കണ്ണൂര് അറിയിപ്പുകള് 21-06-2022
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കടന്നപ്പള്ളി വില്ലേജിലെ കൊക്കോട്ട് ശ്രീക്യഷ്ണ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 30ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0490 2321818.
സ്പോർട്സ് കോഴ്സുകൾക്ക് അപേക്ഷിക്കാം
എറണാകുളം ആസ്ഥാനമായ സ്പോർട്സ് ആന്റ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ് എം ആർ ഐ) വിവിധ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. കോഴ്സുകൾ: സ്പോർട്സ് മാനേജ്മന്റ്, സ്പോർട്സ് എഞ്ചിനീയറിംഗ്, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് ഫെസിലിറ്റി മാനേജർ.
പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്പോർട്സ് ബിസിനസ്, ബിരുദധാരികൾക്ക് പി ജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്/സ്പോർട്സ് സൈക്കോളജി/സ്പോർട്സ് ഫെസിലിറ്റി മാനേജ്മെൻറ്, എഞ്ചിനീയറിങ്ങുകാർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്പോർട്സ് എഞ്ചിനീയറിംഗ്, എം ബി എക്കാർക്ക് സർട്ടിഫൈഡ് സ്പോർട്സ് മാനേജർ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. ക്ലാസുകൾ ജൂലൈ ആദ്യവാരം തുടങ്ങും.
കൂടുതൽ വിവരങ്ങൾക്ക് www.smri.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8138905259, 8891675259, 99956 75259 .
തേൻ ഉൽപ്പന്ന നിർമ്മാണ പരിശീലനം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തേൻ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം സംബന്ധിച്ച് ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുക്കപ്പെട്ട 40 പേർക്ക് പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ജൂൺ 27ന് മുമ്പ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ അപേക്ഷിക്കുക. ഫോൺ: 0497 2700057.
സൗജന്യ കിറ്റ്: അപേക്ഷ ക്ഷണിച്ചു
കൊവിഡാനന്തര സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി /കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠന സഹായത്തിനായി ബാഗ്, കുട, വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക് എന്നിവയടങ്ങുന്ന കിറ്റാണ് നൽകുക. അപേക്ഷാഫോറം kmtwwfb.org എന്ന വെബ്സൈറ്റിലും ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടോ ഇ-മെയിൽ വഴിയോ ജൂൺ 25ന് സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം: knr.kmtwwfb@kerala.gov.in ഫോൺ: 0497 2705197.
ധനസഹായത്തിന് അപേക്ഷിക്കാം
പത്തോ അതിൽ കൂടുതലോ പട്ടികജാതി വിഭാഗക്കാർ ചേർന്ന് രൂപീകരിച്ച സ്വാശ്രയ സംഘങ്ങൾക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. പരമാവധി 10 ലക്ഷം രൂപയാണ് ധനസഹായം. 80 ശതമാനം അംഗങ്ങളെങ്കിലും പട്ടികജാതിക്കാരായ വനിതാ സംഘങ്ങൾക്കും അപേക്ഷിക്കാം. 15 ലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകളാണ് പരിഗണിക്കുക. 75 ശതമാനം തുക ധനസഹായമായി ലഭിക്കും. വിശദമായ പ്രെജക്ട് റിപ്പോർട്ട്, ഗ്രൂപ്പിലെ അംഗങ്ങളുടെ ജാതി സർട്ടിഫിക്കറ്റുകൾ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (കോർ-ബാങ്കിങ് സംവിധാനം) ബന്ധപ്പെട്ട മറ്റ് രേഖയുടെ പകർപ്പുകൾ എന്നിവ സഹിതം ജൂലൈ 20ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700596.
ഫെസിലിറ്റേറ്റർ നിയമനം
വനിത ശിശുവകുപ്പിന്റെ സഹായത്തോടെ ചോല നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ പരിപാടിയിൽ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ നിയമനം നടത്തുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുമായി ജൂൺ 23ന് രാവിലെ 10.30ന് അഞ്ചുകണ്ടിയിലെ ചോല ഓഫീസിൽ ഹാജരാവണം. ഫോൺ 04972 764571, 9847401207
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
കേരള തീരങ്ങളിൽ ജൂൺ 21 മുതൽ 25 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകി.
ഒളിമ്പിക് റൺ 23ന്
കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജിവിഎച്ച് എസ് എസ് സ്പോർട്സ് സ്കൂൾ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നു.പരിപാടിയുടെ ഭാഗമായി 200 ഓളം കായി കതാരങ്ങളെ ഉൾക്കൊള്ളിച്ച് 'ഒളിമ്പിക് റൺ' സംഘടിപ്പിക്കും. ജൂൺ 23 ന് വൈകുന്നേരം 3.30ന് ഒളിമ്പ്യൻ ലക്ഷ്മണൻ സ്മാരക സ്തൂപത്തിന് സമീപത്തു നിന്നാരംഭിക്കുന്ന ഒളിമ്പിക് റൺ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഫ്ളാഗ് ഓഫ് ചെയ്യും.
അന്താരാഷ്ട്ര യോഗാ ദിനാചരണം
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് കമ്മീഷണർ ആർ ഇളങ്കോ നിർവഹിച്ചു. ആസാദ് കി അമ്യത് മഹോൽസവത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കണ്ണുർ പോലീസ് സഭാ ഹാളിലായിരുന്നു പരിപാടി. ആയുഷ് വകുപ്പ്, ജില്ലാ പഞ്ചായത്ത്, സിറ്റി പോലീസ് എന്നിവർ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ കെ. കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ സലാം യോഗാ ദിന സന്ദേശം അവതരിപ്പിച്ചു. ഡിഎംഒ (ഐഎസ്എം) ഡോ. മാത്യൂസ് പി. കുരുവിള, നാഷണൽ ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ ഡോ. അജിത് കുമാർ കെ.സി എന്നിവർ സംസാരിച്ചു. തുടർന്ന് പോലിസ് സേനയിലെ സുനിൽ കുമാർ പൊയിൽ നേതൃത്വം കൊടുത്ത യോഗ ഡെമോൺസ്ട്രേഷൻ നടന്നു. തുടർന്ന് നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ നടന്ന ക്വിസ് മത്സരത്തിൽ അഴീക്കോട് ടീം ഒന്നാം സ്ഥാനം നേടി.
(PHOTO)
പ്രൊജക്ട് എഞ്ചിനീയർ നിയമനം
തൃശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്ട് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി (ഇ ഡബ്ല്യു എസ്) സംവരണം ചെയ്ത ഒരു ഒഴിവിലേക്കും പരിവർത്തിത ക്രിസ്ത്യൻ (ഒ എക്സ്) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവിലേക്കും താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി ടെക്(സിവിൽ), അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 41 വയസ്സ.് ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം. ഫോൺ: 04842312944.
വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചാക്കലാകുന്നു, ഏണ്ടി, പൊന്നംവയൽ ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 22 ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഏച്ചൂർ ഓഫീസ് ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 22 ബുധൻ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.
വിമൻ ഡെലിവറി എക്സിക്യുട്ടീവ്: അപേക്ഷ ക്ഷണിച്ചു
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും വനിതകൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന 'സങ്കൽപ്' നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ വിമൻ ഡെലിവറി എക്സിക്യുട്ടീവ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എൽ സി. പ്രായപരിധി 18നും 45 നും മധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടാകണം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0490 2344419, 9495995419.
- Log in to post comments