Skip to main content

നാട്ടുകൂട്ടങ്ങളുടെ നാടാകാനൊരുങ്ങി പയ്യാവൂർ; പ്രഖ്യാപനം ആഗസ്റ്റിൽ

പോയിമറഞ്ഞ കാലത്തെയും കടന്നുവന്ന നാൾവഴികളെയും ഓർമ്മപ്പെടുത്തി 'നാട്ടുകൂട്ടങ്ങളുടെ' നാടാകാനൊരുങ്ങുകയാണ് പയ്യാവൂർ. പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കാണെന്ന് തോന്നുമെങ്കിലും കൃത്യമായ ലക്ഷ്യത്തോടെയാണ് നാട്ടുകൂട്ടങ്ങൾ രൂപീകരിച്ചത്. സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ പ്രഖ്യാപനം ഓഗസ്റ്റിൽ നടക്കും. അടിയന്തര ആവശ്യങ്ങൾ ദ്രുതഗതിയിൽ നടപ്പാക്കുക, പഞ്ചായത്ത് തലത്തിൽ നടത്തുന്ന പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുക, ഗ്രാമസഭയിലെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക, പഞ്ചായത്തിൽ വിവരശേഖരണം നടത്തി അത് ഡിജിറ്റലൈസ് ചെയ്യുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഡിസംബറിൽ ആരംഭിച്ച നാട്ടുകൂട്ടങ്ങളുടെ രൂപീകരണം പൂർത്തിയായി. പഞ്ചായത്തിലെ 16 വാർഡുകളിലായി 209 നാട്ടുകൂട്ടങ്ങളാണുള്ളത്. 30 വീടുകളാണ് ഒരു നാട്ടുകൂട്ടത്തിൽ ഉണ്ടാവുക. 10 മുതൽ 15 നാട്ടുകൂട്ടം വരെയുള്ള വാർഡുകൾ പഞ്ചായത്തിലുണ്ട്. അതത് പഞ്ചായത്ത് അംഗങ്ങൾക്കാണ് ഇതിന്റെ ചുമതല. ഇവരുടെ നേതൃത്വത്തിൽ ഓരോ കൂട്ടങ്ങൾക്കും വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, കുടിവെള്ളം, ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പ് വരുത്താൻ നാട്ടുക്കൂട്ടങ്ങളിലൂടെ സാധിക്കും. ആദ്യഘട്ടത്തിൽ തരിശുഭൂമികളുടെ എണ്ണം, ഭിന്നശേഷിക്കാർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, ചികിത്സിക്കുന്ന സ്ഥലം, പാലിയേറ്റീവ് രോഗികൾ, നടപ്പാതകൾ, ശൗചാലയങ്ങൾ, മാലിന്യ സംസ്‌കരണം, ഹരിത കർമ്മ സേന, വാക്്‌സിനേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട 25 ചോദ്യങ്ങളുമായാണ് വിവരശേഖരണം നടത്തുന്നത്. പഞ്ചായത്ത് അംഗങ്ങൾക്കും ആശാ വർക്കർമാർക്കുമാണ് വിവര ശേഖരണത്തിന്റെ ചുമതല. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ, ഭൗതിക, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താനുള്ള നൂതന പദ്ധതികൾ ആസൂത്രണം ചെയ്യുകയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യർ പറഞ്ഞു.

date