ബോട്ടുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തണം - ജില്ലാ കലക്ടർ
(PRD/CLT/158-07/22)
ബോട്ടുകളിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ സുരക്ഷിതമാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു. അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി.
ഫിഷറീസ് വകുപ്പ് എല്ലാ ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും തീരദേശ പോലീസുമായി ചേർന്ന് സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തണം. ബോട്ട് കളർ കോഡിംഗ്, കടൽക്ഷോഭം, ലൈഫ് ജാക്കറ്റുകൾ / ലൈഫ് ബോയ്‌കൾ, ഡിസ്ട്രസ് അലേർട്ട് ട്രാൻസ്മിഷൻ സിസ്റ്റം (DATS), വിഎച്ച്എഫ് കമ്മ്യൂണിക്കേഷൻ സെറ്റ്, നാവിഗേഷൻ ലൈറ്റുകൾ, ബോട്ട് രജിസ്ട്രേഷൻ പേപ്പറുകൾ, മത്സ്യബന്ധന പെർമിറ്റ്, മത്സ്യത്തൊഴിലാളികളുടെ അംഗീകൃത ലിസ്റ്റ്, ബയോ മെട്രിക്/ഐഡന്റിറ്റി കാർഡുകൾ എന്നിവ പരിശോധിക്കണം. സുരക്ഷാ സംവിധാനങ്ങളില്ലാത്ത ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കുകയും കടലിൽ ഇറങ്ങുന്നത് തടയുകയും വേണം.
ചാലിയത്തുനിന്നും ആറ് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താനായിട്ടില്ല. ശക്തമായ കാറ്റിലും തിരമാലയിലും പെട്ടാണ് ബോട്ട് മറിഞ്ഞത്.
ശക്തമായ മഴ ഉള്ളതിനാൽ കടലിൽ മോശം കാലാവസ്ഥയാണ്. മത്സ്യബന്ധന നിരോധനവുമുള്ളതിനാൽ ബോട്ടുകൾ കടലിൽ ഇറക്കുന്നതിന് നിയന്ത്രണമുണ്ട്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും ബേപ്പൂരിലെ കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൈമാറി. സബ് കളക്ടർ, റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവർ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
- Log in to post comments