Skip to main content

മരബോട്ടുകളുടെ കാലപരിധി നീട്ടൽ: നടപടി സ്വീകരിക്കുമെന്ന് മന്ത്രി

തടികൊണ്ട് നിർമ്മിച്ചതുൾപ്പെടെയുളള മത്സ്യബന്ധന ബോട്ടുകൾക്ക് നിലവിലെ കാലപരിധി കഴിഞ്ഞശേഷം മൂന്ന് വർഷത്തേക്ക് കൂടി കാലപരിധി ദീർഘിപ്പിക്കുന്നതിന് ടെക്നിക്കൽ കമ്മറ്റി ശുപാർശ ചെയതിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടി സ്വീകരിച്ചു വരികയാണെന്നും ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. കെ വി സുമേഷ് എംഎൽഎ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിലവിൽ വീൽഹൗസ് ഉളള മരബോട്ടുകൾക്ക് 12 വർഷവും വീൽഹൗസ് ഇല്ലാത്ത മരബോട്ടുകൾക്ക് എട്ട് വർഷവുമാണ് കാലപരിധി. 12 വർഷം കഴിഞ്ഞ മരബോട്ടുകൾക്ക് ലൈസൻസ് പുതുക്കി നൽകാത്തത് മത്സ്യ തൊഴിലാളികളേയും ഹാർബറുകളേയും സാരമായി ബാധിച്ചിരുന്നു. 12 വർഷം കഴിഞ്ഞ ബോട്ട് ഉപേക്ഷിച്ച് പുതിയത് വാങ്ങുക എന്നത് സാധാരണക്കാരായ മത്സ്യതൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ബാധ്യതയാവുന്ന സാഹചര്യത്തിലാണ് എം എൽ എ സബ്മിഷൻ അവതരിപ്പിച്ചത്.

കാലപ്പഴക്കം ചെന്നതും കടലിൽ മത്സ്യബന്ധന ക്ഷമതയില്ലാത്തതുമായ നിരവധി ബോട്ടുകൾ സംസ്ഥാന തീരത്ത് മത്സ്യബന്ധനം നടത്തി വരുന്നതായും അവ അപകടത്തിൽപ്പെടുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2018 ൽ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ കീഴിലുളള സാങ്കേതിക സ്ഥാപനങ്ങളായ സിഫ്റ്റ് (ഇകഎഠ), സിറ്റ് (ഇകഎചഋഠ), മെർക്കന്റൈൻ മറൈൻ ഡിപ്പാർട്ട്മെന്റ് (ങങഉ) എന്നിവയുമായും ഇന്ത്യൻ കോസ്റ്റ് ഗാർഡുമായും സംസ്ഥാന ഫിഷറീസ് വകുപ്പ് ഈ വിഷയം ചർച്ച നടത്തിയിരുന്നു. ഇവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ചേർന്ന ടെകിനിക്കൽ കമ്മറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ബോട്ടുകൾക്ക് പരമാവധി 12 വർഷം കാലപരിധി നിശ്ചയിച്ചിരുന്നത്.

മോട്ടോർ വാഹനങ്ങൾക്ക് റീ ടെസ്റ്റ് നടത്തി നിശ്ചിത കാലത്തേക്കു കൂടി കാലപരിധി ദീർഘിപ്പിച്ച് നൽകുന്നതുപോലെ മത്സ്യബന്ധന യാനങ്ങളുടെ കാര്യത്തിൽ സീവർത്ത്നെസ്സ് പരിശോധിച്ച് ഉറപ്പു വരുത്തി ഒരു നിശ്ചിത കാലത്തേക്ക് കൂടി കാലപരിധി ദീർഘിപ്പിച്ച് ലൈസൻസ് അനുവദിക്കണമെന്ന് മത്സ്യബന്ധന മേഖലയിൽ ആവശ്യമുയർന്നിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന മാരിടൈം ബോർഡിന്റെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി ടെക്നിക്കൽ കമ്മറ്റി പുന:സംഘടിപ്പിച്ചു. ഈ കമ്മറ്റിയുടെ നിർദേശപ്രകാരമാണ് തടികൊണ്ട് നിർമ്മിച്ചതുൾപ്പെടെയുളള മത്സ്യബന്ധന ബോട്ടുകൾക്ക് നിലവിലുളള വിജ്ഞാപന പ്രകാരമുളള കാലപരിധി കഴിഞ്ഞശേഷം മൂന്ന് വർഷത്തേക്ക് കൂടി കാലപരിധി വർദ്ധിപ്പിച്ച് നൽകാമെന്ന് ശുപാർശ ചെയ്തത് . ശുപാർശയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി നിയമസഭയിൽ അറിയിച്ചു.

date