ഡിസ്ക്രിപ്റ്റീവ് ഉത്തര മൂല്യ നിര്‍ണ്ണയത്തിനും ഉടന്‍ കമ്പ്യൂട്ടര്‍ സംവിധാനം
വിവരണാത്മക ഉത്തര (ഡിസ്ക്രിപ്റ്റീവ്) മൂല്യ നിര്‍ണ്ണയത്തിനും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ഉടന്‍ കമ്പ്യൂട്ടര്‍ (ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് സിസ്റ്റം) സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അംഗം പി. ശിവദാസന്‍ അറിയിച്ചു. മണിക്കൂറില്‍ 10,000 വരെ ഒബ്ജക്റ്റീവ് ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണ്ണയം നടത്താനുള്ള സംവിധാനം നിലവില്‍ പിഎസ്സിയില് ഉണ്ട്. കല്‍പ്പറ്റ ജില്ലാ പി.എസ്.സി ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഫീസില്‍ ലഭിക്കുന്ന പേപ്പറിലുള്ള അപേക്ഷകള്‍ സ്കാന്‍ ചെയ്ത് കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യുകയാണ് ഇ-ഓഫീസ് പ്രവര്‍ത്തനത്തിന്റെ ആദ്യപടി. പിന്നീട് അസല്‍ ഫയലിന്റെ കൂടെ ചേര്‍ത്ത് (അറ്റാച്ച്) മേല്‍ ഓഫീസിലേക്കും ഇതര ഓഫീസുകളിലേക്കും അയക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇ-ഓഫീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പേപ്പര്‍ അപേക്ഷ സ്വീകരിച്ചുകൊണ്ടിരുന്ന പി.എസ്.സി ഓട്ടേറെ മാറി. ഒന്നാം ഘട്ടം അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനാക്കി. ഒറ്റത്തവണ പ്രമാണ പരിശോധന സംവിധാനം ഏര്‍പ്പെടുത്തി. ഇപ്പോള്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥിക്ക് അതേ യോഗ്യത ആവശ്യമായ വിവിധ തസ്തികകളിലേക്കുള്ള തുടര്‍ അപേക്ഷകള്‍ക്ക് പ്രമാണപരിശോധനയുടെ ആവശ്യമില്ല. പ്രൊഫൈലില്‍ നിന്ന് ഉദ്യോഗാര്‍ത്ഥിക്ക് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനും ഇപ്പോള്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി അംഗം ഡോ. ഡി.രാജന് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റം അനലിസ്റ്റ് ഷിജി സനാതനന് ഇ-ഓഫീസിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. അണ്ടര്‍ സെക്രട്ടറി എസ്. രാജീവ്, എന്‍.ഐ.സി ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എ ജയേഷ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.സതീഷ് കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. വിജയലത പ്രാര്‍ത്ഥന ആലപിച്ചു. ജില്ലാ ആഫീസര്‍ ആര്.ഹരി സ്വാഗതവും അണ്ടര്‍ സെക്രട്ടറി പി.വി. സേവ്യര്‍ നന്ദിയും പറഞ്ഞു.
ഇ-ഓഫീസ് സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ തപാല്‍ സ്വീകരണം മുതല്‍ നിയമന ശുപാര്‍ശയും അനുബന്ധ കാര്യങ്ങളും വരെ കടലാസ് രഹിതമാകും. കൃത്യതയും കാര്യക്ഷമതയും വര്‍ദ്ധിക്കുകയും ജോലിയുടെ കേന്ദ്രീകൃത നിരീക്ഷണ സാധ്യത എളുപ്പവുമാകും. ഉദ്യോഗാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാനും സാധിക്കും.
- Log in to post comments