ജെന്ഡര് സെന്സിറ്റൈസേഷന് സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാമിഷന് സ്ത്രീ പദവി സ്വയംപഠനവിഭാഗം സ്നേഹിത ജന്ഡര് ഹെല്പ് ഡെസ്കും പന്തളം എന്എസ്എസ് ട്രെയിനിങ് ജന്ഡര് ജസ്റ്റിസ്ഫോറം ആന്റ് ഇന്റെര്ണല് ക്വാളിറ്റി അഷുറന്സ് സെല്ലും സംയുക്തമായി ഒന്നാംവര്ഷ അധ്യാപക വിദ്യാര്ഥികള്ക്കായ് ജന്ഡര് സെന്സിറ്റൈസേഷന് ട്രെയിനിങ് സംഘടിപ്പിച്ചു. പരിശീലന പരിപാടി കോളേജ് പ്രിന്സിപ്പാള് ഡോ. പി. ജി അജിമോള് ഉദ്ഘാടനം ചെയ്തു. നിലവിലെ സാമൂഹ്യ വ്യവസ്ഥിതിയില് ലിംഗസമത്വം അനിവാര്യമാണെന്ന് പ്രിന്സിപ്പാള് പറഞ്ഞു.
ജെന്ഡര് ആന്ഡ് സെക്സ്, ലിംഗപദവി സാമൂഹ്യവത്ക്കരണം, കുടുംബത്തിലെ ജനാധിപത്യം എന്നിവ ചര്ച്ച ചെയ്തു. ലിംഗ പദവിതുല്യത ഉറപ്പാക്കാന്
കുടുംബങ്ങളില് കുട്ടികളെ ആണ് പെണ് വേര്തിരിവ് ഇല്ലാതെ വളര്ത്തുക, മാതാപിതാക്കള് കുട്ടികള്ക്ക് മാതൃകയായിരിക്കുക, ഉത്തരവാദിത്വങ്ങള് കൂട്ടായ തീരുമാനങ്ങളില്കൂടി നിര്വഹിക്കുക, വിദ്യാഭ്യാസസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ എല്ലാവ്യക്തിക്കും ഉറപ്പാക്കുക, കുടുംബാംഗങ്ങള് തമ്മില് സ്നേഹം, പരസ്പര ബഹുമാനം, ചുമതല നിര്വഹിക്കുന്നതിലുള്ള പങ്കാളിത്തം, ശരിയായ ആശയ വിനിമയം എന്നിവ വഴി സാധ്യമാകും. ഓരോ അംഗത്തിനെയും ഒരുവ്യക്തിയായി കണ്ട് അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും അഭിരുചികളും പരിഗണിച്ച് അതിനനുസരിച്ച് ജീവിക്കാന് കഴിയുമ്പോള് മാത്രമാണ് കുടുംബത്തില് ജനാധിപത്യം പ്രാവര്ത്തികവാകുവെന്ന് ചര്ച്ചയില് അഭിപ്രായമുയര്ന്നു.
കോളേജ് ജന്ഡര് ജസ്റ്റിസ്ഫോറം ചെയര്പേഴ്സണ് ഡോ. കെ. ഒ സുമ അധ്യക്ഷത വഹിച്ച പരിപാടിയില് കുടുംബശ്രീ ജന്ഡര് ഡിപിഎം പി. ആര് അനുപ പദ്ധതി വിശദീകരണവും കമ്മ്യൂണിറ്റി കൗണ്സിലര്മാരായ വി.മനീഷ, സൂസി ജോസഫ് എന്നിവര് പരിശീലനവും നല്കി. കോളേജ് പ്രോഗ്രാം കണ്വീനര് ഡോ. പി. വി പദ്മപ്രിയ, കുടുംബശ്രീ മിഷന് സ്നേഹിത സര്വീസ് പ്രൊവൈഡര് എസ്.ഗായത്രിദേവി, സ്റ്റുഡന്റ് കോകോര്ഡിനേറ്റര് എ. ആര്. നീരജ, സ്നേഹിത സര്വീസ് പ്രൊവൈഡര് ആര്.രേഷ്മ, അധ്യാപകര്, വിദ്യാര്ഥികള് തുടങ്ങിയവര് പരിശീലനത്തില് പങ്കെടുത്തു.
- Log in to post comments