അഴീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിട സമുച്ചയമൊരുങ്ങുന്നു
അര നൂറ്റാണ്ടിലേറെയായി അഴീക്കോടുകാരുടെ ആരോഗ്യ പരിപാലന കേന്ദ്രമായി പ്രവർത്തിക്കുന്ന അഴീക്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയത് നിർമ്മിക്കുക. കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുകയും തൂണുകൾക്ക് ബലക്ഷയം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ആധുനിക രീതിയിലുള്ള ആശുപത്രി ബ്ലോക്ക് ഒരുക്കാൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, അഴീക്കോട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ഫണ്ടും അഴീക്കോട് എം എൽ എയുടെ ആസ്തിവികസന ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം പണിയുക. ഒപി ബ്ലോക്ക്, ദന്തൽ ബ്ലോക്ക്, ക്യാൻസർ പരിശോധന കേന്ദ്രം, ഫിസിയോ തെറാപ്പി ബ്ലോക്ക്, ലാബ് സെക്ഷൻ, എൻ സി ഡി ക്ലിനിക്ക്, ഇമ്മ്യൂണൈസേഷൻ ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ടാകും. ഒന്നാംഘട്ട പ്രവൃത്തി 2023 മാർച്ചോടെ പൂർത്തിയാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ പറഞ്ഞു.
പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ ലേല നടപടികൾ പൂർത്തിയാക്കി കരാർ നൽകി. ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന ദന്തൽ വിഭാഗം താൽക്കാലികമായി നിർത്തിവെക്കും. ഫിസിയോ തെറാപ്പി വിഭാഗം സമീപത്തെ സ്റ്റേഡിയത്തിലേക്ക് മാറ്റും. മറ്റുള്ളവ ആശുപത്രിയുടെ മുൻഭാഗത്ത് സജ്ജമാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, വൈസ് പ്രസിഡണ്ട് അബ്ദുൾ നിസാർ വായിപ്പറമ്പ എന്നിവർ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. രോഗികൾക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ. എ ആർ സിന്ധുകലയും ഹോസ്പിറ്റൽ മാനേജ്മെന്റും അറിയിച്ചു
- Log in to post comments