Skip to main content
വായനാമാസചാരണം ജില്ലാതല സമാപനവും സമ്മാനദാനവും ജില്ലാ ആസൂത്രണ സമിതി ഹാളിൽ തദ്ദേശ ഏകസൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം  ചെയ്യുന്നു

വായനാ മാസാചരണം സമാപനവും സമ്മാനദാനവും നിർവഹിച്ചു

 

 

വായന മനുഷ്യനെ പുതുക്കിപ്പണിയുന്നു: 

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

 

വായന മനുഷ്യനെ പുതുക്കിപ്പണിയുന്നുവെന്നും കൃത്യമായി സംവദിക്കാനുള്ള ശേഷി നൽകുമെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ലൈബ്രറി കൗൺസിൽ, പിഎൻ പണിക്കർ ഫൗണ്ടേഷൻ, സാക്ഷരതാ മിഷൻ എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച വായനാ മാസാചരണത്തിന്റെ സമാപനവും സമ്മാനദാനവും ജില്ലാ ആസൂത്രണ സമിതി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  

വായന വ്യക്തികളെ രൂപപ്പെടുത്തുന്നു. മനുഷ്യന്റെ എല്ലാവികാരങ്ങളെയും ഏറ്റുവാങ്ങാൻ വായനയിലൂടെ  സാധിക്കും. ശാസ്ത്ര സാങ്കേതിക വിദ്യകൾ അറിഞ്ഞും പ്രയോഗിച്ചും വളരുന്ന പുതിയ തലമുറയെ നവീകരിക്കാൻ വായനക്ക് കഴിയും. ലൈബ്രറികൾ അനൗപചാരിക സർവകലാശാലകളാണ്. തുടർച്ചയായ വായനയിലൂടെ മാത്രമേ സങ്കീർണതകളെ മറികടന്ന് ആശയവിനിമയ ശേഷി കൈവരിക്കാൻ കഴിയൂ. പുസ്തകങ്ങളെ കാണാപാഠം പഠിക്കലല്ല അറിവെന്നും വായനക്ക് പകരം വെക്കാൻ മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  

വിദ്യാർഥികൾക്കായി നടത്തിയ കഥ, കവിതാ രചന, ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും വായനാ ചങ്ങാത്തം ലൈബ്രറികൾക്കുള്ള പുരസ്‌കാര ദാനവും, 'എന്റെ കേരളം' എക്‌സിബിഷനിൽ സേവനമനുഷ്ഠിച്ച

വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപറേഷൻ കായിക-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ്ബാബു എളയാവൂർ, പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി സി സുരേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, പിഎൻ പണിക്കർ ഫൗണ്ടേഷൻ പ്രതിനിധി കാരയിൽ സുകുമാരൻ, സർവശിക്ഷാ കേരള ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റർ ഇ സി വിനോദ്, ജില്ലാ വിദ്യാരംഗം കൺവീനർ ഇ പി വിനോദ് കുമാർ, സാക്ഷരതമിഷൻ ജില്ലാ കോ ഓഡിനേറ്റർ ഷാജു ജോൺ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ ഓഡിനേറ്റർ പി വി പ്രദീപൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു, ചെറുതാഴം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി എം വേണുഗോപാൽ, എസ് എസ് കെ പ്രോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു

date