വയോജനങ്ങൾക്ക് ഓണക്കോടിയുമായി പി.വി. ശ്രീനിജിൻ എം.എൽ.എ
ഓണക്കാലത്ത് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വയോജനങ്ങൾക്ക് സ്നേഹ സമ്മാനവുമായി പി.വി. ശ്രീനിജിൻ എം.എൽ.എ. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി നിർധനരായ 100 വയോജനങ്ങൾക്ക് ഓണക്കോടി നൽകാനാണ് തീരുമാനം. കുടുംബശ്രീയുടെ സഹായത്തോടെയാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ നടക്കും.
കുടുംബശ്രീയുടെ സ്നേഹിത കോളിംഗ് ബെൽ പദ്ധതിയുടെ ഭാഗമായി സി.ഡി.എസുകൾ നടത്തിയ സർവ്വേയിൽ കണ്ടെത്തിയവർക്കാണ് ഓണക്കോടി നൽകുന്നത്. ഇതിൽ 93 സ്ത്രീകളും ഏഴ് പുരുഷൻമാരുമാണുള്ളത്. ബന്ധുമിത്രാദികളുടെ ഉൾപ്പടെ സഹായങ്ങളില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവർക്കാണ് സ്നേഹ സമ്മാനം എത്തുന്നത്.
പൂത്തൃക്ക പഞ്ചായത്തിൽ 27 പേർക്കും തിരുവാണിയൂരിൽ 18 പേർക്കും മഴുവന്നൂരിൽ 16 പേർക്കുമാണ് ഓണക്കോടി നൽകുന്നത്. കുന്നത്തുനാട് (14), വാഴക്കുളം (11), ഐക്കരനാട് (എട്ട്) വടവുകോട് പുത്തൻകുരിശ് (ഏഴ്) എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്തിട്ടുള്ളവരുടെ എണ്ണം.
എം.എൽ.എയുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ അതാത് സി.ഡി.എസുകൾ വഴിയാണ് ഇവർക്കുള്ള വസ്ത്രങ്ങൾ വിതരണം ചെയ്യുന്നത്. തുടർന്നും ഇവർക്ക് വേണ്ട സംരക്ഷണം നൽകുന്നതിനുള്ള കാര്യങ്ങൾ കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കുമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ. പറഞ്ഞു.
- Log in to post comments