കാർബൺ ന്യൂട്രലാകാൻ ഒരുങ്ങി മൊകേരി
കാലാവസ്ഥ വ്യതിയാനത്തിനും പ്രകൃതിക്ഷോഭത്തിനും പ്രതിരോധം തീർക്കുന്നതിന്റെ ആദ്യപടിയായി കാർബൺ ന്യൂട്രലാകാനൊരുങ്ങി മൊകേരി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിന്നും ജനകീയ വിവരശേഖരണം നടത്തുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. വീട്ടുപറമ്പുകൾ കൃഷിയിലൂടെ തരിശ് രഹിതമാക്കി ഹരിത ഭവനങ്ങൾ ഒരുക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി കാന്താരി, മുരിങ്ങ, കറിവേപ്പില, പപ്പായ തുടങ്ങിയവയുടെ തൈകൾ പഞ്ചായത്ത് നൽകും. അമിത അളവിലുള്ള കാർബൺ ബഹിർഗമനം നിയന്ത്രിക്കാൻ ഫിലമെന്റ് ബൾബുകൾ പൂർണമായി ഒഴിവാക്കി എൽ ഇ ഡി ബൾബുകൾ ലഭ്യമാക്കും. കമ്പോസ്റ്റ് പിറ്റുകൾ, ഊറ്റ് ജല കുഴികൾ എന്നിവ മുഴുവൻ വീടുകളിലും നിർമ്മിക്കുന്നതിനൊപ്പം കിണർ റീച്ചാർജിങ്ങ് പ്രോത്സാഹിപ്പിക്കും. പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നത് തടയാൻ വിവിധയിടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിയന്ത്രണം, വന-ജൈവ വൈവിധ്യ സംരക്ഷണം, ഭക്ഷ്യ, ഊർജ സ്വയംപര്യാപ്തത, മാലിന്യനിർമാർജനം, ശുദ്ധമായ മണ്ണ്, വെള്ളം, വായു എന്നിവയാണ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങൾ. വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന 'വാതിൽപ്പടി ശേഖരണം' പഞ്ചായത്തിൽ 60 ശതമാനം പൂർത്തിയാക്കി. ആറ് മാസത്തിനുള്ളിൽ ഊർജ ഉപയോഗം, കാർബൺ പുറം തള്ളുന്ന മേഖലകൾ എന്നിവയെക്കുറിച്ചുള്ള സാങ്കേതിക പഠനം പൂർത്തിയാക്കി പരമാവധി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ പറഞ്ഞു.
- Log in to post comments