കില അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രം ഉദ്ഘാടനം 13ന്
കില തളിപ്പറമ്പ് ക്യാമ്പസിൽ സ്ഥാപിക്കുന്ന കേരള അന്താരാഷ്ട്ര നേതൃ പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻറ് ലീഡർഷിപ്പ് കോളേജ്, ഹോസ്റ്റൽ എന്നിവയുടെ തറക്കല്ലിടലും ജൂൺ 13 തിങ്കൾ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുo. കില തളിപ്പറമ്പ് കേന്ദ്രം കേരളത്തിലെ മുഖ്യ സോഷ്യൽ എഞ്ചിനിയറിംഗ് ഉന്നത പഠന ഗവേഷണ വിജ്ഞാനവിനിമയ കേന്ദ്ര മായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണിതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനവിക സാമൂഹ്യ വിഷയങ്ങൾക്ക് പുറമെ ശാസ്ത്ര സാങ്കേതിക, കമ്മ്യൂണിക്കേഷൻ, ആസൂത്രണ വിഷയങ്ങളിൽ ഗവേഷണവും പഠന പ്രവർത്തനങ്ങളും ഇവിടെ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ നിർവ്വഹണ മേഖലകളിൽ വിദഗ്ധരെ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻ്റ് ലീഡർഷിപ്പ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിന് കണ്ണൂർ സർവകലാശാലയുടെ അംഗീകാരം ലഭിച്ചതായും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എം എ സോഷ്യൽ എൻ്റർപ്രണർഷിപ്പ് ആൻഡ് ഡവലപ്മെൻ്റ്, എം എ പബ്ലിക് പോളിസി ആൻറ് ഡവലപ്മെൻ്റ്, എം എ ഡീസെൻട്രലൈസേഷൻ ആൻഡ് ഗവേണൻസ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് ഇവിടെ തുടങ്ങുക.
തദ്ദേശ സ്ഥാപനങ്ങളെ ഒരുമിച്ച് ചേർത്ത് വിവര വിജ്ഞാ സാങ്കേതിക അറിവ് ലഭ്യമാക്കുന്ന ഒരു നോളജ് സിറ്റിയായി അടുത്ത ഘട്ടത്തിൽ കില തളിപറമ്പ് കേന്ദ്രത്തെ മാറ്റുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കില ഡയറക്ടർ ഡോ. ജോയ് ഇളമൺ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും.മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം പിമാർ എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്നവാർത്താ സമ്മേളനത്തിൽ കില ഡയറക്ടർ ജോയ് ഇളമൺ, കില തളിപ്പറമ്പ് കേന്ദ്രം പ്രിൻസിപ്പൽ പി സുരേന്ദ്രൻ, സംഘാടക സമിതി കൺവീനർ കെ സന്തോഷ്, കില കോ ഓർഡിനേറ്റർ അഡ്വ.എ പി ഹംസക്കുട്ടി എന്നിവർ പങ്കെടുത്തു.
- Log in to post comments