സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വർധിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ഉന്നത വിജയം ആഘോഷമാക്കി ജില്ലാ പഞ്ചായത്ത്
ഭൗതിക സാഹചര്യം മെച്ചപ്പെട്ടതോടെ കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വർധിച്ചതായി
തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെയും അനുമോദിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'വിജയോത്സവം 2022' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വർഷങ്ങൾക്ക് മുമ്പ് കുട്ടികളില്ലാതെ അടച്ചു പൂട്ടേണ്ട സ്ഥിതിയിലായിരുന്നു സംസ്ഥാനത്തെ പല വിദ്യാലയങ്ങളും. അപ്പോഴും സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ ഭീമമായ ഫീസ് നൽകി രക്ഷിതാക്കൾ അയച്ചു. ഇതോടെയാണ് ഒന്നാം പിണറായി വിജയൻ സർക്കാർ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത്. അതോടെ ആരും ആവശ്യപ്പെടാതെ തന്നെ ഇവിടേക്ക് വിദ്യാർഥികൾ വന്നു തുടങ്ങി. ഈ വർഷം മാത്രം സ്വകാര്യ സ്കുളുകളിൽ നിന്നും ടി സി വാങ്ങി 1,20,000 കുട്ടികളാണ് പൊതുവിദ്യാലയങ്ങളിലെത്തിയത്. ഇത് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല ലോക നിലവാരത്തിലേക്ക് ഉയർന്നതിന്റെ തെളിവാണ്. കുട്ടികളെ ലക്ഷ്യബോധത്തോടെ നയിക്കാൻ സമൂഹത്തിന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
എസ് എസ് എൽ സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 4,170 പേർ, പ്ലസ് ടുവിന് മുഴുൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 2563 പേർ, 100 ശതമാനം വിജയം നേടിയ 168 സ്കൂളുകളുടെ അധികൃതർ, പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടിയ നാല് വിദ്യാർത്ഥികൾ, ഉന്നത വിജയത്തിനായി പ്രവർത്തിച്ച ഉദ്യോഗത്ഥർ, അധ്യാപകർ എന്നിവർക്കാണ് അനുമോദനം. ഇതിൽ 23 സ്കൂളുകളിലെ വിദ്യാർഥികളെയും മുഴുവൻ സ്കൂളുകളെയും ഉദ്യോഗസ്ഥരെയുമാണ് വെള്ളിയാഴ്ച അനുമോദിച്ചത്. ബാക്കിയുള്ളവരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ചടങ്ങ് സംഘടിപ്പിച്ച് അനുമോദിക്കും.
കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. അഡ്വ. പി സന്തോഷ് കുമാർ എം പി, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, വി കെ സുരേഷ് ബാബു, യു പി ശോഭ, ടി സരള, കോർപ്പറേഷൻ കൗൺസിലർ എൻ സുകന്യ ടീച്ചർ, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, കണ്ണൂർ ആർ ഡി സി, പി വി പ്രസീത, എ ഡി വി എച്ച് എസ് ഇ, ഇ ആർ ഉദയകുമാരി, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ്, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ പി വി പ്രദീപൻ, ഡി പി സി, എസ് എസ് കെ ഇ സി വിനോദ്, പാലയാട് ഡയറ്റ് പ്രിൻസിപ്പൽ കെ വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു
- Log in to post comments