Skip to main content
കാട്ടാമ്പള്ളി കയാക്കിങ് സെന്റര്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചതിന് ശേഷം കെ വി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ബോട്ട് യാത്ര നടത്തുന്നു

സർക്കാറിന് കീഴിൽ ആദ്യ കയാക്കിങ് സെന്റർ കണ്ണൂരിൽ തുറന്നു

സംസ്ഥാന സർക്കാരിന്റെ കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രത്തിന് കണ്ണൂർ കാട്ടാമ്പള്ളിയിൽ തുടക്കമായി. ടൂറിസം വകുപ്പ്  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്റർ നിർമ്മിച്ചത്. വാട്ടർ ലെവൽ സൈക്കിൾ, പെഡൽ ബോട്ടുകൾ, വാട്ടർ ടാക്സി, കുട്ടികൾക്കുള്ള പെഡൽ ബോട്ട്, ഇംഫാറ്റിബിൾ ബോട്ടുകൾ ഉപയോഗിച്ചുള്ള റൈഡ് (മുകളിൽ നിന്നും താഴോട്ട് സഞ്ചരിക്കുന്ന റബ്ബർബോട്ടുകൾ) തുടങ്ങി 30 കയാക്കിങ് യൂണിറ്റുകൾ ഇവിടെ സജീകരിച്ചിട്ടുണ്ട്.
പൂർണമായും വെള്ളത്തിൽ സജ്ജമാക്കിയ കയാക്കിങ് പാർക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കും. ചൈനയിൽ നിന്നുള്ള ബംബർ കാറാണ് ഇതിന് ഉപയോഗിച്ചത്. ഫ്‌ളോട്ടിങ് നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾക്കായി ഭക്ഷണശാല, ദോശ കോർണർ, ജ്യൂസ് കോർണർ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ കയാക്ക് സ്റ്റോർ, ശുചിമുറി, അടുക്കള, കഫ്റ്റീരിയ, ഇൻഫാന്റിബിൽ ബോട്ടുകൾ എന്നിവയാണുള്ളത്. ചുറ്റുമതിൽ, സൗരവിളക്കുകൾ, ഇരിപ്പിടങ്ങൾ, ലാൻഡ്സ്‌കേപ്പിങ്, പാർക്കിങ് ഏരിയ, ഇന്റർലോക്കിങ്, ഫ്ളോട്ടിങ് ബോട്ട് ജെട്ടി എന്നിവയും ഒരുക്കി. മാലിന്യ രഹിത രീതിയിലാകും സെന്ററിന്റെ പ്രവർത്തനം.
സമീപ ഭാവിയിൽ ടൂറിസം സെന്ററിനെ കയാക്കിംഗ് അക്കാദമിയാക്കി ഉയർത്തും. പുല്ലൂപ്പിക്കടവ്, മുണ്ടേരിക്കടവ്, പറശ്ശിനിക്കടവ് ഉൾപ്പെടുന്ന വാട്ടർ ടൂറിസം ശൃംഖല ഒരുക്കുകയാണ് ലക്ഷ്യം. മിഡ് ടൗൺ ഇൻഫ്ര എന്ന കമ്പനിയ്ക്കാണ് നടത്തിപ്പ് ചുമതല. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ് എന്നിവയുടെ സഹായത്തോടെ സാഹസിക ടൂറിസത്തിന്റെ കേന്ദ്രമായി കാട്ടമ്പള്ളിയെ മാറ്റുകയാണ് ലക്ഷ്യം.

date