Skip to main content

സാമൂഹ്യവനവല്‍ക്കരണ വിഭാഗം നാല് വിദ്യാവനങ്ങള്‍ പൂര്‍ത്തീകരിച്ചു; അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജില്‍ നഗരവനം യാഥാര്‍ഥ്യമാക്കി

വനം വകുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണ വിഭാഗം പത്തനംതിട്ട ജില്ലയിലെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാവനങ്ങള്‍ പൂര്‍ത്തീകരിച്ചതായി അസിസ്റ്റന്‍ഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സി.കെ. ഹാബി അറിയിച്ചു. തിരുവല്ല മാര്‍ത്തോമ കോളജ്, അങ്ങാടിക്കല്‍ എസ്എന്‍വി എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ്, പെരിങ്ങനാട് തൃച്ഛേന്ദമംഗലം ജിഎച്ച്എസ്എസ്, എലിമുളളുംപ്ലാക്കല്‍ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ഓരോ വിദ്യാവനങ്ങള്‍ പൂര്‍ത്തീകരിച്ചത്. അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ഒരു നഗരവനം പൂര്‍ത്തിയാക്കി. പെരിങ്ങനാട്  തൃച്ഛേന്ദമംഗലം ജിഎച്ച്എസ്എസ്, എലിമുളളുംപ്ലാക്കല്‍ ജിഎച്ച്എസ്എസ്, ഇലന്തൂര്‍ ഗവ. വിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ ഫോറസ്ട്രി ക്ലബുകള്‍ പുതുതായി രൂപീകരിച്ചു.

 

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് 55000 കൂടത്തൈകളും 27000 വലിയ കൂടത്തൈകളും തയാറാക്കി വിതരണം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന 1,55,950 വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുളള വിത്തുകള്‍ വിവിധ പഞ്ചായത്തുകള്‍ക്ക് തൊഴിലുറപ്പ് പദ്ധതി മുഖേന നല്‍കി. തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും നല്‍കി.  വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹന ധനസഹായമായി 1,76,235 രൂപ അപേക്ഷകര്‍ക്ക് നല്‍കി. കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായമായി 4,14,605 രൂപയും നല്‍കി.

date