പാട്ടു പാടിയും കഥകൾ പറഞ്ഞും വയോമിത്രം ഓണാഘോഷം
കോട്ടയം: പാട്ട് പാടിയും കഥകൾ പറഞ്ഞും സന്തോഷം പങ്കിട്ടും ഏറ്റുമാനൂർ എസ്.എഫ്.എസ് സ്കൂളിൽ വയോജനങ്ങളുടെ ഓണാഘോഷം. ഏറ്റുമാനൂർ നഗരസഭയും കേരള സാമൂഹ്യ സുരക്ഷാമിഷനും വയോജനങ്ങൾക്കായ് സംഘടിപ്പിച്ച വയോമിത്രം ഓണാഘോഷം 'ആഘോഷ് 2022 ' എസ്.എഫ്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സാംസ്കാരിക, സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വാർധക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കാനും അവരോട് സ്നേഹ ആദരവ് കാട്ടാൻ മക്കൾ താല്പര്യം കാണിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വയോജനങ്ങൾക്ക് മന്ത്രി ആദരവ് അർപ്പിച്ചു. അവരുടെ രചനകൾ അടങ്ങിയ "സ്വപ്നങ്ങൾ കുടചൂടുമ്പോൾ " എന്ന മാസിക എഡിറ്റർ ടി. എ. മണിയുടെ കയ്യിൽനിന്ന് ഏറ്റുവാങ്ങി പ്രകാശിപ്പിച്ചു . ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് പടികര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വിജി ജോർജ്ജ്, അജിത ഷാജി, ഡോ. എസ്. ബീന, നഗരസഭാ ഗംഗങ്ങൾ , എസ്.എഫ്. എസ് സ്കൂൾ മാനേജർ ഫാ. ജോസ് പറപ്പള്ളി, സി.ഡി.എസ് ചെയർപെഴ്സൺ അമ്പിളി ബേബി, വയോമിത്രം കോ-ഓർഡിനേറ്റർ ട്രീസാ ജോസഫ് , വയോമിത്ര ഡോക്ടർ ആർ. നിധിൻ , വയോമിത്ര അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments