Skip to main content

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് 20ന്; പോളിംഗ് സാമഗ്രികൾ സെക്ടറൽ ഓഫീസർമാർ ബൂത്തിലെത്തിക്കും

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആഗസ്റ്റ് 20 ശനിയാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 35 പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ വെള്ളിയാഴ്ച രാവിലെ 10 മുതൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് സെക്ടറൽ ഓഫീസർമാർ ഏറ്റുവാങ്ങി പ്രത്യേകം വാഹനങ്ങളിൽ ബൂത്തുകളിൽ എത്തിക്കും. ഒരു സെക്ടറൽ ഓഫീസർക്ക് അഞ്ച് ബൂത്തുകളുടെ ചുമതലയുണ്ടാവും. ആകെ ഏഴ് സെക്ടറൽ ഓഫീസർമാരുണ്ടാവും.
പോളിംഗ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച 12 മണിയോടെ നേരിട്ട് പോളിംഗ് സ്‌റ്റേഷനുകളിൽ എത്തുകയാണ് ചെയ്യുക. റിസർവ് ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിലെത്തും. ഒാരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റൻറ് എന്നിങ്ങനെ അഞ്ച് പേരുണ്ടാവും. പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവുകൾ കൈമാറിയിട്ടുണ്ട്. 175 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇതിന് പുറമെയാണ് റിസർവ് ഉദ്യോഗസ്ഥർ.
വോട്ടെടുപ്പ് കഴിഞ്ഞ് സെക്ടറൽ ഓഫീസർമാർ സീൽ ചെയ്ത ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ബൂത്തുകളിൽ ചെന്ന് ശേഖരിച്ച് വോട്ടെണൽ കേന്ദ്രമായ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിക്കും. ആഗസ്റ്റ് 22 തിങ്കളാഴ്ച രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ.

date