Skip to main content

പയ്യാവൂരിൽ സൗരോർജ തൂക്കുവേലി നിർമാണം നവംബറിൽ പൂർത്തിയാകും

 

പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ സൗരോർജ തൂക്കുവേലിയുടെ നിർമാണം നവംബർ ആദ്യവാരത്തോടെ പൂർത്തിയാകും. ഇതോടെ കാട്ടാന ശല്യത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. 80 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ഇതിനായി ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷവും പയ്യാവൂർ പഞ്ചായത്ത് 35 ലക്ഷവും അനുവദിച്ചിരുന്നു. 

ശാന്തിനഗർ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 11 കിലോമീറ്റർ ഭാഗത്താണ് തൂക്കുവേലി ഒരുക്കുന്നത്. കാഞ്ഞിരക്കൊല്ലി, വഞ്ചിയം, ആടാംപാറ, അരീക്കമല, ശാന്തിനഗർ, ചന്ദനക്കാംപാറ, ചിറ്റാരി, ഏലപ്പാറ, ചീത്തപാറ തുടങ്ങിയ മേഖലയിലുള്ളവർക്കാണ് ഇതോടെ ആശ്വാസമാകുക. 15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് 50 മീറ്റർ ഇടവിട്ട് സ്ഥാപിക്കുന്ന തൂണുകളിൽ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന സ്പ്രിങ് കേബിളുകൾ നിശ്ചിത അകലത്തിൽ താഴേക്ക് തൂക്കിയിട്ടാണ് വേലി ഒരുക്കുന്നത്. ശാസ്ത്രീയമായ രീതിയിൽ തൂക്കുവേലി നിർമിക്കുന്നതിനാൽ ഏറെ പ്രതീക്ഷയിലാണ് മലയോര കർഷകർ.

date