Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-07-2022

യോഗ പരിശീലക നിയമനം

 

തലശ്ശേരി ഗവ. മഹിളാ മന്ദിരത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം യോഗ പരിശീലിപ്പിക്കാൻ എട്ട് മാസത്തേക്ക്  പരിശീലകയെ നിയമിക്കുന്നു. യോഗ്യത: സർക്കാർ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഡിപ്ലോമ ഇൻ യോഗ ട്രെയിനിങ്്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള വനിതകൾ ജൂലൈ 27ന് രാവിലെ 11 മണിക്ക് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ  അസ്സലും പകർപ്പും സഹിതം തലശ്ശേരി ഗവ. മഹിളാ മന്ദിരം ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹജരാവണം. ഫോൺ: 0490 2321511.

 

ടെക്നിക്കൽ ഹയർസെക്കണ്ടറി പതിനൊന്നാം ക്ലാസ് പ്രവേശനം നീട്ടി

 

ഐ എച്ച് ആർ ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ഈ അധ്യയന വർഷം പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയ്യതി ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് രണ്ടിന് വൈകിട്ട് മുന്ന് മണിക്ക് മുമ്പ് സ്ഥാപനമേധാവിക്ക് ലഭിക്കണം.കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.

 

കെട്ടിടം പൊളിക്കാൻ ലേലം

 

വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരത്തെ പഴയ മൂന്ന് പൊലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ലേലം ചെയ്യുന്നു. ആഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് വളപട്ടണം സ്റ്റേഷനിൽ ലേലം നടക്കും. ഫോൺ: 04972 763332.

 

ടെണ്ടർ

 

പയ്യന്നൂർ അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ ഉപയോഗത്തിനായി ഡ്രൈവർ സഹിതം വാഹനം വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് നാലിന് ഉച്ചക്ക് ഒരു മണി. ഫോൺ: 04985236166.

വനിത ശിശു വികസന വകുപ്പിന് കീഴിലെ പേരാവൂർ ശിശു വികസന പദ്ധതി ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി വാഹനം (കാർ/ജീപ്പ്) വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് ആറിന് ഉച്ചക്ക് ഒരു മണി. ഫോൺ : 0490 2447299.

 

വിദ്യാർഥികളെ അനുമോദിക്കും

 

ഹയർ സെക്കണ്ടറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്് ലഭിച്ച സ്‌കോൾ കേരള വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിന്റെയും 'സത്യമേവ ജയതേ' ഡിജിറ്റൽ ലിറ്ററസി ക്യാമ്പയിന്റെയും ഉദ്ഘാടനം

ജൂലൈ 24ന് രാവിലെ 10 മണിക്ക് പള്ളിക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ വി സുമേഷ് എം എൽ എ നിർവഹിക്കും. പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺ 'മീഡിയ ലിറ്ററസി' എന്ന വിഷയത്തിൽ ക്ലാസെടുക്കും.

 

പരിശീലനം ആരംഭിച്ചു

 

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം കണ്ണൂർ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പശുമിത്ര പരിശീലന പരിപാടി ആരംഭിച്ചു. കനാറാ ബേങ്ക് കണ്ണൂർ നോർത്ത് അസിസ്റ്റന്റ് റീജ്യണൽ മാനേജർ എ യു രാജേഷ് ഉദ്ഘാടനം ചെയ്തു. റുഡ്സെറ്റ് ഡയറക്ടർ കെ പി അരുൺ അധ്യക്ഷത വഹിച്ചു. കനാറാ ബാങ്ക് സീനിയർ മാനേജർ ഷിനോജ്, ഫാക്കൾറ്റി സി റോഷ്ണി എന്നിവർ സംസാരിച്ചു. 60 ദിവസം ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ കേരളത്തിലെ വിവിധ ജില്ലകളിലുളളവർ പങ്കെടുക്കുന്നുണ്ട്.

 

ഡോക്ടർ നിയമനം

 

പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത്് ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റിന്റെ അസ്സലുമായി ജൂലൈ 25ന് രാവിലെ 10.30ന് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0490 2382710.

 

മാടായി ഗവ. ഐടിഐ പ്രവേശനം

 

മാടായി ഗവ. ഐ ടി ഐലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ സി വി ടി അഫിലിയേഷനുളള ദ്വിവത്സര ട്രേഡുകളായ ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ, ഏക വത്സര ട്രേഡായ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയിൽ ഓൺലൈനായി 100 രൂപ ഫീസടച്ച് അപേക്ഷിക്കാം.  https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ജൂലൈ 30 വരെ അപേക്ഷിക്കാം. ഫോൺ: 04972876988.

 

പി വി കെ കടമ്പേരി പുരസ്‌കാരം പ്രഖ്യാപിച്ചു

 

ജില്ലാ ലൈബ്രറി കൗൺസിൽ, കടമ്പേരി സി അർ സി വായനശാല, പി വി കെ കടമ്പേരി ഫൗണ്ടേഷൻ എന്നിവ സംയുക്തമായി ഏർപ്പെടുത്തിയ പി വി കെ കടമ്പേരി പുരസ്‌കാരം കൊട്ടില സർഗചേതന പബ്ലിക് ലൈബ്രറിക്ക്. ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിനുളളതാണ് പുരസ്‌കാരം. പ്രശസ്തിപത്രം, മെമന്റോ, 10000 രൂപ മുഖവിലയുളള പുസ്തകങ്ങൾ എന്നിയാണ് പുരസ്‌കാരമായി ലഭിക്കുക.

 

ജില്ലാ ആസൂത്രണ സമിതി യോഗം 25ന്

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകാൻ ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 25ന് ഉച്ചക്ക് 12.30ന് ആസൂത്രണ സമിതി ഹാളിൽ ചേരും.

 

ധനസഹായത്തിന് അപേക്ഷിക്കാം

 

ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് ധനസഹായം നൽകുന്നു. അപേക്ഷ ആഗസ്റ്റ് എട്ടിന് മുമ്പ് ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ആറളം സൈറ്റ് മാനേജരുടെ ഓഫീസിലോ കണ്ണൂർ ഐ ടി ഡി പി ഓഫീസിലോ ലഭിക്കണം. അപേക്ഷക്കൊപ്പം ജാതി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും നൽകണം. ഫോൺ: 0497 2700357, 9496070386, 9496070387, 9496070388, 9496070401, 9496070393.

 

ജനസംഖ്യാ സ്ഥിരതാ പക്ഷാചരണം

 

ജൂലൈ 11 മുതൽ 24 നടക്കുന്ന ലോക ജനസംഖ്യാ സ്ഥിരതാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാം, പുരോഗതിയുടെ പുതിയ അധ്യായം രചിക്കാം' എന്ന വിഷയത്തിൽ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. വർധിച്ചുവരുന്ന ജനസംഖ്യക്കൊപ്പം ഉയർന്നുവരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും ലിംഗസമത്വം, വംശം, വർഗം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനാണ് പക്ഷാചരണം നടത്തുന്നത്. ഇതോടൊപ്പം പൊതുജനങ്ങളെ കുടുംബാസൂത്രണ മാർഗങ്ങൾ ബോധ്യപ്പെടുത്താനും ലക്ഷ്യമിടുന്നു.

കണ്ണൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലിൽ നടന്ന ചടങ്ങിൽ ജില്ലാ ആർ സി എച്ച് ഓഫീസർ ഇൻ ചാർജ് ഡോ ബി സന്തോഷ് ക്ലാസെടുത്തു. കണ്ണൂർ സ്പിന്നിങ് മിൽസ് പ്രൊഡക്ഷൻ മാനേജർ പി പ്രശാന്ത്, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ജോസഫ് മാത്യു, ദേശീയ ആരോഗ്യദൗത്യം ജൂനിയർ കൺസൽട്ടന്റ് ബിൻസി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

 

സൗജന്യ പരിശീലനം തുടങ്ങി

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മത്സര പരീക്ഷാ പരിശീലനം ആരംഭിച്ചു. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ തോമസ് ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ ടി മുഹമ്മദ് ഷഹീർ, എംപ്ലോയ്‌മെന്റ് ഓഫീസർ രമേശൻ കുനിയിൽ, പഞ്ചായത്ത് സെക്രട്ടറി സി എം ഹരിദാസ്, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ മിഥുൻ ചന്ദ്രൻ, ലൈബ്രേറിയൻ ബിനോയ് മാത്യു എന്നിവർ പങ്കെടുത്തു. വളപട്ടണം പഞ്ചായത്ത് ലൈബ്രറി ഹാളിലാണ് 30 ദിവസത്തെ പരിശീലനം നടക്കുന്നത്.

 

വൈദ്യുതി മുടങ്ങും

 

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കനന്നൂർ ഹാൻഡ്ലൂം, കാമറിൻ, വലിയന്നൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 24 ഞായർ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആഞ്ച് മണി വരെയും പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ബർണശേരി ഇലക്ട്രിക്കൽ സെക്ഷനിലെ സ്റ്റേഷൻ റോഡിൽ കോമളം, അഭിലാഷ് ടൂറിസ്റ്റ് ഹോം, പാപ്പാസ് കോംപ്ലക്സ് പരിസരങ്ങളിൽ ജൂലൈ 24 ഞായർ രാവിലെ 11 മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എസ് ഇ എസ് കോളേജ്, തുമ്പേനി, മടമ്പം ബി എഡ് കോളേജ് എന്നിവിടങ്ങളിൽ ജൂലൈ 24 ഞായർ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

കുടുംബശ്രീ മൈക്രോ ഫിനാൻസ് വായ്പ

 

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നതിനായി പട്ടികജാതിയിൽപ്പെട്ട കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ച പട്ടികജാതി വനിതകളുടെ അയൽക്കൂട്ടങ്ങൾ ആയിരിക്കണം. ഒരു അയൽക്കൂട്ടത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. അംഗങ്ങളുടെ പ്രായപരിധി 18നും 55നും ഇടയിൽ. അംഗങ്ങളുടെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. വായ്പയുടെ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വർഷവും ആണ്. വിശദ വിവരത്തിനും അപേക്ഷാ ഫോറത്തിനും കോർപ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513.

 

അപേക്ഷാ തീയ്യതി നീട്ടി

 

സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന എസ് എച്ച് ജി വായ്പ ലഭ്യമാക്കുന്നതിന് സിഡിഎസുകളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി. വെബ്‌സൈറ്റ് www.keralapttoery.org

date