച്ചത്തരുത്ത് പദ്ധതി നടപ്പാക്കുന്നത്.
പുതിയ പച്ചത്തുരുത്തുകള്‍ക്ക് പുറമേ നിലവിലുളള പച്ചത്തുരുത്തുകളുടെ നവീകരണവും നടത്തുന്നുണ്ട്. പച്ചത്തുരുത്തുകള്‍ക്കാവശ്യമായ തൈകള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരവും സോഷ്യല്‍ ഫോറസ്ട്രി വഴിയും ലഭ്യമാക്കും. പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് വൈകിട്ട് നാലിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ ഏനാത്ത് സാംസ്‌കാരിക നിലയത്തിന് സമീപത്തുള്ള അഞ്ച് സെന്റ് സ്ഥലത്ത് വൃക്ഷ തൈ നട്ട് നിര്‍വഹിക്കും.
- Log in to post comments