Skip to main content

എന്റെ നഗരം, ശുചിത്വ നഗരം മേഖലതല ശില്‍പ്പശാലകള്‍ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

എന്റെ നഗരം, ശുചിത്വ നഗരം എന്ന പേരില്‍ നഗരസഭകള്‍ക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച മേഖലാതല ശില്‍പ്പശാലകള്‍ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മേയര്‍മാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

നഗരസഭ തലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ നടക്കുന്ന  മേഖല ശില്‍പ്പശാലയില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രതിനിധികളും എറണാകുളത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രതിനിധികളും തിരുവനന്തപുരത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രതിനിധികളും പങ്കെടുക്കും.
 

 

കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പദ്ധതികള്‍ ക്രമീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും. സെഷനുകള്‍ക്കു ശേഷം നഗരസഭാ തലത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയിലൂടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയാറാക്കും. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഇതോടൊപ്പം സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍മാര്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും വിഷയങ്ങള്‍ അവതരിപ്പിക്കും. സ്വച്ഛ് ഭാരത് മിഷന്‍, ശുചിത്വ കേരളം പദ്ധതികളെക്കുറിച്ചും നഗരസഭാ തലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ

 

പദ്ധതികളെ ആസ്പദമാക്കിയുള്ള വിദഗ്ധരുടെ സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.
വടക്കന്‍ മേഖല ശില്‍പ്പശാല ജൂലൈ 16 ന് കണ്ണൂര്‍, ധര്‍മ്മശാലയിലെ ഇന്ത്യന്‍ കോഫി ഹൗസ് ഹാളിലും, തെക്കന്‍ മേഖല ശില്‍പ്പശാല ജൂലൈ 19 ന് തിരുവനന്തപുരം ഐ എം ജി ഹാളിലും മധ്യമേഖല ശില്‍പ്പശാല ജൂലൈ 25 ന് എറണാകുളം ടൗണ്‍ ഹാളിലും നടക്കും.

 

date