Skip to main content

ജില്ലയിൽ ഓണാഘോഷം വിപുലമായി നടത്തും; സംഘാടകസമിതി രൂപീകരിച്ചു

 

ജില്ലാ ആസ്ഥാനത്ത് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ആറ് മുതൽ 12 വരെയാണ് ആഘോഷം. ഇതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷമായി പൊലിമ നഷ്ടപ്പെട്ട ഓണാഘോഷം ഇത്തവണ വിപുലമായി നടത്താനാണ് തീരുമാനം. കണ്ണൂരിൽ ടൗൺ സ്‌ക്വയർ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടത്തുക. വിവിധ കലാപരിപാടികളോടൊപ്പം പരമ്പരാഗത കലാരൂപങ്ങൾ, ജില്ലാതല ഓഫീസുകളിൽ പൂക്കളം, വടംവലി, പുലിക്കളി തുടങ്ങിയ മത്സരങ്ങളും നടത്തും. കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ജില്ലയിലെ വൃദ്ധസദനങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിവിടങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.
ജില്ലയിലെ എം പിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കോർപ്പറേഷൻ മേയർ, സിറ്റി പൊലീസ് കമ്മീഷണർ എന്നിവരാണ് സംഘടക സമിതിയുടെ രക്ഷാധികാരികൾ. ജില്ലാ കലക്ടർ (ചെയർമാൻ) , ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് ഷൈൻ ( ജനറൽ കണവീനർ) , ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ ( വർക്കിംഗ് കൺവീനർ) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ ഡി എം കെ കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ബി ആർ ഡി സി എം ഡി പി ഷിജിൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, ക്രൈംബ്രാഞ്ച് എ സി പി കെവി ബാബു എന്നിവർ പങ്കെടുത്തു

date