Skip to main content

വായനദിനാഘോഷം: ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ യശശരീരനായ പി.എന്‍. പണിക്കരുടെ അനുസ്മരണാര്‍ഥം സംഘടിപ്പിക്കുന്ന വായനദിനാഘോഷം ജൂണ്‍ 19 ന് നടക്കും. ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണമായും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ദേശീയ വായനദിന മാസാചരണമായും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല വായനദിനാഘോഷം ജൂണ്‍ 20 ന് രാവിലെ 10.30 ന് അടൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്നതിന് എഡിഎം ഇന്‍ ചാര്‍ജ് ജേക്കബ് ടി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി.എന്‍. പണിക്കരുടെ സന്ദേശം പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന് പര്യാപ്തമായ പരിപാടികളാണ് സംഘടിപ്പിക്കേണ്ടതെന്ന് എഡിഎം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ വിവര-പൊതുജനസമ്പര്‍ക്കം, വിദ്യാഭ്യാസം, തദ്ദേശഭരണം, പഞ്ചായത്ത് വകുപ്പുകള്‍, കുടുംബശ്രീ, സാക്ഷരതാമിഷന്‍, കാന്‍ഫെഡ്, ഐടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  

 

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും വായനദിനാഘോഷം സംഘടിപ്പിക്കും. ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വായന അനുഭവ കുറിപ്പ്  ജില്ലാതല മത്സരം സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ അക്ഷരമരം ഒരുക്കും. വിദ്യാര്‍ഥികള്‍ പത്രമാധ്യമങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വിജ്ഞാനപ്രദമായ വാര്‍ത്തകള്‍, സ്വന്തമായി നടത്തിയ സര്‍ഗസൃഷ്ടികള്‍ എന്നിവയില്‍ അധ്യാപകര്‍ തിരഞ്ഞെടുത്തവ മരത്തില്‍ തൂക്കി പ്രദര്‍ശിപ്പിക്കും.  ഇവയുടെ പകര്‍പ്പ് ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളുടെ കൈയെഴുത്ത് മാസിക തയാറാക്കും. ഗ്രന്ഥശാലകളിലൂടെ പുസ്തകങ്ങളുടെ വിശാല ലോകത്തേക്ക് വിദ്യാര്‍ഥികളെ ക്ഷണിക്കുന്നതിന് ഓരോ പ്രദേശത്തെയും ഗ്രന്ഥശാലകളുടെ ഭാരവാഹികള്‍ അതത് മേഖലകളിലെ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. ഗ്രന്ഥശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതിന് പ്രത്യേക കാമ്പയിനും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.  

 

ജൂണ്‍ 19ന് എല്ലാ ലൈബ്രറികളിലും പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും. ജില്ലാതല ഉദ്ഘാടനം, ലൈബ്രറികളില്‍ വായനാവസന്തം പദ്ധതിയില്‍ ഉള്‍പ്പെട്ട വായനക്കൂട്ടങ്ങളുടെ രൂപീകരണത്തിന്റെ ഉദ്ഘാടനം എന്നിവ നടത്തും. ജൂലൈ 7ന് ഐ.വി. ദാസ് ജന്മദിനത്തില്‍ എല്ലാ ലൈബ്രറികളിലും പരിപാടി സംഘടിപ്പിക്കും. താലൂക്ക് തലത്തില്‍ ഒരു ലൈബ്രറിയില്‍വച്ച് വായന പക്ഷാചരണത്തിന്റെ സമാപനം സംഘടിപ്പിക്കും. ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ അടുത്തുള്ള യുപി സ്‌കൂളില്‍ എഴുത്ത് പെട്ടിയുടെ ഉദ്ഘാടനം നടത്തും.
വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലയില്‍ വിവിധ പരിപാടികള്‍,  മത്സരങ്ങള്‍  എന്നിവ സംഘടിപ്പിക്കും.

 

ജൂലൈ 18 ന് വായനാദിന മാസാചരണത്തിന്റെ സമാപനം പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കും.  വായന ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 17 സാക്ഷരതാ പഠനകേന്ദ്രങ്ങളില്‍ പ്രധാന കൃതികളുമായി ബന്ധപ്പെട്ട വായനാ മത്സരം നടത്തും. അതത് മേഖലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ വിവിധ ക്ലബുകളില്‍ വായനയെ പരിപോഷിപ്പിക്കുന്നതിന് പ്രചാരണം നടത്തും. ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ അതത് പഞ്ചായത്ത് തലങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍  ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളില്‍ ക്വിസ് മത്സരം, വായനാ മത്സരം, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ അഞ്ചു മുതല്‍ 18 വയസുവരെയുളള ബാലസഭ കുട്ടികളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ക്വിസ് മത്സരം, വായനാ മത്സരം എന്നിവ സംഘടിപ്പിക്കും.
 

 

യോഗത്തില്‍ കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍ സോമരാജന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍, പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ റ്റി.എസ്. സന്തോഷ് കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി അനില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.പി.എം പി.ആര്‍. അനുപ, നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സന്ദീപ് കൃഷ്ണന്‍, ഐ.ടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date