Skip to main content

കാർഷിക മേഖലയുടെ സ്വയം പര്യാപ്തതക്ക് വൈക്കം എന്നും മാതൃക: സി. കെ. ആശ എം.എൽ.എ

 

വൈക്കം : കാർഷിക മേഖലയുടെ സ്വയം പര്യാപ്തതക്കു വൈക്കം എന്നും മാതൃകയെന്ന് സി. കെ. ആശ എം എൽ എ. കാർഷിക വികസന കർഷക ക്ഷേമവകുപ്പും ഹോർട്ടി കോർപ്പും കൃഷി ഭവനുകളുടെ  നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തുകൾ തോറും നടത്തുന്ന ഓണം വിപണിയുടെ ജില്ലാ തല ഉദ്ഘാടനം തലയാഴം ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു എം എൽ എ. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ കെ കെ രഞ്ജിത്ത്  ആദ്യ വിൽപന നടത്തി. 
ഓണ വിപണിയുടെ ഭാഗമായി കൃഷിഭവൻ വഴി കർഷകരിൽ നിന്നും ഉത്പന്നങ്ങൾ 10 ശതമാനം വില കൂട്ടി സംഭരിച്ച് 30 ശതമാനം വില കുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഓണക്കാലത്ത് പഴം, പച്ചക്കറി ഉത്പന്നങ്ങളുടെ വിപണി വില നിയന്ത്രിക്കുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ്  പഴം, പച്ചക്കറി വിപണികൾ സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ ജില്ലയിൽ 86 വിപണികളാണ് ഒരുക്കുന്നത്.  സെപ്റ്റംബർ ഏഴ് വരെയാണ് വിപണി.
 തലയാഴം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി എൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ സിനി സലി, വികസനകാര്യ സ്ഥിരം സമതി അധ്യക്ഷൻ രമേശ്‌ പി ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം സുജാത മധു, ഗ്രാമപഞ്ചായത്തംഗം ഷീജ ബൈജു, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫിസർ ഗീത വർഗീസ്, വൈക്കം ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഡയറക്ടർ പി പി ശോഭ, തലയാഴം കൃഷി ഓഫിസർ രേഷ്മ ഗോപി എന്നിവർ പങ്കെടുത്തു.

date