Skip to main content

മണ്ണാറക്കുളഞ്ഞി - പമ്പ റോഡ് ശബരിമല സീസണു മുമ്പ് സഞ്ചാരയോഗ്യമാക്കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുമ്പ് മണ്ണാറക്കുളഞ്ഞി - പമ്പ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എന്‍എച്ച് വിഭാഗത്തിന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദേശം നല്‍കി. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ റാന്നി നിയോജകമണ്ഡലംതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഈ റോഡിന് കുറുകെ പുതിയ മൂന്നു കലുങ്കുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.  46 കോടി രൂപയാണ് റോഡ് നിര്‍മാണത്തിന് വകയിരുത്തിയിട്ടുള്ളത്. റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഏറ്റെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന 51 സെന്റ് സ്ഥലം അഡ്വാന്‍സ് പൊസിഷന്‍ നല്‍കി ഏറ്റെടുത്ത് ആശുപത്രിയുടെ നിര്‍മാണം അടിയന്തരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ എംഎല്‍എ നിര്‍ദേശിച്ചു.

 

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചെത്തോംകര തോട്ടിലെ മണ്ണ് നീക്കി തോടിന് വീതി വര്‍ധിപ്പിക്കാന്‍ നടപടികള്‍ ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി.ചെറുകോല്‍പ്പുഴ - റാന്നി റോഡ് വീണ്ടും ട്രാഫിക് സ്റ്റഡി നടത്തി റിപ്പോര്‍ട്ട് കൊടുത്തിരിക്കുകയാണ്. റാന്നി പുതിയ പാലത്തിന്റെ നിര്‍മാണത്തിനായി  സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ ഭാഗമായുള്ള സര്‍വേ റാന്നി വില്ലേജില്‍ ഏകദേശം പൂര്‍ത്തിയാക്കിയത് അധികൃതര്‍ അറിയിച്ചു. ഇനി അങ്ങാടി വില്ലേജിലെ സര്‍വേ നടപടികള്‍ ആണ് ആരംഭിക്കാനുള്ളത്. റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ പുതിയ ഓഫീസുകള്‍ക്ക് അനുസൃതമായി  കെട്ടിടത്തിന്റെ മുറികള്‍ തിരിക്കുന്ന പ്രവര്‍ത്തികള്‍ നടക്കുകയാണ്.

 

മാടമണ്‍ ഗവ സ്‌കൂളിലെ കെട്ടിടത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. കിസുമം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റ നിര്‍മാണത്തിന് കരാറായി. ഇട്ടിയപ്പാറ ഗബരിമല പില്‍ഗ്രിം സെന്റര്‍, അയിരൂര്‍ പഞ്ചായത്ത് കെട്ടിടം, ജില്ലാ ആയുര്‍വേദ ആശുപത്രി കെട്ടിടം എന്നിവയുടെ നിര്‍മാണ നടപടികള്‍ യോഗം വിലയിരുത്തി. റാന്നി ഔട്ടര്‍ റിംഗ് റോഡ്,  വെണ്ണിക്കുളം - റാന്നി എന്നീ റോഡുകളുടെ നിര്‍മാണം മുടങ്ങിയതുമായി ബന്ധപ്പെട്ട കരാറുകാര്‍ക്ക് നോട്ടീസ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ഡോ.  ദിവ്യ എസ് അയ്യര്‍, പൊതുമരാമത്ത് വകുപ്പ്, റവന്യൂ വകുപ്പ്  ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date