ആർപ്പോ 2022: രണ്ടാം ദിനം ഓണ കവിയരങ്ങും ബീച്ച് വടംവലിയും
വൈപ്പിൻ മണ്ഡലത്തിലെ ഓണാഘോഷമായ ടൂറിസം മേള ആർപ്പോ 2022 ന്റെ രണ്ടാം ദിനം പ്രസന്നമാക്കി ഓണ കവിയരങ്ങ്. എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ ഒരു പകൽ മുഴുവൻ നീണ്ടു നിന്ന കവിയരങ്ങിൽ 94 ഓണ കവിതകൾ അവതരിപ്പിച്ചു.
ഗ്രെയ്റ്റർ കൊച്ചി കൾച്ചറൽ ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഓണ കവിയരങ്ങിനു മുന്നോടിയായ സമ്മേളനം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ സാജിത്ത് ഉദ്ഘാടനം ചെയ്തു. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ അധ്യക്ഷനായി. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഓണ സന്ദേശം നൽകി. മട്ടാഞ്ചേരി ഹെറിറ്റേജ് ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. പി. രവീന്ദ്രനാഥ് മുഖ്യാതിഥിയായി. കനകശ്രീ അവാർഡ് ജേത്രിയായ കവയിത്രി ചിത്തിര കുസുമൻ, ഫോറം പ്രസിഡന്റ് ഷൈൻ ആന്റണി, കെ.എസ് ജിജോ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം കുഴുപ്പിള്ളി ബീച്ചിൽ പുരുഷ - വനിത വടംവലി മത്സരം നടന്നു. പ്രാഥമിക റൗണ്ടിൽ പുരുഷൻമാരുടെ എട്ടും വനിതകളുടെ നാലും ടീമുകൾ മത്സരിച്ചു. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രെയ്റ്റർ കൊച്ചി സ്പോർട്ട്സ് ഫോറം പ്രസിഡന്റ് ഡോ. സജീവ് ജോസ് നേതൃത്വം നൽകി.
മേളയിൽ നാളെ (സെപ്റ്റംബർ 4) രാവിലെ ഒൻപതു മുതൽ എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നാട്ടുകാരായ പ്രതിഭകളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഗ്രാമോത്സവം വരാപ്പുഴ അതിരൂപത അത്മായ കമ്മീഷൻ ചെയർമാൻ ഫാ. മാർട്ടിൻ തൈപറമ്പിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചു മുതൽ കുഴുപ്പിള്ളി ബീച്ചിൽ ഗാനമേള, സംസ്കൃത സർവ്വകലാശാല വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങളും ഗസൽ രാവും നടക്കും.
- Log in to post comments