Skip to main content

സ്‌കൂൾ പരിസരങ്ങളിൽ ലഹരി മാഫിയ: പരിശോധനകൾ കർക്കശമാക്കണം -ജില്ലാ വികസന സമിതി യോഗം

 

സ്‌കൂൾ പരിസരങ്ങളിൽ വ്യാപകമാവുന്ന ലഹരി മാഫിയക്കെതിരെ പരിശോധനകൾ നടത്തി കർക്കശ നടപടികൾ സ്വീകരിക്കാൻ എക്സൈസ്, പോലീസ് വകുപ്പുകൾക്ക് ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി. ജില്ലയിലെ ചില സ്‌കൂളുകളിൽ അതിരാവിലെയും വൈകീട്ടും ഇടവേളകളിലും ലഹരി മാഫിയയുടെ കണ്ണികൾ കയറിയിറങ്ങുന്നായും ചെറിയ കുട്ടികൾ വരെ ഇരകളാവുന്നതായും വിഷയം ഉന്നയിച്ച കെ വി സുമേഷ് എംഎൽഎ പറഞ്ഞു. സ്‌കൂൾ അധികൃതരും അധ്യാപക രക്ഷാകർതൃ സമിതികളും ഈ  വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ പരിശോധനകൾ നടത്തി സ്‌കൂളുകളെ ലഹരിയുടെ പിടിയിൽ പെടാതെ കാത്തുസൂക്ഷിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.

പാട്യം ഗ്രാമപഞ്ചായത്തിലെ മുണ്ടയാട് ആദിവാസി കോളനിയിൽ 25 കുടുംബങ്ങൾക്ക് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ റിംഗ് ചെക്ക് ഡാം നിർമ്മിക്കാൻ വനാവകാശ നിയമപ്രകാരം അനുമതി നൽകാമെന്ന് കണ്ണൂർ ഡിഎഫ്ഒ അറിയിച്ചു. വനം വകുപ്പിന് പ്രൊപ്പോസൽ സമർപ്പിച്ചതായി ഭൂജലവകുപ്പ് അറിയിച്ചു.

പാനൂരിലെ പഴയ സിഐ ഓഫീസ് കെട്ടിടം ആറ് മാസത്തേക്ക് ഫയർ ആൻഡ് റെസ്‌ക്യു വകുപ്പിന് വിട്ടുനൽകിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഓഫീസ് മാറ്റിയാൽ ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണ പ്രവൃത്തി തുടങ്ങാൻ കഴിയും.

ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലിന്റെ നിയമനം നടത്തുന്നതുവരെയുള്ള ചാർജ് സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് നൽകിയതായി ഹയർ സെക്കൻഡറി മേഖലാ ഉപഡയറക്ടർ അറിയിച്ചു. സ്‌കൂളിൽ ആവശ്യമായ അധ്യാപക തസ്തിക അനുവദിക്കാനും പ്രിൻസിപ്പൽ നിയമനം ഉടൻ നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

കൊട്ടിയൂർ റേഞ്ചിലെ അയ്യൻകുന്ന് പഞ്ചായത്തിൽ കർണാടക ബ്രഹ്മഗിരി സങ്കേതവുമായി അതിർത്തി പങ്കിടുന്ന കൂട്ടുപുഴ മുതൽ പാലത്തിൻകടവ് വരെയുള്ള ഭാഗത്ത് ബാരാപോൾ പുഴ കടന്നെത്തുന്ന കാട്ടാനകളാണ് നാശനഷ്ടം ഉണ്ടാക്കുന്നതെന്നും ഈ ഭാഗത്ത് ഏഴ് കിലോ മീറ്റർ തൂക്കുവേലി നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നതായും കണ്ണൂർ ഡിഎഫ്ഒ അറിയിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ വനമേഖലയോട് ചേർന്നുകിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് 160 പേർ സമർപ്പിച്ച അപേക്ഷയിൽ തുടർനടപടി സ്വീകരിച്ചുവരുന്നു. തളിപ്പറമ്പ് റേഞ്ച് പരിധിയിൽ പയ്യാവൂർ പഞ്ചായത്തിൽ ത്രിതല പഞ്ചായത്തിന്റെ 80 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതു പ്രകാരം വനാതിർത്തിയിലും സ്വകാര്യഭൂമിയിലും കൂടി കടന്നുപോവുന്ന 11.5 കി.മീ സൗരോർജ തൂക്കുവേലിയുടെ നിർമ്മാണ പ്രവൃത്തി പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആരംഭിച്ചതായും ഡിഎഫ്ഒ അറിയിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ രാജഗിരി എടക്കോളനിയിൽ നിലവിലെ സോളാർ ഫെൻസിംഗ് ഒരു കി.മീ തകർന്ന നിലയിലായതിനാൽ അറ്റകുറ്റ പ്രവൃത്തികൾക്ക് നടപടി സ്വീകരിച്ചുവരുന്നതായും അറിയിച്ചു.

ഇരിട്ടി താലൂക്കാശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ടിനെ നിയമിച്ചതായി ഡിഎംഒ (ആരോഗ്യം) അറിയിച്ചു. സ്പെഷാലിറ്റി ഒഴിവുള്ള തസ്തികകളിൽ അഡ്ഹോക് നിയമനം നടത്തി. കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ എൻഎച്ച്എം മുഖേന എൻസിഡി ഡോക്ടറെ നിയമിച്ചതിനാൽ തിരക്ക് കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. അസി. സർജനെ നിയമിക്കാനുള്ള പ്രൊപ്പോസൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. എരിപുരം താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ട്.

രാമപുരത്തെ വഴിയോര വിശ്രമകേന്ദ്രം നടത്തിപ്പിന്് ടെൻഡർ കെട്ടിടവിഭാഗം ചീഫ് എൻജിനീയർ അംഗീകരിച്ചിട്ടുണ്ട്. ഉടൻ ടെൻഡർ നടപടി സ്വീകരിക്കും.

പയ്യന്നൂർ ഡിപ്പോയിൽനിന്ന് രാവിലെ അഞ്ച് മണിക്ക് പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചതായി ഡിടിഒ അറിയിച്ചു. റെയിൽവേ സ്‌റ്റേഷനിൽനിന്നുള്ള രാത്രി സർവീസ് ആവശ്യമായ ജീവനക്കാരും ബസുകളും ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കും. യാത്രാ സൗകര്യം കുറവുള്ള ഹ്രസ്വദൂര റൂട്ടുകളിലേക്ക് ബസ് പെർമിറ്റ് അനുവദിക്കാനുള്ള മുഴുവൻ അപേക്ഷകളും ആഗസ്റ്റ് 29ന് ചേരുന്ന ആർടിഎ യോഗത്തിലുൾപ്പെടുത്തി തീരുമാനിക്കും.

കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലത്തിനായി ഭൂമി ഏറ്റെടുത്ത് സെപ്റ്റംബർ മാസത്തിന് മുമ്പ് കൈമാറാൻ സാധിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ (എൽഎ) അറിയിച്ചു.

പുതിയങ്ങാടി ചൂട്ടാട് മണൽത്തിട്ടയിൽ ബോട്ട് മറിയുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുലിമുട്ട് സ്ഥാപിക്കുന്നതിന് കോസ്റ്റൽ റെഗുലേറ്ററി സോൺ അനുമതി ലഭിച്ചു.

കാലാങ്കി ഏകാധ്യാപക വിദ്യാലയം നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് അഡ്വ. സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് ഒമ്പത് കി.മീ അകലെയുള്ള സ്‌കൂളാണ് ഇനി ആശ്രയം. സ്‌കൂൾ തിങ്കളാഴ്ച  ഡിഡിഇ സന്ദർശിക്കും. വയനാട്-കാസർകോട് കെഎസ്ഇബി ലൈനിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പയ്യന്നൂരിൽ സ്ഥാപക്കുന്ന ഫിഷറീസ് സർവകലാശാല കേന്ദ്രം തുടങ്ങാനുള്ള അനുമതികൾ വേഗത്തിലാക്കാൻ കലക്ടർ നിർദേശിച്ചു.

എംഎൽഎമാരായ കെ പി മോഹനൻ, അഡ്വ. സണ്ണി ജോസഫ്, കെ വി സുമേഷ്, അഡ്വ. സജീവ് ജോസഫ്, കെ സുധാകരൻ എംപിയുടെ പ്രതിനിധി ടി ജയകൃഷ്ണൻ, കെ മുരളീധരൻ എംപിയുടെ പ്രതിനിധി എംപി അരവിന്ദാക്ഷൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതിനിധി അഡ്വ. കെ ബ്രിജേഷ് കുമാർ, എഡിഎം കെ കെ ദിവാകരൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date