കണ്ണൂര് അറിയിപ്പുകള് 10-08-2022
കണിച്ചാർ പഞ്ചായത്തിൽ ഒഴികെ
ക്വാറികളുടെ നിരോധനം നീക്കി
ജില്ലയിലെ ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ജില്ലയിൽ കാല വർഷത്തിന്റെ തീവ്രത കുറഞ്ഞ സഹചര്യത്തിൽ പിൻവലിച്ച് ജില്ലാ കലക്ടർ ഉത്തരവായി. എന്നാൽ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലെ വിവിധ മേഖലകളിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കണിച്ചാർ പഞ്ചായത്തിലെ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ക്വട്ടേഷൻ ക്ഷണിച്ചു
ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പൊലീസ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് നടത്തുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണന മേളയിൽ ഫുഡ് കോർട്ട് നടത്താൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ആഗസ്റ്റ് 17ന് വൈകീട്ട് മൂന്ന് മണിക്കകം മാനേജർ (ജില്ലാപഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2700928, 0497 2707522.
കാലാവധി നീട്ടി
കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് കുടിശ്ശിക ഒടുക്കാനുള്ള കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
എംഎൽഎ ഫണ്ട്: പാറപ്രം, മണക്കായി പാലങ്ങളിൽ തെരുവു വിളക്കുകൾക്ക് ഭരണാനുമതി
ധർമ്മടം നിയോജക മണ്ഡലത്തിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പാറപ്രം പാലത്തിലും വേങ്ങാട് ഗ്രാമപഞ്ചായത്തിലെ മണക്കായി പാലത്തിലും തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ എംഎൽഎ പ്രത്യേക വികസന നിധിയിൽനിന്ന് 22.81 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. പാറപ്രം പാലത്തിന് 10,59,000 രൂപയും മണക്കായി പാലത്തിന് 12,20,000 രൂപയും ചെലവഴിക്കുന്നതിനാണ് ഭരണാനുമതി. അസി. എക്സിക്യുട്ടീവ് എൻജിനീയർ ഇലക്ട്രിക്കൽ, തലശ്ശേരിയാണ് നിർവഹണ ഉദ്യോഗസ്ഥൻ. ആറ് മാസമാണ് പൂർത്തീകരണ കാലാവധി.
അമൃത് സരോവർ മിഷൻ: ആദ്യഘട്ടത്തിൽ 44 കുളങ്ങൾ
അമൃത് സരോവർ മിഷന്റെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ 44 കുളങ്ങൾ ഉൾപ്പെടുത്തി. ഇതിൽ ആറ് കുളങ്ങൾ പുതുതായി നിർമ്മിക്കും. 38 കുളങ്ങൾ നവീകരിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അമൃത് സരോവർ മിഷൻ നടപ്പിലാക്കുന്നത്. മറ്റ് വകുപ്പുകളുടെ സഹായവും പദ്ധതിക്ക് ലഭ്യമാക്കും. ഇതനുസരിച്ച് ആറ് കുളങ്ങൾ ചെറുകിട ജലസേചന വകുപ്പിന്റേയും പത്ത് കുളങ്ങൾ മണ്ണ് സംരക്ഷണ വകുപ്പിന്റേയും പദ്ധതികളിൽ ഉൾപ്പെടുത്തി നവീകരിക്കാനും പ്രാഥമിക ധാരണയായി. ഇത് സംബന്ധിച്ച് പ്രത്യേക യോഗം വിളിച്ച് ചേർക്കും. ആറളം ഫാമിലെ നാല് കുളങ്ങൾ എസ് ടി വകുപ്പുമായി ചേർന്ന് നവീകരിക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. ഇത് സംബന്ധിച്ച പട്ടിക, എസ്റ്റിമേറ്റ് എന്നിവ ഐ ടി ഡി പിയെ അറിയിക്കണം. കുടിവെള്ള ക്ഷാമം നേരിടുന്ന പട്ടികവർഗ കോളനികളിൽ കൂടുതൽ കുളങ്ങൾ കുഴിക്കാനുള്ള സാധ്യതകൾ ആരായും.
അമൃത് മിഷൻ പദ്ധതിയിൽ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലെ കൂടുതൽ കുളങ്ങൾ ഉൾപ്പെടുത്തി നവീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കലക്ടറേറ്റിൽ ചേർന്ന അവലലോകന യോഗത്തിൽ കലക്ടർ പറഞ്ഞു. കൂത്തുപറമ്പ് ബ്ലോക്കിൽ നീർവേലി ക്ഷേത്രക്കുള നവീകരണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറായതായി ജോയിന്റ് ബി ഡി ഒ അറിയിച്ചു. എം ജി എൻ ആർ ഇ ജി എസ് ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി സുരേന്ദ്രൻ, ബി ഡി ഒ മാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ആസാദി കാ അമൃത് മഹോത്സവം:
നേവൽ അക്കാദമി ബാൻഡ് വാദ്യ സംഗീത പരിപാടി 13ന്
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ബാൻഡ് സംഘം ആഗസ്റ്റ് 13ന് വൈകീട്ട് മൂന്ന് മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വാദ്യ സംഗീത പരിപാടി അവതരിപ്പിക്കും. ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവയാണ് അവതരിപ്പിക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.
അന്തർദേശീയ തലത്തിൽ പ്രശസ്തമായ നേവൽ ബാൻഡ് സംഘത്തിൽ 25 പേരാണ് അണി നിരക്കുക. ജില്ലാ ഭരണകൂടം, ഡിടിപിസി, കണ്ണൂർ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കണ്ണൂരിൽ പരിപാടി ഒരുക്കുന്നത്.
ദേശീയ ലോക് അദാലത്ത് ആഗസ്റ്റ് 13ന്
കണ്ണൂർ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള ദേശീയ ലോക് അദാലത്ത് ആഗസ്റ്റ് 13ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ജില്ലയിലെ വിവിധ കോടതികളിൽ നടക്കും. കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന സിവിൽ കേസുകൾ, ഒത്തുതീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്ക് കേസുകൾ എന്നിവ പരിഗണിക്കും. കോടതികളിൽ നിലവിലില്ലാത്ത കേരള ബാങ്ക്, കനറാ ബാങ്ക്, എസ്ബിഐ, ഇന്ത്യൻ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും പരിഗണിക്കുന്നതാണ്. തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ അനാലത്ത് നടത്തും. എല്ലാ മജിസ്ട്രേറ്റ് കോടതികളിലും പ്രത്യേക സിറ്റിംഗ് ഉണ്ടാകും. പിഴയടച്ച് തീർപ്പാക്കാവുന്ന കുറ്റങ്ങൾക്ക് കക്ഷികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാം. ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചവർ ഹാജരാകണമെന്ന് ഡി എൽ എസ് എ സെക്രട്ടറി അറിയിച്ചു. ഫോൺ: 0490 2344666, 0490 2993328.
സ്വാതന്ത്യ ദിനം: യാത്രാ സൗജന്യം നിഷേധിക്കരുത്-ജില്ലാ കലക്ടർ
സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ പൊതുഅവധി ദിനങ്ങളിൽ വിദ്യാർഥികൾക്ക് ബസ്സുകളിൽ യാത്രാ സൗജന്യം നിഷേധിക്കരുതെന്ന് സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി ചെയർമാനായ ജില്ലാ കലക്ടർ അറിയിച്ചു.
ഭൂമി ലേലം
വിൽപന നികുതി കുടിശിക ഈടാക്കാനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് അയ്യൻകുന്ന് അംശം ദേശത്തിൽ റീ.സ 1081 ലെ 0.0202 ഹെക്ടർ ഭൂമി ആഗസ്റ്റ് 16ന് സ്ഥലത്ത് വെച്ച് ലേലം ചെയ്യും. വിശദാംശങ്ങൾ അയ്യൻകുന്ന് വില്ലേജ് ഓഫീസ്, ഇരിട്ടി താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാം. ഫോൺ: 0490 2494910
കുമരകത്തേക്ക് കെ എസ് ആർ ടി സി യാത്ര
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്ര നടത്തുന്നു. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. ആദ്യ ദിവസം കെ എസ് ആർ ടി സി ഡബിൾ ഡെക്കർ ബസിൽ തിരുവനന്തപുരം നഗരം ചുറ്റിക്കാണും. പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം, പ്ലാനറ്റേറിയം, കോവളം ബീച്ച്, ശംഖുമുഖം ബീച്ച്, ലുലുമാൾ എന്നിവയും കാണാൻ സൗകര്യമൊരുക്കും. രണ്ടാം ദിവസം കുമരകത്ത് ഹൗസ് ബോട്ടിൽ കായൽ സഞ്ചാരവും മറൈൻ ഡ്രൈവിംഗിൽ സൈറ്റ് സീൻ സൗകര്യവും ഒരുക്കും. ഡോർമിറ്ററിയിലെ താമസം ഉൾപ്പടെ ഒരാൾക്ക് 3400 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9496131288, 9048298740 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 159 കുടുംബങ്ങൾ
കാലവർഷക്കെടുതിയും ഉരുൾപൊട്ടലും കാരണം ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ പ്രവർത്തിക്കുന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 159 കുടുംബങ്ങൾ. 170 പുരുഷന്മാരും 150 സ്ത്രീകളും 65 കുട്ടികളുമടക്കം ആകെ 385 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. ഇരിട്ടി താലൂക്കിൽ പൂളക്കുറ്റി എൽ പി സ്കൂൾ, പൂളക്കുറ്റി സെന്റ് മേരീസ് പള്ളി പാരിഷ്ഹാൾ എന്നിവയാണ് ക്യാമ്പുകൾ. വെക്കളം എ യുപി സ്കൂൾ, നരിക്കോട്ടുമല സാംസ്കാരിക കേന്ദ്രം എന്നിവയാണ് തലശ്ശേരി താലൂക്കിലെ ക്യാമ്പുകൾ.
ഇരിട്ടി താലൂക്കിൽ ആകെ 79 കുടുംബങ്ങളിലായി 242 പേരാണുള്ളത്-116 പുരുഷന്മാരും 94 സ്ത്രീകളും 32 കുട്ടികളും. തലശ്ശേരി താലൂക്കിൽ 80 കുടുംബങ്ങളിലെ 143 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത് ഇതിൽ 54 പുരുഷന്മാരും 56 സ്ത്രീകളും 33 കുട്ടികളുമാണ്.
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം: ദീപാലങ്കാര മത്സരത്തിന് രജിസ്റ്റർ ചെയ്യാം
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയപതാകയിലെ നിറങ്ങളിലുള്ള ദീപാലങ്കാരം നടത്താം. ഏറ്റവും നന്നായി അലങ്കരിച്ച ഓഫീസിന് സമ്മാനം നൽകും. ദീപാലങ്കാര മത്സരത്തിൽ പങ്കെടുക്കുന്ന ഓഫീസുകളുടെ പേര് വിവരം കണ്ണൂർ തഹസിൽദാരെ ആഗസ്റ്റ് 13നകം അറിയിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഫോൺ: 04972700225
ദേശീയ അവാർഡ് അപേക്ഷ ക്ഷണിച്ചു
ശാരിരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി 2021-22 വർഷത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച വികലാംഗ ജിവനക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, വികലാംഗർക്ക് നിയമനം നൽകിയ മികച്ച തൊഴിൽ ദായകർ, വികലാംഗ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, വികലാംഗരുടെ ഉന്നമനത്തിനായി നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ചവർ, വികലാംഗർക്ക് തടസ്സമില്ലാത്ത ചുറ്റുപാട് സൃഷ്ടിക്കുന്നതിന് മികച്ച പ്രകടനം നടത്തുന്നവർ, പുനരധിവാസ പ്രവർത്തനം നടത്തുന്ന ജില്ല, സൃഷ്ടിപരമായ കഴിവ് തെളിയിച്ച വികലാംഗരായ വ്യക്തികൾ/കുട്ടികൾ, മികച്ച ബ്രെയിലി പ്രസ്സ്, മികച്ച വികലാംഗ കായിക താരം എന്നി വിഭാഗങ്ങളിലാണ് അവാർഡ് നൽകുക. ഓരോ വിഭാഗത്തിലും നിശ്ചിത മാനദണ്ഡമനുസരിച്ച് ഓൺലൈനായാണ് അപേക്ഷകൾ നൽകേണ്ടത്. നോമിനേഷൻ ലഭ്യമാക്കേണ്ട അവസാന തീയതി ആഗസ്ത് 28. വെബ്സൈറ്റ് https://disabilityaffairs.gov.in/ ഫോൺ: 8281999015.
തൊഴിൽ നിയമം: കിലെ പരിശീലന ക്ലാസ് തുടങ്ങി
മലബാർ മേഖലയിലെ തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കായി തൊഴിൽ നിയമം സംബന്ധിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ് (കിലെ) സംഘടിപ്പിച്ച പരിശീലനം കണ്ണൂരിൽ കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയെ ആകർഷിക്കാൻ അറിവ് അടിസ്ഥാനമാക്കിയുള്ള തൊഴിലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കിലെ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുമെന്നും അറിയിച്ചു. കിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ടി കെ രാജൻ അധ്യക്ഷത വഹിച്ചു. കിലെ ഫാക്കൽട്ടി വർക്കിച്ചൻ പേട്ട ക്ലാസെടുത്തു.
കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, ജില്ലാ ലേബർ ഓഫീസർ എം സിനി, കിലെ സീനിയർ ഫെലോ ജെ എൻ കിരൺ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച ഡെപ്യൂട്ടി ലേബർ കമ്മീഷണർ ബേബി കാസ്ട്രോ ക്ലാസെടുക്കും. ലേബർ കമ്മീഷണർ ഡോ. നവ്ജ്യോത് ഖോസ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
അപേക്ഷ ക്ഷണിച്ചു
കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസും ഐ എച്ച്ആർഡി യും സംയുക്തമായി ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ സങ്കൽപ്പ് സ്കീമിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ഹാർഡ് വെയർ ഡിസൈൻ എഞ്ചിനീയർ, ഇലക്ട്രോണിക്സ് പ്രൊഡക്റ്റ് ഡിസൈൻ സപ്പോർട്ട് എഞ്ചിനീയർ വിഭാഗങ്ങളിലായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ ഡിപ്ലോമ അഥവാ ഡിഗ്രി (ബിഎസ്സി/ബിടെക്/ബിഇ) ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ. ആറു മാസ കാലാവധിയുള്ള കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തീയ്യതി ആഗസ്റ്റ് 17. ഫോൺ : 9605446129.
റീടെണ്ടർ
സംയോജിത ശിശു വികസന പദ്ധതിയുടെ കണ്ണൂർ അർബൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി വാഹനം (കാർ/ജീപ്പ്) വാടകക്ക് നൽകാൻ റീടെണ്ടർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 16 ന് രാവിലെ 11.30 മണി. വിലാസം : ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, കണ്ണൂർ അർബൻ, താളിക്കാവ്, കണ്ണൂർ. ഫോൺ: 04972708150.
ലെവൽക്രോസ് അടച്ചിടും
കൊടുവള്ളി മമ്പറം റോഡിൽ തലശ്ശേരി എടക്കാട് സ്റ്റേഷനുകൾകിടയിലുള്ള 230 ആം നമ്പർ ലെവൽക്രോസ് ആഗസ്റ്റ് പത്ത് ബുധൻ ഉച്ചക്ക് 12 മുതൽ ആഗസ്റ്റ് 12 വെള്ളി രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
പ്രവാസി പരാതി പരിഹാര കമ്മിറ്റി
ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിക്ക് പരാതി/അപേക്ഷകൾ സമർപ്പിക്കുവാൻ താൽപര്യമുള്ളവർ കൺവീനർ/പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ, ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവിൽ സ്റ്റേഷൻ (അനക്സ്) കണ്ണൂർ 670002 എന്ന വിലാസത്തിൽ സമർപ്പിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
റിക്രൂട്ട്മെന്റ് സെലക്ഷൻ റാലി
ഒക്ടോബറിൽ നടക്കുന്ന ഇന്ത്യൻ ആർമി അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന എസ് ടി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് പ്രീ ട്രെയിനിംഗ് നൽകാൻ ജില്ലാ പഞ്ചായത്ത് ആഗസ്റ്റ് 13ന് രാവിലെ 8.30ന് ഉദയഗിരി പഞ്ചായത്തിൽ റിക്രൂട്ട്മെന്റ് സെലക്ഷൻ റാലി സംഘടിപ്പിക്കുന്നു. താൽപര്യമുള്ള 17നും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവർ രാവിലെ 8.30ന് മുമ്പായി ഉദയഗിരി പള്ളി ഗ്രാമത്തിൽ എത്തിച്ചേരണം. ഫോൺ: 7510867448, 9947691140
വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് മുതൽ കക്കംപാലം വരെ ആഗസ്റ്റ് 11 വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം, ഏര്യം ടൗൺ, കണ്ണങ്കൈ, കടവനാട് ട്രാൻസ്ഫോർമറുകളിൽ ആഗസ്റ്റ് 11 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും കൈതപ്രം, ഭാസ്കര, പുനിയങ്കോട് ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒമ്പത് മുതൽ 11 മണി വരെയും വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ടങ്കാളി സ്ക്കൂൾ, കാരളി ടെമ്പിൾ, കണകത്തറ, പടോളി, മമ്പലം, എഫ്സിഐ, കാനം പ്രദേശങ്ങളിൽ ആഗസ്റ്റ് 11 വ്യാഴം രാവിലെ 8:30 മുതൽ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പുറഞ്ഞാൺ, പുറഞ്ഞാൺ ടവർ എന്നിവിടങ്ങളിൽ ആഗസ്റ്റ് 11 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സെറീന വുഡ്, പഴയങ്ങാടി എന്നിവിടങ്ങളിൽ ആഗസ്റ്റ് 11 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൈപ്പക്കയിൽ മെട്ട, കൈപ്പക്കയിൽ മെട്ട പളളി, കോയോട്ടുപാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 11 വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും തക്കാളിപ്പീടിക, വാരംകടവ്, എച്ച് ടി ആരോഗ്യ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഏണ്ടി, അരവഞ്ചാൽ ട്രാൻസ്ഫോർമറിനു കീഴിൽ ആഗസ്റ്റ് 11 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments