Skip to main content

പി എം കിസ്സാൻ ഗുണഭോക്താക്കൾ സെപ്റ്റംബർ 7 നു മുമ്പായി KYC രേഖകൾ പൂർത്തീകരിക്കണം 

 

രാജ്യത്തെ ചെറുകിട നാമമാത്ര കർഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബർ ഒന്നുമുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. pm-kisan എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകർക്ക് വർഷത്തിൽ മൂന്നു തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.

 കാർഷിക മേഖലയുടെ വികസനത്തിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ആയി ഡിജിറ്റൽ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി pm-kisan പദ്ധതിയിൽ അംഗങ്ങളായ എല്ലാ കർഷകരുടേയും ഒരു സംയുക്ത ഡാറ്റാബേസ് (ഫെഡറേറ്റഡ് ഫാർമർ ഡാറ്റാബേസ്) രൂപീകരിക്കുന്നതിനു കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി പിഎം കിസാൻ ഓരോ ഗുണഭോക്താവും അവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ കൂടി സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പിഎം കിസാൻ ആനുകൂല്യം തുടർന്ന് ലഭ്യമാകുന്നതിനായി എല്ലാ പിഎം കിസാൻ ഗുണഭോക്താക്കളും 2022 സെപ്റ്റംബർ 7 ന് മുമ്പായി എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ അടിയന്തിരമായി ചേർക്കേണ്ടതാണ്.

 കൂടാതെ പിഎം കിസാൻ രജിസ്റ്റർ ചെയ്ത കർഷകർക്ക് e -KYC നിർബന്ധമാക്കിയിട്ടുണ്ട്. ആയതിനാൽ എല്ലാ പിഎം കിസാൻ ഉപഭോക്താക്കളും 2022 സെപ്റ്റംബർ 7 ന് മുൻപായി നേരിട്ട് pm-kisan പോർട്ടൽ വഴിയോ,അക്ഷയ / സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ  eKYC ചെയ്യേണ്ടതാണ്.

date