പയ്യാവൂർ ബഡ്സ് സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം അഞ്ചിന്
ഭിന്നശേഷി കുട്ടികളുടെ പഠനത്തിനും സ്വയംതൊഴില്‍ പരിശീലനത്തിനുമായി പയ്യാവൂര്‍ പഞ്ചായത്തില്‍ ബഡ്സ് സ്‌കൂള്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങുന്നു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂള്‍ സജ്ജമാക്കുന്നത്. കെട്ടിട ശിലാസ്ഥാപനം സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് 1.30ന് ജോണ്‍ ബ്രിട്ടാസ് എം പി നിര്‍വഹിക്കും. പയ്യാവൂര്‍ ഇരൂഡ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിന് സമീപം സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 20 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ഓഫീസ്, ക്ലാസ്, റിക്രിയേഷന്‍, ഫിസിയോ തെറാപ്പി എന്നിവക്കായി പ്രത്യേക മുറികളും ഹാള്‍, ശൗചാലയം, ഭിന്നശേഷി സൗഹൃദ കളിക്കളം എന്നിവയും ഉണ്ടാകും. വിവരശേഖരണത്തിലൂടെ പയ്യാവൂരിലെ 30 കുട്ടികള്‍ സ്‌കൂളിലെത്തുമെന്ന് കണ്ടെത്തി. സമീപ പഞ്ചായത്തുകളായ എരുവേശ്ശി, പടിയൂര്‍ കല്യാട്, ഉളിക്കല്‍ എന്നിവിടങ്ങളിലുള്ളവരും ഇവിടെയെത്തും. അധ്യാപിക, സഹ അധ്യാപിക, ആയ, കുക്ക് എന്നിങ്ങനെ നാല് ജീവനക്കാരാണ് ഉണ്ടാവുക. സെന്ററിനായി പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തിരുന്നു. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും വരെ ഈ തുക ഉപയോഗിച്ച് പയ്യാവൂര്‍ കോഴിപ്പറയിലെ വാടക കെട്ടിടത്തില്‍ സെന്റര്‍ പ്രവര്‍ത്തിക്കും.
ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയംതൊഴില്‍, കൃഷി എന്നിവയില്‍ പഞ്ചായത്ത് പരിശീലനം നല്‍കും. ഇവര്‍ക്ക് കൂട്ടുകൃഷി ചെയ്യാനുള്ള സ്ഥലം സ്‌കൂളിനോട് ചേര്‍ന്ന് കണ്ടെത്തി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ പറഞ്ഞു.
- Log in to post comments