ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ മാതൃകയാകുന്നു
കുട്ടികളോട് കൂട്ടൂ കൂടാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമായി ആരംഭിച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ മാതൃകയാകുന്നു. കുട്ടികളുടെ സുരക്ഷിതത്വവും നന്മയും മുന്‍ നിര്‍ത്തി കേരളാ പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, കാസര്‍കോട് വനിതാ പോലീസ് സ്റ്റേഷന്‍, ബദിയടുക്ക, ആദൂര്‍, ബേഡകം, ബേക്കല്‍, അമ്പലത്തറ, രാജപുരം, നീലേശ്വരം, വെള്ളരിക്കുണ്ട് എന്നിവയാണ് ജില്ലയിലെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍.
പരാതിക്കാര്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാന്‍ ഈ സംവിധാനം ഉപകരിക്കുന്നു. കുട്ടികള്‍ക്ക് സന്തോഷത്തിന് വകനല്‍കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടിവിടെ. അതിനാല്‍ ആശങ്കയില്ലാതെ സ്‌റ്റേഷനില്‍ വരാനും അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്ന സാഹചര്യമുണ്ടാകും. കുട്ടികള്‍ക്കായി പ്രത്യേക സ്ഥലമോ കെട്ടിടമോ സ്റ്റേഷനുകളില്‍ ഉണ്ടാകും. ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
മറ്റു പോലീസ് സ്റ്റേഷനില്‍ നിന്നും ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ വ്യത്യസ്ഥമാകുന്നത് പോലീസ്‌കാരുടെ മനോഭാവത്തിലാണ്. കുട്ടികളെ കുറ്റവാളികളായി കാണാതെ കുട്ടികളായി കണ്ടു കൊണ്ട് അവരുടെ പ്രശ്‌നങ്ങളില്‍ ഇറങ്ങി ചെല്ലാന്‍ ഇവര്‍ക്കാവുന്നു. അഡീഷണല്‍ എസ്പി പി.കെ. രാജു ആണ് ജില്ലാ നോഡല്‍ ഓഫീസര്‍. കൂടാതെ ഒരു ജില്ലാ കോര്‍ഡിനേറ്ററുമുണ്ട്. കുട്ടികളുമായി ഇടപെടാനും സ്റ്റേഷന്‍ പരിധിയില്‍ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ അന്വേഷിക്കുന്നതിനുമായി ഒരു ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസറും ഒരു അസിസ്റ്റന്റ് വെല്‍ഫയര്‍ ഓഫീസറും ഉണ്ടാകും. അസിസ്റ്റന്റ് വെല്‍ഫയര്‍ ഓഫീസര്‍ വനിതാ പോലീസ് ആയിരിക്കും. ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ഭാഗമായി നടത്തുന്ന ചിരി പദ്ധതിയിലൂടെ കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലയില്‍ 1500 ല്‍ കൂടുതല്‍ പരാതികള്‍ വന്നിട്ടുണ്ട്.
ഓരോ പോലീസ് സ്റ്റേഷനുകളിലും നടത്തേണ്ട പരിപാടികളെ സംബന്ധിച്ച് മൂന്നു മാസത്തില്‍ ഒരിക്കല്‍ ആക്ടിവിറ്റി കലണ്ടര്‍ ലഭ്യമാകും.
ഇത് പ്രകാരമാണ് കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്തുന്നത്. എസ്.പി.സി കുട്ടികള്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍.സി.സി എന്നിവര്‍ക്ക് ബാച്ചുകളായി ശിശു സൗഹൃദ ഇടങ്ങളില്‍ വെച്ച് വിവിധ വിഷയങ്ങളില്‍ ബോധവത്ക്കരണം നടത്തുന്നു. കൂടാതെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വിവിധ പരിപാടികളും നടത്തി വരുന്നു.
വഴി തെറ്റി പോകുമായിരുന്ന പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒരു പാട് കുട്ടികളെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ വഴിയും ചിരി പദ്ധതിയിലൂടെയും നേര്‍ വഴിയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ പി.കെ. രാജു പറഞ്ഞു.
- Log in to post comments