Skip to main content

കുട്ടിക്കുറുമ്പുകള്‍ക്കായി ഡിജിറ്റല്‍ 'കഥപ്പെട്ടി'

കഥയും കവിതയും കളികളും നിറഞ്ഞ 'കഥപ്പെട്ടി'യുമായി മയ്യില്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ സജീവമാകും. കുട്ടികളുടെ അഭിരുചിക്കാവശ്യമായവ ടിവിയില്‍ കണ്ട് പഠിക്കാനുള്ള അവസരമാണ് കഥപ്പെട്ടിയെന്ന പദ്ധതിയിലൂടെ ഒരുക്കുന്നത്. ഇതിനായി കഥ, കവിത, സിനിമ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ഡിജിറ്റല്‍ സ്റ്റോറേജുകള്‍ വിതരണം ചെയ്യും.  
പഞ്ചായത്തില്‍ 29 അങ്കണവാടികളാണുള്ളത്. ഇവ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി എം എല്‍ എ ഫണ്ടിലൂടെ എല്ലാ അങ്കണവാടികള്‍ക്കും ടിവി നല്‍കിയിരുന്നു. എന്നാല്‍ കേബിള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാങ്കേതിക തടസം കാരണം കഴിഞ്ഞില്ല. ഇതോടെയാണ് ഡിജിറ്റല്‍ സ്റ്റോറേജ് എന്ന ആശയത്തിലെത്തിയത്. ഒറ്റത്തവണ മുടക്കുമുതലെന്നതിനൊപ്പം അപ്ഡേഷന്‍ സാധ്യമാകുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. തനത് ഫണ്ടില്‍ നിന്ന് 1,05,000 രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത് ഒരു ടിബി ഹാര്‍ഡ് ഡിസ്‌കോ പെന്‍ ഡ്രൈവോ ആണ് നല്‍കുക. കഥ, കവിത, സിനിമ, പാട്ട്, കാര്‍ട്ടൂണ്‍, കളികള്‍ തുടങ്ങി കുട്ടികളുടെ അഭിരുചിക്കാവശ്യമായവ വിദഗ്ധരുടെ സഹായത്തോടെ ഹാര്‍ഡ് ഡിസ്‌കില്‍ ഉള്‍പ്പെടുത്തും. അതിവേഗം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ണ പറഞ്ഞു.

date