കണ്ണൂര്‍ അറിയിപ്പുകള്‍ 14-07-2022
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 15 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
ജൂലൈ 17 വരെ മഞ്ഞ അലർട്ട്
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ജൂലൈ 15 മുതൽ 17 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് മാറി താമസിക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി സൂക്ഷിക്കണം. അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിലും താമസിക്കുന്നവർ വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയ്യാറാകണം.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങൾ വെട്ടി ഒതുക്കുകയും വേണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. മഴ തുടരുന്നതിനാൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം.
ലൈഫ് മിഷൻ: ഹിയറിംഗ് തുടരുന്നു
ലൈഫ് മിഷൻ അപ്പീൽ കമ്മറ്റിയുടെ ആദ്യ യോഗം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്നു. ആദ്യ ഘട്ടത്തിൽ അപ്പീൽ നൽകിയവർക്ക് മാത്രമേ രണ്ടാം ഘട്ട അപ്പീലിനർഹതയുള്ളൂവെന്ന് അപ്പീൽ കമ്മറ്റി അറിയിച്ചു. ഇത് വരെ 307 അപ്പീലുകളാണ് ലഭിച്ചത്. ഇതിന്മേലുള്ള ഹിയറിംഗ് തുടരുകയാണ്. ഹിയറിംഗിന് പുറമെ ഫീൽഡ് പരിശോധനയും നടത്തും. അപ്പീൽ കമ്മറ്റിയുടെ സൂക്ഷ്മപരിശോധനക്ക് ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കുക. ഇതിനായി ജൂലൈ 19 ന് കമ്മറ്റി യോഗം ചേരും. ലൈഫ് മിഷൻ കോ-ഓഡിനേറ്റർ ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
വാഹനം ആവശ്യമുണ്ട്
എടക്കാട് അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടിൽ ഓഫീസ് ഉപയോഗത്തിനായി 2022 സെപ്റ്റംബർ ഒന്ന് മുതൽ 2023 ആഗസ്റ്റ് 30 വരെ ടാക്സി പെർമിറ്റുള്ള ജീപ്പ്/കാർ വാടകയ്ക്ക് നൽകാൻ തയ്യാറുള്ള വ്യക്തികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. നിരതദ്രവ്യം 2400/- രൂപ. ടെണ്ടർ സ്വീകരിക്കുന്ന ്അവസാന തീയ്യതി ജൂലൈ 29 രണ്ട് മണി. വിലാസം എടക്കാട് അഡിഷൽ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ചക്കരക്കൽ, മൗവ്വച്ചേരി പി ഒ. ഫോൺ: 04972852100.
വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള തളിപ്പറമ്പ് അഡീഷണൽ-2, ആലക്കോട് ഐ സി ഡി എസ് പ്രൊജക്ടിന്റെ ഓഫീസ് ആവശ്യത്തിലേക്കായി ഈ വർഷം സെപ്റ്റംബർ മുതൽ 2023 ആഗസ്റ്റ് 31 വരെ ടാക്സി പെർമിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. നിരതദ്രവ്യം 2400/ രൂപ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 26 ഉച്ചക്ക് 2.30. വിലാസം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഐ സി ഡി എസ് തളിപ്പറമ്പ് അഡീഷണൽ-2, ആലക്കോട്, കണ്ണൂർ, 6705771 ഫോൺ: 0460 2255128..
സൗജന്യ മത്സരപരീക്ഷ പരിശീലനം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളിൽ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരിശീലനം നൽകുന്നു. ബിരുദധാരികൾക്കും പി എസ് സി, എസ് എസ് സി മുതലായ മത്സരപരീക്ഷകൾക്ക് അപേക്ഷ നൽകിയവർക്കും മുൻഗണന. താൽപര്യമുള്ളവർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ 21 ന് മുമ്പ് ഫോൺ നമ്പർ സഹിതം വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700831.
ഓംബുഡ്സ്മാൻ സിറ്റിംഗ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ജൂലൈ 20 ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ സിറ്റിംഗ് നടത്തും.
അക്കൗണ്ടിംഗ് കോഴ്സുകൾക്ക് അപേക്ഷിക്കാം
കെൽട്രോണിന്റെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോളഡ്ജ് സെന്ററിൽ വിവിധ അക്കൗണ്ടിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എൽ സി/പ്ലസ് ടു/ഡിഗ്രി/പി ജി. താൽപര്യമുള്ളവർ തളിപ്പറമ്പ് മുൻസിപ്പാലിറ്റി ബസ്സ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9072592458, 0460 2205474.
വൈദ്യുതി മുടങ്ങും
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചക്കാലകവല, ശിവഗിരി, അറക്കൽ, പുള്ളിക്കല്ല്, കോട്ടക്കുന്ന്, കുനിയാമ്പുഴ, കുനിയാമ്പുഴ എക്‌സ്‌ചേഞ്ച്, തറചീത എന്നിവിടങ്ങളിൽ ജൂലൈ 15 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിത്താപുരം ഡി ടെക്, മുണ്ടേരിപീടിക, സി പി സ്റ്റോര്‍, ശരവണമില്‍ എന്നീ ഭാഗങ്ങളില്‍ ജൂലൈ 15 വെള്ളി രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് മണി വരെയും കാപ്പാട് പോസ്‌റ്റോഫീസ് ഭാഗം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരേയും വൈദ്യുതി മുടങ്ങും.
- Log in to post comments