Skip to main content
 കാട്ടാമ്പള്ളി കയാക്കിങ് സെന്റര്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചതിന് ശേഷം കെ വി സുമേഷ് എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

കേരളത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ റെക്കോർഡ് നേട്ടം: മന്ത്രി മുഹമ്മദ് റിയാസ്

ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ കേരളത്തിനായെന്ന് പൊതുമരാമത്ത്-ടൂറിസം യുവജനകാര്യ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പ് ഡിടിപിസി മുഖേന നടപ്പാക്കിയ കാട്ടാമ്പള്ളി കയാക്കിംഗ് ടൂറിസം സെന്റർ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2022 ആദ്യപകുതിയിൽ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാനത്തിനായി. സംസ്ഥാനത്ത് 72.48 ശതമാനം വളർച്ച ടൂറിസം മേഖല കൈവരിച്ചു. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് എറണാകുളം ജില്ലയിലാണ്. മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട, കാസർകോട് എന്നീ അഞ്ചു ജില്ലകളിലേക്ക് ആഭ്യന്തര വിനോദ സഞ്ചാരികളുടെ റെക്കോർഡ് വരവാണ്. ടൂറിസം ജനങ്ങളുമായി കൂടുതൽ അടുപ്പിക്കണം. അതിനാണ് പ്രാദേശിക ടൂറിസം പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകുന്നത്. ഇത്തരത്തിൽ വിവിധ പദ്ദതികൾ ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യും. ലോക ടൂറിസം മേഖലയിൽ കേരളം സ്ഥാനം അടയാളപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. കാട്ടാമ്പള്ളി മികച്ച ടൂറിസം സാധ്യതയുള്ള പ്രദേശമാണ്. കാട്ടാമ്പള്ളിയും അതിനോട് ചേർന്ന പ്രദേശങ്ങളും ചേർത്തു കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കെവി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ കെ എസ് ഷൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി സരള, അംഗം കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം നികേത്, പഞ്ചായത്ത് അംഗങ്ങളായ കെഎൻ മുസ്തഫ, വി ഷാജി, ഹസ്‌നവി കാട്ടാമ്പള്ളി, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ എന്നിവർ സംസാരിച്ചു.
 

date