എരിപൊരി വിഭവങ്ങളുടെ നോര്‍ത്തിന്ത്യന്‍ സ്റ്റാൾ; രുചി വൈവിധ്യങ്ങളുടെ മേളയായി ഓണം ട്രേഡ് ഫെയർ
തിളച്ച എണ്ണയില്‍ വറുത്തു കോരുന്ന മണം പരന്നൊഴുകുന്ന വൈകുന്നേരങ്ങള്‍. കണ്ണിന് കാഴ്ചയുടെ പൂരം മാത്രമല്ല നാവിന് നല്ല വടക്കേ ഇന്ത്യന്‍ രുചിക്കൂട്ട് കൂടി പകരുന്നുണ്ട് ഓണമേള. നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകുന്ന ഒട്ടേറെ വിഭവങ്ങള്‍ ഇത്തവണ മേളയിലെ ഫുഡ് കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.
പാവ്ബാജി, പാനി പൂരി, വിവിധ തരം ബജികള്‍, മസാല പോപ് കോണ്‍, കോളി ഫ്ളവര്‍ ഫ്രൈ, സ്വീറ്റ് കോണ്‍ വിഭവങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം സ്റ്റാള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്വന്തം നാടിന്റെ രൂചി ആസ്വദിക്കാന്‍ അതിഥി തൊഴിലാളികള്‍ എത്തുന്നതും സ്റ്റാളിലെ സ്ഥിരം കാഴ്ചയാണ്.
മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട വിഭവങ്ങള്‍ കൂടിയായതിനാല്‍ വൈകുന്നേരങ്ങളില്‍ നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളില്‍ മറ്റിടങ്ങളിലുള്ളതിനെക്കാൾ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ തൊഴിലാളികള്‍ ആവശ്യത്തിനുള്ളതിനാല്‍ അക്ഷമരായി അധികനേരം കാത്ത് നില്‍ക്കേണ്ടി വരില്ല. പുതിയ രുചികള്‍ തേടുന്നവര്‍ക്ക് നാടന്‍ വിഭവങ്ങള്‍ക്കൊപ്പം ധൈര്യമായി ഈ വിഭവങ്ങള്‍ കൂടി പരീക്ഷിക്കാം.
- Log in to post comments