കണ്ണൂര്‍ അറിയിപ്പുകള്‍ 14-06-2022
'ഓണത്തിന് ഒരു കൊട്ട പൂവ്':
നടീൽ ഉദ്ഘാടനം 15ന്
പതിനാലാം പഞ്ചവൽസര പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓണക്കാല വിപണി ലക്ഷ്യമാക്കി 'ഓണത്തിന് ഒരു കൊട്ട പൂവ്' എന്ന പദ്ധതി ജില്ലയിലെ തെരെഞ്ഞെടുത്ത 545 കർഷക ഗ്രൂപ്പുകൾ വഴി നടപ്പിലാക്കുന്നു. ഇതിനായി തയ്യാറാക്കിയ ചെണ്ടുമല്ലി തൈകളുടെ ജില്ലാതല വിതരണവും നടീൽ ഉദ്ഘാടനവും ജൂൺ 15 ന് രാവിലെ 8.30ന് മാവിലായി സർവ്വീസ് സഹകരണ ബാങ്കിന്റെ മൂന്ന് പെരിയയിലെ സ്ഥലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിക്കും.
സാക്ഷരതാ മിഷൻ വായന മാസാചരണം
ജില്ലാതല ഉദ്ഘാടനം 20ന്
ജില്ലാ സാക്ഷരതാ മിഷന്റെ നേത്യത്വത്തിൽ വായനാ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം നിർവഹിക്കും. ഇതിന്റെ ഭാഗമായി വിദ്യാകേന്ദ്രങ്ങളിലും പഠന കേന്ദ്രങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. വായനാ മത്സരങ്ങൾ, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, പഠിതാക്കളുടെ സംഗമം, കൈയ്യെഴുത്ത് മാസിക തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുക. ജില്ലാ തലത്തിൽ നടത്തുന്ന പഠിതാക്കളുടെ ലേഖന മത്സരത്തിൽ സമ്പൂർണ സെക്കന്ററി വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്നതാണ് വിഷയം.
വയറിളക്ക രോഗ നിയന്ത്രണ വാരാചരണം: ജില്ലാതല ഉദ്ഘാടനം
ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വയറിളക്ക രോഗ നിയന്ത്രണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടത്തി. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി പ്രസീത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ്കുമാർ, സ്ഥിരംസമിതി അധ്യക്ഷ കെ ശോഭന, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം കെ ഷാജ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, ഡെപ്യൂട്ടി ഡി എം ഒ ഡോ. വി പി രാജേഷ്, പാപ്പിനിശ്ശേരി സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. അനീഷ്ബാബു, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ജോസഫ് മാത്യു, ടെക്നിക്കൽ അസിസ്റ്റന്റ് സി ജെ ചാക്കോ, പാപ്പിനിശ്ശേരി സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ പി പി അബ്ദുൾറഷീദ് എന്നിവർ സംബന്ധിച്ചു.
ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ
സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ ബി എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിലെ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കൻഡറി സ്‌കൂൾ കാമ്പസിനു സമീപത്തെ എൽ ബി എസ് മേഖല ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ നം. 0497 2702812.
അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പട്ടുവത്ത് പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഈ അധ്യായന വർഷം ആറാം ക്ലാസിൽ 21 ഒഴിവുകളും ഏഴാം ക്ലാസിൽ എട്ട് ഒഴിവുകളും ഉണ്ട്. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ഉള്ള പട്ടിക വർഗ്ഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ തളിപ്പറമ്പ് പട്ടുവത്തെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജൂൺ 17 നകം സമർപ്പിക്കണം. ഫോൺ: 9656948675, 0497 2700357.
വാഹന ലേലം
കണ്ണൂർ സിറ്റി പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ചക്കരക്കൽ ഡമ്പിങ്ങ് യാർഡിലുമായി സൂക്ഷിച്ചതും അവകാശികൾ ഇല്ലാത്തതുമായ 436 വാഹനങ്ങൾ www.mstcecommerce.com മുഖേന ജൂൺ 21 ന് ഇ- ലേലം ചെയ്യും. താൽപര്യമുളളവർക്ക് എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റിൽ ബൈയറായി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ 0497 2763339, 9497925858.
സൗജന്യ പരീക്ഷാ പരിശീലനം
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്ക് എം.ജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ സൗജന്യ ഔഫ് ലൈൻ പരീക്ഷാ പരിശീലനം തുടങ്ങുന്നു. പങ്കെടുക്കാൻ താതാപര്യമുള്ളവർ 0481 2731025/ 9605674818 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ജില്ലാ വികസന സമിതി യോഗം ജൂൺ 25ന്
ജില്ലാ വികസന സമിതി യോഗം ജൂൺ 25 ശനി രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
ലംപ്സം ഗ്രാൻറിന് അപേക്ഷ നൽകണം
ഒന്ന് മുതൽ പത്ത് വരെ ക്ലാസിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യമായ ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്്റ്റൈപ്പന്റ് എന്നിവക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്ഥാപന മേധാവികൾ ജൂൺ 20ന് മുമ്പ് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04972700357
വൈദ്യുതി മുടങ്ങും
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കേളോത്ത് വെയർഹൗസ്, ജസ്ന റോഡ്, സർവീസ് സ്റ്റേഷൻ, ഖാദി, ചേരിക്കൽ മുക്ക്, നാരങ്ങാതോട് എന്നിവിടങ്ങളിൽ ജൂൺ 15 ബുധൻ രാവിലെ 8.30 മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ മാതമംഗലം നമ്പർ ടു, ബിലായി കോംപ്ലക്സ്, പാണപ്പുഴചാൽ, കച്ചേരി കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 15 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വാവൽമട ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 15 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ പത്തിക്കുന്ന്, ഇടച്ചൊവ്വ, എൻ എസ് പെട്രോൾ പമ്പ്, ഭാർഗവ മന്ദിരം, വാലിവ്യൂ, കാനന്നൂർ എക്സ്പോർട്ട്, പാതിരിപറമ്പ്, പെരിങ്ങോത്തമ്പലം എന്നിവിടങ്ങളിൽ ജൂൺ 15 ബുധൻ രാവിലെ 9.30 മുതൽ 5.30 വരെയും ഇൻഡോർ സ്റ്റേഡിയം പരിസരം, എളയാവൂർ യു പി സ്‌കൂൾ റോഡ്, പഴയ ജനത ടാക്കീസ് പരിസരം എന്നീ ഭാഗങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് വരെയും ചങ്ങാട്ട് കാവ് പരിസരത്ത് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ നെല്ലിക്കുറ്റി, കുടിയാന്മല ലോവർ, പൈതൽമല, പൊട്ടൻപ്ലാവ്, എൻഎസ്ഡിപി കവല, മഞ്ഞുമല, പള്ളിക്കുന്ന് എന്നിവിടങ്ങളിൽ ജൂൺ 15 ബുധൻ രാവിലെ ഒമ്പത്് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. സ്റ്റെപ്പെന്റിന് അപേക്ഷിക്കാം
- Log in to post comments