Skip to main content

കാലവർഷം:18 വീടുകൾ തകർന്നു

കാലവർഷക്കെടുതിൽ ജില്ലയിൽ നാശനഷ്ടം തുടരുന്നു. ഒരു വീട് പൂർണ്ണായും 17 വീട് ഭാഗികമായും തകർന്നു. കണ്ണൂർ താലൂക്ക് മുഴപ്പിലങ്ങാട് വില്ലേജിലെ ഖദീജയുടെ വീട് പൂർണമായും തകർന്നു. എടക്കാട് പൊലീസ് സ്റ്റേഷൻ പരിസരത്തെ കെ രാജന്റെ വീടിന്റെ മേൽക്കുര കാറ്റിൽ തകർന്നു. കണ്ണാടിപറമ്പ് വില്ലേജിലെ മാലോട്ട് മീത്തലെ പുരയിൽ കാർത്ത്യായനി, മാവിലായി വില്ലേജ് പൊതുവാച്ചേരിയിലെ പട്ടറേത്ത് ജമീല എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.
പയ്യന്നൂർ താലൂക്ക് പുളിങ്ങോം വില്ലേജിലെ വയലായിയിൽ പൊതുമരാമത്ത് റോഡിന് കുറുകെ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാരനായ ചുണ്ട വിളക്കുവട്ടം സ്വദേശി രാജീവന്റെ ബൈക്കിന് മുകളിലായാണ് മരം വീണത്. ആളപായമില്ല. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്. വയലായി ബസ് ഷെൽട്ടറിന് സമീപം സ്‌കൂട്ടറിന് മുകളിൽ മരം വീണ് പാടിച്ചാൽ സ്വദേശി സൂരജിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി താലൂക്കിൽ 10 വീടുകൾ ഭാഗികമായി തർകർന്നു. പിണറായി വില്ലേജിലെ സമീറ മൻസിലിൽ സമീറ, ദാറുൽ ഫറയിലെ ഷമീമ, എരഞ്ഞോളിയിലെ കില്ലിയോട്ടുചാലിൽ ബാലകണ്ടി മാതു, തലശ്ശേരി വില്ലേജിലെ കൃഷ്ണൻ ഓടഞ്ചേരി, പണ്ടൻകുന്നത്തെ കരുവാത്ത് സുരേന്ദ്രൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. ധർമടം വില്ലേജിലെ മൂസ, ആലോറ പവിത്രൻ, പി.കെ രവീന്ദ്രൻ, രേഷ്മ, കെ. അമല എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. മരം വീണ് മേലൂരിലെ കെ ചന്ദ്രിയുടെ ചായക്കട ഭാഗികമായി തകർന്നു.
ഇരിട്ടി താലൂക്ക് പായം വില്ലേജിലെ വള്ളിക്കാട്ടിൽ ജോസഫ് മാമച്ചന്റെ വീടിന്റെ മേൽക്കുര കാറ്റിൽ തകർന്നു. ചാവശ്ശേരി വില്ലേജിൽ ആവട്ടിയിലെ കെ ദാമോദരൻ, പാർവതി നിലയത്തിൽ ഭാനുമതി എന്നിവരുടെ വീടിനു മുകളിൽ മരം പൊട്ടി വീണ് നാശനഷ്ടമുണ്ടായി. കച്ചേരിക്കടവിലെ കല്ലുപ്രായിൽ സിനുവിന്റെ വീട്ടുമുറ്റം ഇടിഞ്ഞു. മരം വീണ് അങ്ങാടിക്കടവിലെ എം ഡി മാത്യുവിന്റെ പശുത്തൊഴുത്ത് പൂർണമായും തകർന്നു.

date