Skip to main content
പി സന്തോഷിന്റെ മട്ടുപ്പാവിലെ പൂവ്, പച്ചക്കറി കൃഷി  മാങ്ങാട്ടിടം കൃഷി ഓഫീസർ എ സൗമ്യ, കൃഷി അസിസ്റ്റന്റ് ആർ സന്തോഷ് എന്നിവർ സന്ദർശിക്കുന്നു

പൂക്കളും പച്ചക്കറിയും നാമ്പിടും മട്ടുപ്പാവ്

ഓണത്തിനൊരു മുറം പച്ചക്കറിയും ഓണത്തിനൊരു കൊട്ട പൂവും പദ്ധതികൾ ഒരിടത്ത്, ഒരേ സമയം ഒരുമിച്ച് ഗ്രോബാഗുകളിൽ സമന്വയിപ്പിച്ചാൽ എങ്ങനെയുണ്ടാവും? അതിനുള്ള ഉത്തരമാണ് മാങ്ങാട്ടിടം കൈതേരിപ്പാലത്തെ പി സന്തോഷിന്റെ മട്ടുപ്പാവ്. ഓണസദ്യക്കുള്ള പച്ചക്കറികളും പൂക്കളമിടാനുള്ള ചെണ്ടുമല്ലിയും ഒരുമിച്ച് ഗ്രോബാഗുകളിൽ നട്ടുവളർത്തുകയാണ് സന്തോഷ് എന്ന യുവ കർഷകൻ. 

സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി, ജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കൊട്ട പൂവ്' എന്നീ പദ്ധതികളാണ് ഒരുമിച്ച് ഗ്രോബാഗിൽ പരീക്ഷിച്ച് വിജയം കണ്ടത്. സ്ഥലപരിമിതിയാണ് വ്യത്യസ്തമായ രീതി സ്വീകരിക്കാൻ സന്തോഷിന് പ്രേരണയായത്. മുന്നൂറോളം ഗ്രോബാഗുകളാണ് വീടിന്റെ മട്ടുപ്പാവിലുള്ളത്. പയർ, വെണ്ട, മുളക്, ചീര, തക്കാളി എന്നിവയ്‌ക്കൊപ്പം ഓറഞ്ച് മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലികളുമാണ് സന്തോഷ് കൃഷി ചെയ്തത്. ആവശ്യമായ തൈകളും വിത്തുകളും കൃഷി ഭവനിൽ നിന്നും ലഭിച്ചു. ജൈവവളങ്ങളും സ്വന്തമായി തയ്യാറാക്കുന്ന ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് എന്നിവയുമാണ് വളമായി പ്രയോഗിച്ചത്.

മട്ടുപ്പാവിൽ നേരത്തെ പച്ചക്കറികൾ കൃഷി ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് പൂകൃഷി പരീക്ഷിച്ചത്. പച്ചക്കറികളുടെ കൂടെ ചെണ്ടുമല്ലികൾ വളർത്തിയത് കീടശല്യം കുറക്കാൻ സഹായിച്ചെന്ന് സന്തോഷ് പറഞ്ഞു. ഡ്രൈവറായ സന്തോഷ് ആറു വർഷമായി കൃഷിയിൽ സജീവമാണ്. കോഴി, മുയൽ, മത്സ്യം തുടങ്ങിയവയും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. മട്ടുപ്പാവിലെ സംയോജിത കൃഷി വിജയിച്ചതിന്റെ സന്തോഷത്തിലാണ് സന്തോഷ്.

date